X

സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ റിപ്പോര്‍ട്ട് നല്‍കും; വനിതാ കമ്മീഷന്‍

തിരുവനന്തപുരം: ഹാദിയ കേസില്‍ സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ഇതുസംബന്ധിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. പെണ്‍കുട്ടി സ്വന്തം വീട്ടില്‍ മനുഷ്യാവകാശ ലംഘനം അനുഭവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടവരുടേതിന് പുറമെ വിവിധ മഹിളാ സംഘടനകളുടെ ഹര്‍ജികളും ഉണ്ട്. മാധ്യമ റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയ ചര്‍ച്ചകളും കമ്മീഷന്റെ ശ്രദ്ധയിലുണ്ട്. സ്ത്രീസുരക്ഷക്കും ന്യായമായ അവകാശ സംരക്ഷണത്തിനും നിരന്തരം ഇടപെടലുകള്‍ നടത്തുന്ന വനിതാ കമ്മീഷന്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് വേണ്ടി അനുയോജ്യമായ ഇടപെടലുകള്‍ നടത്തണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. സ്ത്രീ എന്ന നിലയില്‍ അവരുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണമേകാനും ഭരണഘടന ഒരു പൗരന് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും അവകാശധ്വംസനങ്ങളില്‍നിന്ന് ഹാദിയയെ മോചിപ്പിക്കണമെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ പരിമിതികളുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി. വിശ്വാസമാറ്റത്തിന്റെ വേളയില്‍ ഹാദിയക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ച കോടതി, വിവാഹശേഷമാണ് രക്ഷാകര്‍ത്താക്കളുടെ ആശങ്ക പരിഗണിച്ച് സംരക്ഷണം അവരെ ഏല്‍പ്പിച്ചത്്. എന്നാല്‍ വീടിനുള്ളില്‍ ഏതുതരത്തിലുള്ള അവകാശ നിഷേധങ്ങള്‍ അനുഭവിക്കുന്നുവെന്ന് കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താന്‍ ഹാദിയക്ക് അവസരം വരും. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് നീതിനിഷേധം ഉണ്ടായെന്ന് ബോധ്യപ്പെടുന്ന പക്ഷം അതിന് അനുസൃതമായ നടപടികളും ഉണ്ടാവും. ഈ സാഹചര്യത്തില്‍ കോടതി നടപടികള്‍ക്ക് വിഘാതമാകാത്ത തരത്തില്‍ മാത്രമേ കേരള വനിതാ കമ്മീഷന് ഇടപെടല്‍ സാധ്യമാകൂ.

അതേസമയം, നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഇക്കാര്യത്തില്‍ വനിതാ കമ്മീഷന്‍ വസ്തുതാന്വേഷണം നടത്തുന്നുണ്ട്. സുപ്രീംകോടതി ആവശ്യപ്പെടുന്നപക്ഷം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. കേരളത്തില്‍ വനിതകള്‍ക്കെതിരായ ഏതുതരം അവകാശ നിഷേധങ്ങളിലും ക്രിയാത്മക ഇടപെടലുകള്‍ നടത്താനും സ്ത്രീകളുടെ അന്തസും പദവിയും സംരക്ഷിക്കാനും വനിതാ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ വ്യക്തമാക്കി.

chandrika: