X
    Categories: indiaNews

ഞങ്ങള്‍ ദേശവിരുദ്ധരല്ല; ബി.ജെ.പി വിരുദ്ധര്‍; നിലപാട് വ്യക്തമാക്കി കാശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍-ഫാറൂഖ് അബ്ദുള്ള ഗുപ്കാര്‍ സഖ്യ അധ്യക്ഷന്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുന്നതിനായുള്ള പോരാട്ടത്തിന് വിവിധ രാഷ്ട്രീയകക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച ഗുപ്കാര്‍ സഖ്യത്തിന്റെ അധ്യക്ഷനായി മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ തെരഞ്ഞെടുത്തു. പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലേറഷന്‍ എന്നാണ് സഖ്യത്തിന്റെ പേര്. ജമ്മു കശ്മീരിന്റെ പഴയ കൊടിയാണ് സഖ്യത്തിന്റെ ചിഹ്നമായി തെരഞ്ഞെടുത്തിരിക്കുന്നത്. നാഷണല്‍ കോണ്‍ഫ്രന്‍സ്, പിഡിപി, സിപിഎം തുടങ്ങിയ ആറ് പാര്‍ട്ടികള്‍ ചേര്‍ന്നാണ് സഖ്യം.

സഖ്യം ദേശവിരുദ്ധരാണെന്ന പ്രചരണം ഒരുകൂട്ടര്‍ നടത്തുന്നുണ്ട്. എന്നാല്‍ അത് സത്യമല്ല. ഞങ്ങള്‍ ബി.ജെ.പി വിരുദ്ധരാണ് എന്നതാണ് വാസ്തവം. അതിനര്‍ത്ഥം ദേശവിരുദ്ധര്‍ എന്നല്ല, തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗുപ്കാര്‍ അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം തങ്ങള്‍ പരാജയപ്പെടുമെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ബി.ജെ.പി രാജ്യത്തേയും ഭരണഘടനയേയും നശിപ്പിച്ചു. ജമ്മു കശ്മീരിനേയും ജനങ്ങളുടെ അവകാശത്തേയും തിരികെ കൊടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയാണ് ഗുപ്കാര്‍ സഖ്യത്തിന്റെ വൈസ് പ്രസിഡണ്ട്. ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ല്യോണിനാണ് വക്താവ് സ്ഥാനം.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്. ഈ വര്‍ഷം ആഗസ്റ്റ് 22 നാണ് കശ്മീരില്‍ ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുകിട്ടണമെന്നാണ് ആവശ്യവുമായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി)യുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ലയാണ് സഖ്യ പ്രഖ്യാപനം നടത്തിയത്. ഒക്ടോബര്‍ 15 ന് ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സഖ്യത്തിന്റെ പേര് പ്രഖ്യാപിച്ചത്. 14 മാസത്തെ വീട്ടുതടങ്കലില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മോചിതയായതിന് പിന്നാലെയായിരുന്നു യോഗം.

2019 ആഗസ്റ്റ് അഞ്ചിനു മുമ്പ് കശ്മീരിലെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്ന അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത യോഗത്തിനുശേഷം ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു.

നാഷണല്‍ കോണ്‍ഫറന്‍സിനും പി.ഡി.പിയ്ക്കും പീപ്പിള്‍സ് കോണ്‍ഫറന്‍സിനും പുറമെ പീപ്പിള്‍സ് മൂവ്മെന്റ്, സി.പി.ഐ.എം എന്നീ കക്ഷികളും സഖ്യത്തില്‍ പങ്കാളികളാണ്.സഖ്യത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തത്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370, ഇതിന്റെ ഭാഗമായുള്ള ആര്‍ട്ടിക്കിള്‍ 35എ എന്നിവയാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ബില്ലിലൂടെ 2019 ആഗസ്റ്റ് അഞ്ചിന് റദ്ദാക്കിയത്. കശ്മീരിലെ പ്രത്യേക ഭരണഘടന, പ്രത്യേക ശിക്ഷാ നിയമം, സ്വത്തവകാശ നിയമം, വിവാഹ നിയമം എന്നിവ അനുവദിക്കുന്നതായിരുന്നു ആര്‍ട്ടിക്കിള്‍ 370. ഇതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കി.

ആര്‍ട്ടിക്കിള്‍ 370 പ്രകാരം പതാകയും പ്രത്യേക പദവിയും പുന:സ്ഥാപിക്കുന്നതുവരെ ജമ്മു കാശ്മീരില്‍ ദേശീയ പതാക ഉയര്‍ത്തില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

 

chandrika: