X

ശീതകാല സമ്മേളനം തുടങ്ങുന്നത് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 15ന് തുടങ്ങും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ ക്യാബിനറ്റ് കമ്മിറ്റി യോഗമാണ് സമ്മേളനത്തിന്റെ സമയക്രമത്തിന് അംഗീകാരം നല്‍കിയത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ശീതകാല സമ്മേളനം മോദി സര്‍ക്കാര്‍ ബോധപൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന ആരോപണം ശരിവെക്കുന്നതാണ് സമയക്രമം. ഗുജറാത്ത് തെരഞ്ഞെടുപ്പ് അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്.

ജനുവരി അഞ്ചു വരെയാണ് സഭ ചേരുന്നത്. നോട്ടു നിരോധനവും തിടുക്കപ്പെട്ട് ജി.എസ്.ടി നടപ്പാക്കിയതും കാരണം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളും വെള്ളിത്തിരയില്‍ വരെ എത്തിനില്‍ക്കുന്ന അസഹിഷ്ണുതയുമെല്ലാം സര്‍ക്കാറിനെതിരെ ആയുധമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍. പാര്‍ലമെന്റില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നത് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന ഭയം കൊണ്ടാണ് സര്‍ക്കാര്‍ സഭാ സമ്മേളനം വൈകിപ്പിക്കുന്നതെന്നായിരുന്നു ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രാഷ്ട്രപതിയെ കാണുകയും ചെയ്തിരുന്നു.

ഗുജറാത്തിനു പിന്നാലെ കര്‍ണാടകയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ വൈകി ആരംഭിച്ചാലും ശീതകാല സമ്മേളനം മോദി സര്‍ക്കാറിന് വലിയ വെല്ലുവിളിയായിരിക്കും ഉയര്‍ത്തുക. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ഐക്യം മുമ്പത്തേക്കാള്‍ ശക്തിയാര്‍ജ്ജിച്ച പശ്ചാത്തലത്തില്‍ പ്രത്യേകിച്ച്.

സഭാ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി യോഗശേഷം പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ പറഞ്ഞു.

chandrika: