X
    Categories: MoreViews

ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം; ബി.ജെ.പിയെ തുണച്ച് നഗരങ്ങള്‍

അഹമ്മദാബാദ്: ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നിന്നപ്പോള്‍ ബിജെപിയെ പിന്തുണച്ചത് നഗരങ്ങള്‍ മാത്രം. പാര്‍ട്ടിദാര്‍ ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലകളില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റം ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി. മുന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പം നിന്ന വടക്കന്‍ ഗുജറാത്തിലെ ഗ്രാമങ്ങള്‍ ഇത്തവണ മാറി ചിന്തിക്കുകയായിരുന്നു. ഗ്രാമങ്ങളില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍്ഗ്രസിനാണ്.

കാര്‍ഷിക മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന കച്ച്-സൗരാഷ്ട്ര മേഖലകളില്‍ കോണ്‍ഗ്രസ് പിടിമുറുക്കി. മികച്ച മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചത്. മുന്‍ തെരഞ്ഞെടുപ്പില്‍ കച്ഛില്‍ ആകെയുള്ള ആറ് സീറ്റുകളില്‍ അഞ്ചും ബിജെപി നേടിയിരുന്നു. എന്നാല്‍, ഇക്കുറി മൂന്ന് -മൂന്ന് എന്നാണ് സീറ്റ് നില. 48 ബിജെപി സീറ്റുകളുണ്ടായിരുന്ന സൗരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഇക്കുറി നേടിയത് മുപ്പതോളം സീറ്റുകള്‍. വടക്കന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് വീണ്ടും നില മെച്ചപ്പെടുത്തി. 17 സീറ്റുകളില്‍ നിന്നു് 20 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസിന്റ നേട്ടം. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നഗര പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മധ്യ-തെക്കന്‍ ഗുജറാത്ത് ബിജെപിയ്‌ക്കൊപ്പം ഉറച്ചു നിന്നു. കഴിഞ്ഞ തവണ നേടിയ 37 സീറ്റുകളില്‍ എത്താനായില്ലെങ്കിലും മേല്‍ക്കൈ നിലനിര്‍ത്താന്‍ ബിജെപിയ്ക്കായി. തെക്കന്‍ ഗുജറാത്തും വഡോദരയുമാണ് ബിജെപിയ്ക്ക് തുണയായത്.

ട്രൈബല്‍ ജില്ലകളും കോണ്‍ഗ്രസിനൊപ്പം നിന്നു. ഖേദാ ജില്ലയില്‍ കോണ്‍ഗ്രസിനായിരുന്നു മുന്നേറ്റം. നര്‍മദ അടക്കമുള്ള ജില്ലകളില്‍ ബിജെപി ഏറെ മങ്ങി. കോണ്‍ഗ്രസ്-ഭാരതീയ ട്രൈബല്‍ പാര്‍ട്ടി സഖ്യമാണ് ഇവിടെ വിജയം നേടിയത്. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളാണ് ബിജെപിയെ ഗ്രാമങ്ങളില്‍ നിന്നും അകറ്റിയത്. വസ്ത്ര വ്യാപാര തൊഴിലാളികള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം കാഴ്ചവയ്ക്കാനായി.

chandrika: