X

‘മുസ്‌ലിം നിയമപ്രകാരം സാധുവായ വിവാഹത്തിനുവേണ്ട നിബന്ധനകളൊന്നും തന്നെ ലംഘിക്കപ്പെട്ടിട്ടില്ല്’; ഹാദിയ കേസില്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം;

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ ഹൈക്കോടതിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ഓരോ വ്യക്തിക്കും സ്വന്തം ജീവിത പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിഷയത്തില്‍ നിരോധിത മേഖലയിലാണ് കേരള ഹൈക്കോടതി കൈകടത്തിയിരിക്കുന്നതെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഹാദിയ കേസില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൂര്‍ണ വിധിന്യായത്തിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഹൈക്കോടതിയുടെ വീഴ്ചകള്‍ ഓരോന്നായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഹാദിയയുടെ താല്‍പ്പര്യം മനസ്സിലാക്കിയിട്ടും ഷഫീന്‍ ജഹാനൊപ്പം അയക്കാതിരുന്ന കേരള ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ചില സാമൂഹിക സാഹചര്യങ്ങള്‍ ഹൈക്കോടതിയെ തെറ്റായി നയിച്ചതായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖന്‍വില്‍ക്കര്‍ എന്നിവരെഴുതിയ വിധിയില്‍ പറയുന്നു.

ആദ്യ ഹര്‍ജിയില്‍ ഹാദിയയെ ഷഫീന്‍ ജഹാനൊപ്പം പോകാന്‍ അനുവദിച്ച ഹൈക്കോടതിതന്നെ അച്ഛന്‍ അശോകന്‍ നല്‍കിയ രണ്ടാം ഹേബിയസ് കോര്‍പ്പസില്‍ അതിനനുവദിച്ചില്ല. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് രക്ഷിതാക്കളുടെ സ്‌നേഹം തടസ്സമല്ലെന്നകാര്യം ഹൈക്കോടതി കണക്കിലെടുത്തില്ല. ഹാദിയക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകാന്‍ ഹൈക്കോടതി അനുവദിക്കണമായിരുന്നു.

ഹാദിയയുടെ വിഷയത്തില്‍ മുസ്‌ലിം നിയമപ്രകാരം സാധുവായ വിവാഹത്തിനുവേണ്ട നിബന്ധനകളൊന്നും തന്നെ ലംഘിക്കപ്പെട്ടിട്ടില്ലെന്നും സുപ്രിംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. ഹാദിയയുടെ അവകാശങ്ങളെ അംഗീകരിക്കാതിരിക്കുക വഴി ഇന്ത്യന്‍ പൗരന്‍മാരുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുമേലാണ് ഹൈക്കോടതി കൈവച്ചതെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. അഖില എന്ന ഹാദിയ എന്നതിന് പകരം ഹാദിയ എന്നു മാത്രമാണ് ഹാദിയക്കേസ് അവസാന വിധിപ്രസ്താവനയില്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഉപയോഗിച്ചത്.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ തീവ്രവാദമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേസിലേക്ക് കൊണ്ടുവന്നത് തികച്ചും അനാവശ്യമായിരുന്നു. അത്തരം വിഷയങ്ങളുണ്ടെങ്കില്‍ ആവശ്യമായ നടപടിയെടുക്കേണ്ടത് കോടതിയല്ല, സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റി. സംരക്ഷണം വേണ്ട കുട്ടിയുടെയോ വ്യക്തിയുടെയോ രക്ഷാകര്‍തൃത്വം രാജ്യം ഏറ്റെടുക്കുന്ന തത്ത്വത്തിന് (പേരെന്റ് ഓഫ് ദ നേഷന്‍ തത്ത്വം) ഇവിടെ പ്രസക്തിയില്ല. വളരെ അപൂര്‍വം സാഹചര്യങ്ങളില്‍ മാത്രമേ ഈ തത്വം ഉപയോഗിക്കേണ്ടതുള്ളൂ. അതിനും പല പരിമിതികളുമുണ്ട്.

ഹാദിയയുടെ ഇഷ്ടം അനുവദിച്ചുകൊടുക്കാത്തത് ഭരണഘടനാപരമായ അവകാശം ഭരണഘടനാ കോടതിതന്നെ ഇല്ലാതാക്കുന്നതുപോലെയാണ്. ഒരുതരത്തിലും ഇത് ഉള്‍ക്കൊള്ളാനാവില്ല. അവകാശങ്ങളില്‍ കടന്നുകയറുകയല്ല, മറിച്ച് അവ സംരക്ഷിക്കുകയാണ് കോടതികള്‍ ചെയ്യേണ്ടത്. അതിനാല്‍ വിവാഹം റദ്ദാക്കുക വഴി ഹൈക്കോടതിക്ക് പൂര്‍ണമായും തെറ്റി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ വിധിയോട് യോജിച്ചുകൊണ്ടുതന്നെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് മറ്റൊരു വിധിയുമെഴുതി. ഹൈക്കോടതിക്ക് പിഴവു സംഭവിച്ചതില്‍ തന്റെ മനോവേദന പ്രകടിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. അച്ഛന്റെ കസ്റ്റഡിയില്‍ ഹാദിയക്ക് നഷ്ടമായ മാസങ്ങള്‍ ഒരിക്കലും തിരിച്ചുനല്‍കാനാവില്ല. ഭരണഘടനാപരമായ ജോലികള്‍ നിര്‍വഹിക്കുമ്പോള്‍, വ്യക്തികളുടെ അവകാശങ്ങള്‍ പിതൃകേന്ദ്രിത സാമൂഹിക ഘടനയ്ക്ക് കീഴ്‌പ്പെട്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തണം.

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി അതിന്റെ അധികാരപരിധി ലംഘിച്ചെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. താനും ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ ഷഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ മാര്‍ച്ച് ഒമ്പതിനാണ് സുപ്രീംകോടതി വിധി പറഞ്ഞത്. വിധിയുടെ പ്രസക്തഭാഗങ്ങള്‍ മാത്രമാണ് അന്ന് കോടതി വായിച്ചത്. വിശദമായ വിധി പിന്നീട് പുറത്തുവിടുമെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.

ഇന്നലെ പുറത്തുവിട്ട വിധിയില്‍ നിന്ന്…

1. ഒരാളുടെ സന്തോഷമാഗ്രഹിച്ചുള്ള തീരുമാനമെടുക്കാനുള്ള അവകാശം അയാളുടെ വ്യക്തി സ്വാതന്ത്രത്തില്‍ അധിഷ്ടിതമാണ്. ഏത് മതത്തില്‍ വിശ്വസിക്കണെമന്നതും അയാളുടെ സ്വാതന്ത്ര്യമാണ്.

2. സ്ത്രീയുടെയും പുരുഷന്റെയും സ്വകാര്യമായ വിഷയത്തിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്. നിയമത്തിന് ഇടപെടാന്‍ കഴിയാത്ത മേഖലയാണതെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം.

3. ഹാദിയ ദുര്‍ബലയായ പെണ്‍കുട്ടിയാണെന്ന് വിലയിരുത്തിയ ഹൈക്കോടതി എന്തുകൊണ്ട് അവളൊരു പ്രായപൂര്‍ത്തിയായ തീരുമാനമെടുക്കാന്‍ കഴിവുള്ള വ്യക്തിയാണെന്ന് കാണാന്‍ മറന്നുവെന്നും വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.

4. വസ്ത്രം, ഭക്ഷണം തുടങ്ങിയവയൊക്കെ വ്യക്തിയുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അതിലെല്ലാം ഇടപെടാനുള്ള സ്വാതന്ത്ര്യം കോടതികള്‍ക്ക് ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

chandrika: