X
    Categories: indiaNews

ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം തരില്ല; സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കടമെടുക്കാമെന്ന് കേന്ദ്ര ധനമന്ത്രാലയം

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പാക്കിയതു വഴി സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം നികത്തുമെന്ന വ്യവസ്ഥ കോവിഡ് പ്രതിസന്ധിക്കിടയില്‍ പാലിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കു വേണമെങ്കില്‍ കൂടുതല്‍ കടമെടുക്കാമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

സാമ്പത്തിക പ്രയാസത്തിനിടയില്‍ ജിഎസ്ടി കുടിശിക ഏറ്റവും പെട്ടെന്ന് അനുവദിച്ചു കിട്ടണമെന്ന് സംസ്ഥാനങ്ങള്‍ വാദിക്കുന്നതിനിടയിലാണ് വ്യാഴാഴ്ച നടന്ന ജിഎസ്ടി കൗണ്‍സിലില്‍ ധനമന്ത്രിയുടെ പുതിയ നിര്‍ദേശം. പണഞെരുക്കത്തിനിടയില്‍ കൂടുതല്‍ ബാധ്യത കയറ്റിവെക്കുന്ന നിര്‍ദേശമാണിതെന്നും കേന്ദ്രം തീരുമാനം അടിച്ചേല്‍പിക്കുകയാണെന്നും പ്രതിപക്ഷ സംസ്ഥാനങ്ങള്‍ കുറ്റപ്പെടുത്തി.

സാധാരണ സാഹചര്യങ്ങളിലാണ് ജിഎസ്ടി നഷ്ടപരിഹാരതുക നല്‍കാന്‍ കേന്ദ്രത്തിന് ബാധ്യതയെന്ന വാദമാണ് ധനമന്ത്രി ഉയര്‍ത്തിയത്. കോവിഡിന്റെ അസാധാരണ സാഹചര്യത്തില്‍ നിയമവ്യവസ്ഥകള്‍ അതേപടി പാലിക്കാന്‍ പറ്റില്ലെന്ന വാദമാണ് കേന്ദ്ര സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പെട്ട യോഗത്തില്‍ കേന്ദ്രം നടത്തിയത്.

2.35 ലക്ഷം കോടിയുടെ വരുമാന നഷ്ടമാണ് കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനങ്ങള്‍ക്ക് നടപ്പുവര്‍ഷം ഉണ്ടാകാന്‍ പോകുന്നതെന്നാണ് കണക്ക്. ഇതില്‍ ജിഎസ്ടി നടത്തിപ്പു വഴി നഷ്ടം 97,000 കോടി മാത്രമാണ്. നികുതി നിരക്കുകള്‍ കൂട്ടാനാവില്ല. നഷ്ടപരിഹാരതുക കേന്ദ്ര ഖജനാവില്‍ നിന്ന് എടുത്തു നല്‍കാനോ വായ്പ എടുത്തു സംസ്ഥാനങ്ങള്‍ക്കു നല്‍കാനോ സാധിക്കില്ല. ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശവും യോഗത്തില്‍ മന്ത്രി എടുത്തുകാട്ടി.

ജിഎസ്ടി നടപ്പാക്കുന്നതു വഴിയുള്ള നഷ്ടം അഞ്ചുവര്‍ഷത്തേക്ക് നികത്തിക്കൊടുക്കാമെന്നു മാത്രമാണ് കേന്ദ്രത്തിന്റെ വാക്ക്. കോവിഡ് വഴിയുള്ള സാമ്പത്തിക പ്രതിസന്ധി മൂലമുള്ള പണ ഞെരുക്കം മറ്റൊരു വിഷയമാണെന്ന് ധനമന്ത്രി വാദിച്ചു. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ വായ്പയെടുക്കാം. ജിഎസ്ടി സെസില്‍ നിന്ന് അഞ്ചുവര്‍ഷത്തിനു ശേഷം തിരിച്ചടച്ചാല്‍ മതി. ഒന്നുകില്‍ ജിഎസ്ടി ഇനത്തിലുള്ള 97,000 രൂപ വായ്പയെടുക്കാം. അല്ലെങ്കില്‍ മൊത്തം വരുമാന നഷ്ടമായ 2.35 ലക്ഷം കടമെടുക്കാം. ഇക്കാര്യത്തില്‍ ഒരാഴ്ചക്കകം തീരുമാനം അറിയിക്കണം. രണ്ടില്‍ ഏതു തീരുമാനം അംഗീകരിച്ചാലും ജിഎസ്ടി സെസ്, ജിഎസ്ടി അഞ്ചുവര്‍ഷം പിന്നിട്ട ശേഷവും തുടരുമെന്നാണ് അര്‍ഥമെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ജിഎസ്ടി കുടിശിക നല്‍കാന്‍ വേണ്ട തുക കേന്ദ്രം വായ്പയെടുത്ത് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

web desk 1: