X

ഇഷ്ടപ്പെട്ടവരെ കാണാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും ലഭിച്ചില്ലെന്ന് ഹാദിയ

 

സേലം: സ്വാതന്ത്ര്യം കിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് ഹാദിയ. താന്‍ കോടതിയോട് സ്വാതന്ത്ര്യമാണ് ആവശ്യപ്പെട്ടത്. എനിക്ക് എന്റെ ഭര്‍ത്താവിനെ കാണണം. പക്ഷേ താന്‍ ഇപ്പോഴും സ്വതന്ത്രയല്ലെന്നതാണ് വസ്തുതയെന്നും ഹാദിയ പറഞ്ഞു.
എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ലഭിക്കുന്ന അടിസ്ഥാനപരമായ അവകാശങ്ങളാണ് താന്‍ ആവശ്യപ്പെടുന്നത്. ഇതിന് ജാതിയുടേയോ, രാഷ്ട്രീയത്തിന്റെയോ ബന്ധമില്ല. പഠിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. തനിക്ക് പ്രിയപ്പെട്ടവരെ കാണുകയും സംസാരിക്കുകയും വേണമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രമേ സേലത്ത് എത്തിയിട്ടുള്ളൂ, കോളജില്‍ എന്തൊക്കെ നിബന്ധനകളാണുള്ളതെന്ന് ഇപ്പോള്‍ അറിയില്ലെന്നും കോളജ് തടവറയാണോ എന്ന് രണ്ട് ദിവസത്തിന് ശേഷം മാത്രമേ പറയാനാവൂ. ഷെഫിന്‍ ജഹാന്‍ തന്റെ ഭാര്‍ത്താവാണോ അല്ലെന്നോ സുപ്രീം കോടതി പറഞ്ഞിട്ടില്ല. അദ്ദേഹത്തെ കാണാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും ഹാദിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ മാനസിക നില മോശമാണെന്നു പറയുന്നവര്‍ക്ക് ഇക്കാര്യത്തില്‍ പരിശോധന നടത്താമെന്നും ഹാദിയ പറഞ്ഞു. വീട്ടില്‍ കഴിഞ്ഞ സമയത്ത് പഴയ വിശ്വാസത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടന്നിരുന്നു. ഇതിനായി ശിവശക്തി യോഗ സെന്ററില്‍ നിന്നു കൗണ്‍സിലിങ്ങിനായി ചിലര്‍ വന്നു. പഴയ വിശ്വാസത്തിലേക്ക് തിരിച്ചു വന്നുവെന്ന് വ്യക്തമാക്കി വാര്‍ത്താ സമ്മേളനം നടത്താന്‍ അവര്‍ ആവശ്യപ്പെട്ടതായും കൗണ്‍സിലിങ്ങിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചെന്നും ഹാദിയ പറഞ്ഞു.
അതേ സമയം ഹാദിയയെ കാണാന്‍ പിതാവ് അശോകനെ മാത്രമേ അനുവദിക്കൂവെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്ന ശിവരാജ് ഹോമിയോപതിക് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ജി കണ്ണന്‍ ഇന്നലെ നിലപാട് മാറ്റി. കോടതി ഉത്തരവ് വായിച്ചൂവെന്നും ഹാദിയയെ കാണാന്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ അനുവദിക്കുമെന്നു പറഞ്ഞ അദ്ദേഹം ഹാദിയക്ക് ആവശ്യമുള്ള ആരെ കാണാനും അനുവദിക്കുമെന്നും വ്യക്തമാക്കി.

chandrika: