X

ആ വീഡിയോയിലെ പെണ്‍കുട്ടി ഗുര്‍മെഹര്‍ അല്ല; സംഘ് പരിവാറിന്റെ മറ്റൊരു കഥ കൂടി പൊളിയുന്നു

സഘ്പരിവാറിന്റെ വേട്ടയാടലിന് കഴിഞ്ഞ ആഴ്ച്ചയില്‍ ഇരയായത് ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായ ഗുര്‍മെഹറായിരുന്നു. എ.ബി.വി.പിക്കെതിരായ ക്യാപെയ്‌നിലൂടെയാണ് സംഘ്പരിവാര്‍ ശക്തികളുടെ ശത്രുവായി ഈ വിദ്യാര്‍ത്ഥിനി മാറിയത്. എ.ബി.വി.പിയുടെ നടപടികള്‍ക്കെതിരെ അതിശക്തമായി വിമര്‍ശനവുമായി രംഗത്തെത്തിയ ഗുര്‍മെഹര്‍ പാക്കിസ്താനല്ല തന്റെ അച്ഛനെ കൊന്നതെന്നും യുദ്ധമാണ് തന്റെ അച്ഛനെ കൊലപ്പെടുത്തിയത് എന്നുഴുതിയ പ്ലക്കാര്‍ഡുമായും രംഗത്തെത്തി. കാശ്മീര്‍ യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ സൈനികന്റെ മകളാണ് ഗുര്‍മെഹര്‍ കൗര്‍. ഇതില്‍ പ്രകോപിതരായ സംഘ്പരിവാര്‍ ഗുര്‍മെഹറിനെതിരെ ബലാത്സംഗഭീഷണി മുഴക്കിയിരുന്നു. സമ്മര്‍ദ്ദത്തെ അതീജീവിച്ച് പിന്നീട് ഗുര്‍മെഹര്‍ കാംപെയ്‌നില്‍ നിന്നും പിന്‍മാറുകയും തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചും രംഗത്തെത്തി. എന്നാല്‍ ക്യാംപെയ്‌നില്‍ നിന്നും പിന്‍മാറിയ ഗുര്‍മെഹറിനെ പിന്നെയും സംഘ്ശക്തികള്‍ പിന്തുടര്‍ന്നു. ഒരു പെണ്‍കുട്ടി മദ്യപിച്ച് കാറില്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് ഇത്തവണ അവര്‍ എത്തിയിരിക്കുന്നത്. അത് ഗുര്‍മെഹറാണെന്നാണ് അവരുടെ പ്രചരണം.

ഇതിനോടകം സോഷ്യല്‍മീഡിയയിലടക്കം വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചുകഴിഞ്ഞു. ഇതിന് വലിയ രീതിയില്‍ വിമര്‍ശനവും നേരിടേണ്ടിവരുന്നുണ്ട്. ഇങ്ങനെയാണോ നല്ല പെണ്‍കുട്ടികള്‍ എന്ന രീതിയിലൊക്കെയുള്ള കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സെപ്റ്റംബറില്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത മറ്റൊരു പെണ്‍കുട്ടിയുടെ വീഡിയോ ആണിത്.

ആ പെണ്‍കുട്ടി ആരാണെന്നും വ്യക്തമല്ല. ഇപ്പോള്‍ അതാണ് ഗുര്‍മെഹറിന്റേതാണെന്ന വ്യാജേന പ്രചരിക്കുന്നത്. ആ വീഡിയോ തന്നെ ഗുര്‍മെഹറിന്റേതാണെന്ന രീതിയില്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുകയാണ് ചിലര്‍. വിക്രം ഭാനുശാലി എന്നയാളാണ് ഇത് ഫേസ്ബുക്കില്‍ ആദ്യമായി പോസ്റ്റ് ചെയ്ത് ഗുര്‍മെഹറിനെ അധിക്ഷേപിച്ചിരിക്കുന്നത്.

ഫേസ്ബുക്കിലും വാട്‌സ് അപ്പിലും പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ തന്റെ മകളുടേതല്ലെന്ന് വ്യക്തമാക്കി അമ്മ രജിവീന്ദര്‍ രംഗത്തെത്തിയിട്ടുണ്ട്. അത് വ്യാജവീഡിയോ ആണെന്നും അവര്‍ പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ മന:പ്പൂര്‍വ്വം യു ട്യൂബില്‍ വീണ്ടും അപ്‌ലോഡ് ചെയ്ത് ഗുര്‍മെഹറിനെ അധിക്ഷേപിക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമം ഇതോടെ പൊളിയുകയായിരുന്നു.

നേരത്തെ പെണ്‍കുട്ടിയുടെ പ്ലക്കാര്‍ഡേന്തിയ ചിത്രത്തിന് പരിഹാസവുമായി ക്രിക്കറ്റ് താരം വീരേന്ദ്രര്‍ സെവാഗ് രംഗത്തെത്തിയിരുന്നു. സെവാഗിനെ വിമര്‍ശിച്ച് ഗൗതം ഗംഭീറും രംഗത്തെത്തിയപ്പോള്‍ പിന്നീട് സെവാഗ് തിരുത്തിയിരുന്നു.

chandrika: