X

ഗുജറാത്ത് തെരഞ്ഞെടുപ്പ്; മുസ്‌ലിംകള്‍ ആര്‍ക്കൊപ്പം?

ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുസ്‌ലിംകള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന ആശയക്കുഴപ്പത്തിലാണ്.
എന്നാല്‍ നിലവിലെ സാഹചര്യം മുസ്‌ലിംകള്‍ക്ക് കോണ്‍ഗ്രസ്സില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ കുറവല്ലെന്നാണ് വിലയിരുത്തപ്പടുന്നത്. ഒറ്റപ്പെട്ട് കഴിയുന്ന ഗുജറാത്തിലെ മുസ്‌ലിംകള്‍ ആര്‍ക്കുവോട്ടുചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, മരാഹാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്തിലെ മുസ്‌ലിംകള്‍ അരികുവല്‍ക്കരിക്കപ്പെട്ട സമൂഹമാണ്. സംസ്ഥാനത്ത് ജനസംഖ്യയുടെ 9ശതമാനമാണ് മുസ്‌ലിം വോട്ടര്‍മാര്‍ വരുന്നത്. നിലവില്‍ 182 സീറ്റുകളുള്ള നിയമസഭയില്‍ രണ്ടു മുസ്‌ലിം എം.എല്‍.മാരാണുള്ളത്. ബി.ജെ.പിയും കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ വലിയ വ്യത്യാസങ്ങളൊന്നും ഈ സമൂഹത്തോട് കാണിക്കുന്നവരല്ലെന്നാണ് ഗുജറാത്ത് രാഷ്ട്രീയം മനസ്സിലാക്കിത്തരുന്നത്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ 18 പേര്‍ നിയമസഭയിലേക്കെത്തേണ്ട സ്ഥാനത്ത് 2007-ല്‍ അഞ്ച് മുസ്‌ലിം എം.എല്‍.എമാര്‍ മാത്രമാണുണ്ടായിരുന്നത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ അഞ്ചുപേര്‍ മത്സരിച്ചിരുന്നുവെങ്കിലും രണ്ടുപേര്‍ വീതമാണ് സഭയിലെത്തിയത്.

2002-ലെ കലാപത്തിനു ശേഷമുള്ള ഗുജറാത്തില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും മുസ്‌ലിം വോട്ടിംങ് ശതമാനം കുറഞ്ഞുവരുന്നതായാണ് കണക്ക്. അരികുവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ വേണ്ട രീതിയില്‍ മുന്നോട്ട് നയിക്കാന്‍ ഒരുപാര്‍ട്ടിയും തയ്യാറാവുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം. നിലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ അസ്വസ്ഥരാണ് ഗുജറാത്തിലെ മുസ്‌ലിംകള്‍. എന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഗുജറാത്ത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തില്‍ മുസ്ലിംങ്ങള്‍ പ്രതീക്ഷയിലാണ്. ബറൂച്ച്, സൂററ്റ്, അഹമ്മദാബാദ്, വഡോദര, മെഹ്‌സാന,മോര്‍ബി,രാജ്‌കോട്ട് തുടങ്ങി മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലുള്ളവര്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്നുണ്ട്. രാഹുല്‍ഗാന്ധിയുടെ റാലിയില്‍ ജനപങ്കാളിത്തം കൂടിയതും മോദിയുടെ റാലിയില്‍ കുറഞ്ഞതും ശ്രദ്ധേയമായിരുന്നു. ഹാര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവ്‌നാനി, അല്‍പേഷ് താക്കൂര്‍ എന്നിവരുമായി മുന്നോട്ട് പോകാനുള്ള രാഹുലിന്റെ തീരുമാനം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാണ്.

അതേസമയം, തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ, ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടേല്‍ അനാമത് ആന്ദോളന്‍ സമിതിയും (പാസ്) കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം മോശമായി. പട്ടികയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന് ആരോപിച്ച് പാസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കോണ്‍ഗ്രസ്സിന്റെ സൂററ്റിലെ ഇതോടെ ഇന്നലെ നടക്കാനിരുന്ന കോണ്‍ഗ്രസുമായുള്ള ധാരണ പ്രഖ്യാപിക്കേണ്ടിയിരുന്ന രാജ്‌കോട്ടിലെ റാലി ഹര്‍ദിക് പട്ടേല്‍ മാറ്റി.

20 സീറ്റുകള്‍ ആവശ്യപ്പെട്ട സ്ഥാനത്ത് വെറും രണ്ടു സീറ്റുകള്‍ മാത്രമാണ് തങ്ങള്‍ക്ക് അനുവദിച്ചത് എന്നാണ് പാസിന്റെ ആരോപണം. ലളിത് വസോയ, അമിത് തുമ്മര്‍ എന്നീ നേതാക്കള്‍ക്കാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടം നല്‍കിയത്. വസോയ ധരോജി സീറ്റിലും തുമ്മാര്‍ ജുനാഗഥ് സീറ്റിലുമാണ് ജനവിധി തേടുന്നത്. അതേസമയം, പട്ടികയില്‍ മൊത്തം 18 പട്ടേല്‍ സമുദായക്കാരുണ്ട്. സൂറത്തിലും അഹമ്മദാബാദിലും ഇരുപക്ഷത്തെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും നടന്നിരുന്നു. സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് ഓഫീസും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് സൂറത്ത് സിറ്റി പാസ് കണ്‍വീനര്‍ ധര്‍മിക് മാളവ്യയുടെ ഭീഷണി.

chandrika: