X

ഹാദിയ അറിയാതെ ഹാദിയയുടെ വാര്‍ത്താസമ്മേളനം; മാധ്യമപ്രവര്‍ത്തകര്‍ മടങ്ങി

സേലം: ഹാദിയ അറിയാതെ ഹാദിയയുടെ വാര്‍ത്താസമ്മേളനമെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയിപ്പ്. വാര്‍ത്താസമ്മേളനമുണ്ടെന്ന് അറിയിപ്പ് ലഭിച്ചതോടെ സേലത്തെ കോളേജിലേക്ക് തിരിച്ച മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം ഇല്ലെന്ന് ഹാദിയ അറിയിച്ചതോടെ മടങ്ങുകയായിരുന്നു.

ഇന്നലെ ഉച്ചക്ക് ഹാദിയയുടെ വാര്‍ത്താസമ്മേളനം ഉണ്ടെന്ന് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കെ.സി നസീര്‍ അറിയിച്ചതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ സേലത്തെ ശിവരാജ് ഹോമിയോപ്പതി കോളേജിലേക്ക് പോകുന്നത്. 250 കിലോമീറ്ററോളം യാത്ര ചെയ്ത് 11 മണിയോടെ മാധ്യമപ്രവര്‍ത്തകര്‍ കോളേജില്‍ എത്തിയെങ്കിലും ഹാദിയയുടെ വാര്‍ത്താസമ്മേളനം ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ജീവനക്കാരോട് സംസാരിച്ച് അകത്തുകയറിയ മാധ്യമങ്ങള്‍ ഹാദിയയെ കാത്ത് ഏറെ നേരമിരുന്നു. എന്നാല്‍ വാര്‍ത്താസമ്മേളനത്തിന്റെ യാതൊരു തരത്തിലുള്ള സൂചനകളും ലഭിക്കാത്തതിനെ തുടര്‍ന്ന് കോളേജ് അധികൃതരെ സമീപിപ്പിച്ചപ്പോഴാണ് ഹാദിയ വാര്‍ത്താസമ്മേളനം വിളിച്ചിട്ടില്ലെന്ന് അറിയുന്നത്. ഹാദിയയുടെ സുരക്ഷാചുമതലയുള്ള സേലം സിറ്റി പൊലീസ് കമ്മിഷണര്‍ സുബ്ബലക്ഷ്മിയാണ് ഹാദിയയുടെ വാര്‍ത്താസമ്മേളനം ഇല്ലെന്ന് അറിയിച്ചത്. ഇപ്പോള്‍ പ്രത്യേകിച്ച് മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ജി.കണ്ണന്‍ മുഖേന ഹാദിയയും അറിയിച്ചു. മണിക്കൂറുകള്‍ കാത്തിരുന്നുവെങ്കിലും ഹാദിയയെ കാണാന്‍ കഴിയാതെ പിന്നീട് മാധ്യമങ്ങള്‍ മടങ്ങുകയായിരുന്നു. സംഭവത്തെക്കുറിച്ച് അഭിഭാഷകനോട് ചോദിച്ചപ്പോള്‍ ഷെഫിന്‍ ജഹാന്റെ നിര്‍ദ്ദേശപ്രകാരമാണ് വിവരം മലപ്പുറത്തെ മാധ്യമങ്ങളെ അറിയിച്ചതെന്നായിരുന്നു മറുപടിയെന്ന് മനോരമയുടെ പാലക്കാട് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമങ്ങള്‍ക്കൊപ്പം ഹാദിയയുടെ ഡോക്യുമെന്റ്രി എടുക്കാനുള്ള ഒരു സംഘം ആളുകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

സുപ്രീംകോടതി ഉത്തരവുപ്രകാരമാണ് ഹാദിയ സേലത്തെ കോളേജില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ എത്തുന്നത്. കോളേജിലെത്തിയ ഹാദിയ പിറ്റേ ദിവസം മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. സുപ്രീംകോടതി നല്‍കിയ സ്വാതന്ത്ര്യം കോളേജില്‍ എത്രത്തോളമുണ്ടെന്ന് പിന്നീട് പറയാമെന്നായിരുന്നു ഹാദിയയുടെ പ്രതികരണം. ഹാദിയ ഷെഫിന്‍ ജഹാനുമായി സംസാരിച്ചുവെന്ന് കോളേജ് പ്രിന്‍സിപ്പാല്‍ ജി. കണ്ണനും വ്യക്തമാക്കിയിരുന്നു. ഷെഫിന്‍ ജഹാന് കാണാന്‍ അനുവാദം നല്‍കുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കിയതോടെ ഹാദിയയുടെ പിതാവ് അശോകന്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

chandrika: