X
    Categories: MoreViews

ഹാദിയ രാത്രിയോടെ സേലത്തെത്തും; വിമാനത്താവളത്തില്‍വെച്ച് കോടതിവിധിയില്‍ പ്രതികരിച്ചു

ന്യൂഡല്‍ഹി: കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. സേലത്തെക്ക് കൊണ്ടുപോകുംവഴി മാധ്യമങ്ങളോടാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. സേലത്ത് വെച്ച് ഷെഫിനെ കാണാമല്ലോയെന്ന് ഹാദിയ പറഞ്ഞു. പഠനം തുടരാന്‍ അനുവദിച്ച കോടതി നടപടിയില്‍ സന്തോഷമുണ്ട്. ഇഷ്ടപ്പെട്ട സുഹൃത്തുക്കള്‍ക്കൊപ്പവും ഇഷ്ടമുള്ള സ്ഥലത്ത് യാത്ര ചെയ്യുന്നതിനും കോടതിയുടെ വിലക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. അതിനാല്‍ ഷെഫിനെ സേലത്ത് വെച്ച് കാണുമെന്നും ഹാദിയ വ്യക്തമാക്കി. രാത്രിയോട് കൂടി ഹാദിയ സേലത്തെ ഹോസ്റ്റലിലെത്തും. 11 മണിയോട് കൂടിയാണ് ഹാദിയ കേരള ഹൌസില്‍ നിന്നും വിമാനത്താവളത്തിലേക്ക് തിരിച്ചത്. വിമാനമാര്‍ഗം കോയമ്പത്തൂരെത്തുന്ന ഹാദിയ റോഡ് മാര്‍ഗം സേലത്തെ കോളജിലേക്ക് പോകും.

അതേസമയം, ഹാദിയയുടെ മാതാപിതാക്കള്‍ നാട്ടിലേക്ക് മടങ്ങി. സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയയുടെ പിതാവ് അശോകന്‍ പറഞ്ഞിരുന്നു.പഠനം തുടരാനുള്ള കോടതി നിര്‍ദ്ദേശം മകളുടെ ഭാവിക്ക് ഗുണം ചെയ്യുമെന്നും പഠനം മുടങ്ങരുതെന്ന് താന്‍ എന്നും ആഗ്രഹിച്ചിരുന്നുവെന്നും അശോകന്‍ പറഞ്ഞു.

ഹാദിയ കേസില്‍ നിര്‍ണായകമായ ഇടപെടല്‍ നടത്തിയ സുപ്രീംകോടതി, യുവതിയെ രക്ഷിതാക്കളുടെ നിയന്ത്രണത്തില്‍നിന്ന് മോചിതയാക്കുകയായിരുന്നു. അച്ഛന്റെ സംരക്ഷണത്തില്‍ കഴിയാന്‍ താത്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ ഹാദിയയെ, ഇടയ്ക്കു വെച്ച് മുടങ്ങിയ ഹോമിയോപ്പതി പഠനം തുടരാനും കോടതി അനുവദിച്ചു. തമിഴ്‌നാട് സേലത്തെ ശിവരാജ് മെഡിക്കല്‍ കോളജില്‍ ബി.എച്ച്.എം.എസ് ഹൗസ് സര്‍ജന്‍സി പഠനം പുനരാരംഭിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. പഠനക്കാലയളവില്‍ ഹാദിയയുടെ രക്ഷാകര്‍ത്താവായി കോളജ് ഡീനിനെ നിയോഗിച്ചിട്ടുണ്ട്. കേസ് അടുത്ത വര്‍ഷം ജനുവരി മൂന്നാം വാരത്തില്‍ വീണ്ടും പരിഗണിക്കും.

chandrika: