X

ഹബീബ് സ്റ്റുഡന്റ് കേഡറ്റ്, 1000 കേഡറ്റുകളുടെ രെജിസ്ട്രേഷൻ പൂർത്തിയായി

തെക്കൻ കേരളത്തിലേക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന സ്വപ്ന പദ്ധതിയായ ഹബീബ് സ്റ്റുഡന്റ് കേഡറ്റ് രെജിസ്ട്രേഷൻ പൂർത്തിയായി. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകൾക്ക് പ്രത്യേകം നിശ്ചയിച്ച ക്വാട്ടയുടെ അടിസ്ഥാനത്തിലായിരുന്നു രെജിസ്ട്രേഷൻ നടന്നത്. കഴിഞ്ഞ 26ന് ആരംഭിച്ച രെജിസ്ട്രേഷൻ ഇന്നലെ അവസാനിച്ചു. തെക്കൻ ജില്ലകളിലെ സംഘടനാ ചലനങ്ങൾക്ക് ഊർജ്ജം പകരാൻ ആദ്യഘട്ടമെന്ന നിലയിൽ 1000 കേഡറ്റ്മാരെയാണ് രെജിസ്ട്രേഷൻ നടത്തിയത്.

രെജിസ്ട്രേഷന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ തന്നെ ജില്ലകൾ ക്വാട്ട പൂർത്തീകരിച്ചിരുന്നു. രെജിസ്ട്രേഷനിൽ ആലപ്പുഴ ജില്ല ആദ്യം ക്വാട്ട പൂർത്തീകരിച്ചു. ഇടുക്കി ജില്ല രണ്ടാമതും പത്തനംതിട്ട ജില്ല മൂന്നാമതുമായി ക്വാട്ട പൂർത്തീകരിച്ചു. പിന്നീട് തിരുവനന്തപുരം, കോട്ടയം,കൊല്ലം, തൃശ്ശൂർ, എറണാകുളം എന്നിവരും നൂറ് ശതമാനം രെജിസ്ട്രേഷൻ പൂർത്തിയാക്കി. ജില്ലകളെല്ലാം രെജിസ്ട്രേഷനിൽ നിശ്ചിത ക്വാട്ടയും മറിക്കടന്നു.

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി വെബ്സൈറ്റ് വഴിയാണ് രെജിസ്ട്രേഷൻ നടന്നത്. കേഡറ്റ് അംഗങ്ങൾക്ക് നൽകേണ്ട വിവരങ്ങളുടെ ഫോം നൽകുകയും, അത് പൂർത്തീകരിച്ച് സംസ്ഥാന കമ്മിറ്റി വെബ്സൈറ്റിൽ സബ്മിറ്റ് ചെയ്യുകയും തുടർന്ന് പരിശോധന നടത്തി സംസ്ഥാന കമ്മിറ്റി കേഡറ്റ് അംഗങ്ങൾക്ക് രെജിസ്ട്രേഷൻ നമ്പറും ഡിജിറ്റൽ ഐഡി കാർഡും നൽകുന്ന രീതിയിലാണ് രെജിസ്ട്രേഷൻ പൂർത്തീകരിച്ചത്.

സംസ്ഥാനത്ത് ആയിരം ഹബീബ് കേഡറ്റ് അംഗങ്ങൾക്ക് കീഴിൽ നാല് ആക്റ്റീവ് അംഗങ്ങൾ വരുന്ന ക്രമത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ രണ്ടാമെത്തെ ഘട്ടമെന്ന നിലയിൽ കേഡറ്റുകൾക്ക് കീഴിലെ നാല് ആക്റ്റീവ് അംഗങ്ങളുടെ രെജിസ്ട്രേഷനുള്ള ഒരുക്കങ്ങൾ സംസ്ഥാന എം.എസ്.എഫ് കമ്മിറ്റി നടത്തിവരികയാണ്. അതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ്, ജന: സെക്രട്ടറി, ട്രഷറർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ മേഖലകളാക്കി തിരിച്ച് കേഡറ്റ് യാത്രയും നടക്കും. കേഡറ്റ് യാത്രയിലായിരിക്കും ആക്റ്റീവ് അംഗങ്ങളെ തെരഞ്ഞെടുക്കുക.

തെക്കൻ കേരളത്തിലെ സംഘടനാ ചലനങ്ങളെ കൂടുതൽ സജീവമാക്കുക എന്നതാണ് ഈ ചരിത്ര പദ്ധതിക്കൊണ്ട് എം.എസ്.എഫ് ലക്ഷ്യം വെക്കുന്നത്. ആ ചരിത്ര ചുവട് വെപ്പിന്റെ ആദ്യ ഘട്ടം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലകൾ പൂർത്തീകരിച്ചു. പദ്ധതിയുടെ പൂർത്തീകരണത്തോടെ തെക്കൻ ജില്ലകളിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം കൈവരുമെന്നും മുസ്‌ലിം ലീഗ് പാർട്ടിക്കും ഇത് വലിയ മുതൽ കൂട്ടാകുമെന്നും ഹബീബ് സ്റ്റുഡന്റ് കേഡറ്റ് പ്രൊജക്റ്റ് കോർഡിനേറ്റർ അഷ്ഹർ പെരുമുക്ക്, സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവർ പറഞ്ഞു.

webdesk13: