X
    Categories: Newsworld

ഹജ്ജ്:പഴുതടച്ച ക്രമീകരണങ്ങളുമായി ആഭ്യന്തര മന്ത്രാലയം

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ദശലക്ഷങ്ങളെ സ്വീകരിക്കാന്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളോടെ വിശുദ്ധ നഗരം. ഹജ്ജിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മഹാസംഗമത്തിന് നാല് നാളുകള്‍ മാത്രം അവശേഷിക്കെ സുരക്ഷ സുഭദ്രമാക്കാന്‍ സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ ശാസ്ത്രീയമായ നടപടികള്‍ പൂര്‍ത്തിയായി. ആഭ്യന്തരമന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ നേരിട്ട് വിലയിരുത്തി. ഉന്നത തല യോഗത്തില്‍ ഹജ്ജ് സുരക്ഷാ പദ്ധതി വിശദമായി വിലയിരുത്തി.

വിശ്വാസി ലക്ഷങ്ങളുടെ സുരക്ഷക്ക് കൃത്യമായ പദ്ധതികളാണ് മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുള്ളത്. ഹജ്ജിന് വേണ്ടിയുള്ള സുരക്ഷാ പദ്ധതി നടപ്പിലാക്കാന്‍ ഹജ്ജ് സുരക്ഷാ സേന പൂര്‍ണ്ണ സജ്ജമാണെന്നും വിവിധ വകുപ്പുകളുടെ സംഘടിത നീക്കങ്ങളിലൂടെ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷാ സേനയിലെ വിവിധ വിഭാഗങ്ങളുടെ പരേഡില്‍ മന്ത്രി സല്യൂട്ട് സ്വീകരിച്ചു.

മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നടക്കുന്ന ഭാഗങ്ങളിലെല്ലാം ഹജ് സുരക്ഷാ സേന തങ്ങളുടെ ദൗത്യം ആരംഭിച്ചിട്ടുണ്ടെന്ന് പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി പ്രസിഡന്റുമായ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. മദീന ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും മറ്റു രാജകുമാരന്മാരും മന്ത്രിമാരും സുപ്രീം ഹജ് കമ്മിറ്റി അംഗങ്ങളും സുരക്ഷാ, സൈനിക വകുപ്പ് മേധാവികളും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

ഹജ്ജ് പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവരെ കടുത്ത ശിക്ഷ നപടികള്‍ക്ക് വിധേയമാക്കും. ഇതിനായി ചെക്ക് പോസ്റ്റുകളില്‍ ജവാസാത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളുണ്ടാകും. പെര്‍മിറ്റില്ലാത്തവരെ ഹജ്ജിനായി അനധികൃതമായി കൊണ്ടുവരികയും നിയമം ലംഘിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ചെക്ക്പോസ്റ്റുകളില്‍ പിടിക്കപ്പെട്ടാല്‍ ഈ കമ്മിറ്റി വഴി ഉടന്‍ ശിക്ഷ നടപടിയുണ്ടാകും. പിടിയിലായാല്‍ അമ്പതിനായിരം റിയാല്‍ പിഴയും തടവുമാണ് നേരത്തെ പ്രഖ്യാപിച്ച ശിക്ഷ. വാഹനം പിടിക്കപ്പെട്ടാല്‍ അതിലുള്ള ആളുകളുടെ എണ്ണമനുസരിച്ച് ബസ് ഡ്രൈവര്‍ക്ക് പിഴ സംഖ്യ കൂടും. വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഇത്തരക്കാരെ നാട് കടത്തുകയും ചെയ്യും.

 

webdesk11: