X

ഹജ്ജ് സെൽ പ്രവർത്തനം ഇന്നുമുതൽ

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഹജ്ജ് ക്യാമ്പിനോടനുബന്ധിച്ചുള്ള ഹജ്ജ് സെൽ പ്രവർത്തനം വ്യാഴാഴ്‌ച തുടങ്ങും. റിട്ട. എസ്.പി. യു. അബ്ദു‌ൾ കരീമിൻ്റെ നേതൃത്വത്തിൽ 99 പേരാണ് ഹജ്ജ് സെല്ലിൽ ഉള്ളത്. സർക്കാർ ഉദ്യോഗസ്ഥരാണ് സെല്ലിൽ പ്രവർത്തിക്കുക.

തീർഥാടകരുടെ യാത്രാരേഖകളും ലോഹവള, തിരിച്ചറിയൽ കാർഡ് തുടങ്ങിയവയും ഹജ്ജ് സെൽ മുഖേനയാണ് വിതരണം ചെയ്യുന്നത്. തീർഥാടകർ ക്യാമ്പിലെത്തുന്ന മുറയ്ക്ക് സെൽ കൗണ്ടറിലെത്തി പാസ്പോർട്ടും മറ്റു സാമഗ്രികളും വാങ്ങണം. വിസ സ്റ്റാമ്പ് ചെയ്ത തീർഥാടകരുടെ പാസ്പോർട്ട് ഹജ്ജ് ഹൗസിൽ എത്തിയിട്ടുണ്ട്. അധികസീറ്റിൽ ഒടുവിൽ അവസരം ലഭിച്ചവരുടെ പാസ്പോർട്ടുകൾ മാത്രമാണ് എത്താനുള്ളത്. ഇവ അടുത്ത ദിവസങ്ങളിൽ എത്തും.

20-ന് രാവിലെ 10 മണിക്ക് കരിപ്പൂരിൽ സംസ്ഥാന ഹജ്ജ് ക്യാമ്പ് തുടങ്ങും. 21-ന് പുലർച്ചെ 12.05-ന് ആദ്യ വിമാനം പുറപ്പെടും. എയർ ഇന്ത്യാ എക്‌സ്പ്രസിൻ്റെ ഐ.എക്സ്. 3011 വിമാനത്തിൽ 166 തീർഥാടകരാണ് ജിദ്ദയിലേക്ക് യാത്രയാകുക. രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടു വിമാനങ്ങൾകൂടി ആദ്യദിവസം സർവീസ് നടത്തും.

25 വരെയുള്ള 15 വിമാനങ്ങളിൽ പുറപ്പെടുന്നവരുടെ യാത്രാവിവരങ്ങൾ വിമാനക്കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ യാത്രാവിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. കരിപ്പൂരിൽനിന്ന് 10,430-ഉം കൊച്ചിയിൽ നിന്ന് 4273-ഉം കണ്ണൂരിൽ നിന്ന് 3135-ഉം തീർഥാടകർക്ക് നിലവിൽ അവസരം ലഭിച്ചിട്ടുണ്ട്.

webdesk14: