X
    Categories: MoreViews

നവംബര്‍ 27ന് വൈകീട്ട് മൂന്നിന് മുമ്പ് ഹാദിയയെ ഹാജരാക്കണം

ന്യൂഡല്‍ഹി: ഇസ്്ലാം മതത്തിലേക്കുള്ള പരിവര്‍ത്തനം, വിവാഹം എന്നിവ സംബന്ധിച്ച് ഹാദിയക്ക് പറയാനുള്ളത് നേരിട്ട് കേള്‍ക്കുമെന്നും ഇതിനായി നവംബര്‍ 27ന് വൈകീട്ട് മൂന്നു മണിക്ക് മുമ്പ് ഹാദിയയെ ഹാജരാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. മതപരിവര്‍ത്തനം, ഷെഫിന്‍ ജഹാനുമായുള്ള വിവാഹം എന്നിവ സ്വന്തം ഇഷ്ടപ്രകാരം ആയിരുന്നോ എന്ന് ഹാദിയയില്‍നിന്ന് അറിയുകയാണ് പ്രഥമ ലക്ഷ്യമെന്ന് കോടതി വ്യക്തമാക്കി. മകളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അവളുടെ വാക്കുകള്‍ പരമമായി കണക്കാക്കരുതെന്നുമുള്ള ഹാദിയയുടെ പിതാവ് അശോകന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി നിര്‍ദേശം.

വന്‍ സംഘടനാ സംവിധാനം ഉപയോഗപ്പെടുത്തി കേരളത്തില്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ തുറന്ന കോടതിക്കു പകരം ഹാദിയയെ അടച്ചിട്ട കോടതിമുറിയില്‍ വിസ്തരിക്കണമെന്നും അശോകനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ശ്യാം ദിവാന്‍ ആവശ്യപ്പെട്ടു. ഇത് വിവാഹവുമായി ബന്ധപ്പെട്ട വിഷയമാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. തുറന്ന കോടതിയില്‍ തന്നെ ഹാദിയയെ വിസ്തരിക്കുമെന്നും കോടതി പറഞ്ഞു.
വ്യക്തിയെ വിളിച്ചുവരുത്തി പറയാനുള്ളത് കേള്‍ക്കുക എന്നതാണ് പ്രഥമ ലക്ഷ്യം. ആ സമയത്ത് സ്വന്തം ഇഷ്ടപ്രകാരം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കില്ലെന്ന സംശയം തോന്നിയാല്‍, ഹാദിയയുടെ പിതാവിനും എന്‍.ഐ.എക്കും പറയാനുള്ളത് കേള്‍ക്കും. ഇതിനു ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും കോടതി പറഞ്ഞു.
ആസൂത്രിത നീക്കങ്ങളിലൂടെയും ഹിപ്‌നോട്ടിസത്തിലൂടെയുമാണ് ഹാദിയയുടെ മനം മാറ്റിയതെന്നും ഷെഫിന്‍ ജഹാന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും എന്‍.ഐ.എക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍സിങ് ആരോപിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളെ സ്‌നേഹിക്കരുതെന്നും വിവാഹം കഴിക്കരുതെന്നും ഏതെങ്കിലും നിയമത്തില്‍ പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ഇതിന് കോടതിയുടെ മറുചോദ്യം. പെണ്‍കുട്ടിയുടെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ അന്തിമമെന്നും കോടതി വ്യക്തമാക്കി.
ഇസ്്‌ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയയുടെ വിവാഹ ബന്ധം അസാധുവാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കുകയായിരുന്നു.

chandrika: