X

ഹാദിയ കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെ എന്‍.ഐ.എ സത്യവാങ്മൂലം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്‍.ഐ.എ ഐജി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മലപ്പുറം സ്വദേശികളായ ഫസല്‍ മുസ്തഫക്കും ഷിറിന്‍ ഷഹാനയും കേസില്‍ നിര്‍ണായക സാക്ഷികളാണെന്നും ഇവരെ കേസുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരും ഹാദിയ കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നതിന് മുമ്പ് ഇന്ത്യ വിട്ടതായും എന്‍.ഐ.എ പറയുന്നു.

ഇരുവരും നിലവില്‍ യമനിലാണെന്നാണ് സൂചന. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലം പറയുന്നു. ഫാസില്‍ മുസ്തഫയെ കുറിച്ച് കഴിഞ്ഞ ദിവസം ഹാദിയയുടെ പിതാവ് അശോകന്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എന്‍.ഐ.എ സത്യവാങ്മൂലം നല്‍കിയത്.

ഒരു ക്രിമിനലും തീവ്രവാദിയും എന്ന മുന്‍വിധിയോടെയാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ തന്നോട് പെരുമാറിയതെന്ന ഹാദിയയുടെ സത്യവാങ്മൂലത്തിലെ പരാമര്‍ശം തീര്‍ത്തും തെറ്റാണെന്നാണ് എന്‍.ഐ.എ പറയുന്നത്. ഇതുള്‍പ്പെടെ ഹാദിയ എന്‍.െഎ.എക്കെതിരെ നടത്തിയ ആരോപണങ്ങളെല്ലാം സത്യവാങ്മൂലത്തില്‍ എന്‍.െഎ.എ നിഷേധിച്ചിട്ടുണ്ട്. എന്‍.ഐ.എ നടത്തുന്ന അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ഹാദിയ കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെ എന്‍ഐഎ ഇന്ന് സുപ്രിം കോടതിയില്‍ സത്യവാങ്മൂലത്തിന് പുറമെ, മുദ്രവെച്ച കവറില്‍ തല്‍ സ്ഥിതി റിപ്പോര്‍ട്ട് കൂടി സമര്‍പ്പിച്ചിട്ടുണ്ട്.

chandrika: