X

ഹജ്ജ് ക്വാട്ട പുന:സ്ഥാപിച്ചു; ഇന്ത്യയില്‍ നിന്ന് 1,70,000 പേര്‍

ജിദ്ദ: സഊദി ഹജ്ജ് മന്ത്രാലയവുമായി ഇന്ത്യ ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്്താര്‍ അബ്ബാസ് നഖ്്‌വിയും സഊദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലേ ബിന്‍ താഹിര്‍ ബന്‍താനുമാണ് കരാറില്‍ ഒപ്പുവെച്ചത്. 1,70,020 പേരാണ് ഇത്തവണ ഇന്ത്യയില്‍നിന്ന് ഹജ്ജിനെത്തുക. 2013ല്‍ ഹറം വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെട്ടിക്കുറച്ച ക്വാട്ടയാണ് പുന:സ്ഥാപിക്കപ്പെട്ടത്.

എല്ലാ രാജ്യങ്ങള്‍ക്കും 20 ശതമാനം ക്വാട്ട വെട്ടിക്കുറച്ചതിന്റെ ഭാഗമായാണ് ഇന്ത്യയില്‍നിന്നുള്ള ഹാജിമാരുടെ എണ്ണവും കുറഞ്ഞത്. 1,25,000 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ഇത്തവണ എത്തുക. 1,36,020 പേരാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി ഹജ്ജിനെത്തിയത്.

സാങ്കേതിക, സുരക്ഷാ കാരണങ്ങളാല്‍ ഇത്തവണയും കരിപ്പൂരില്‍നിന്ന് ഹജ്ജ് വിമാനം ഉണ്ടാകില്ലെന്ന് മുഖ്താര്‍ അബ്ബാസ് നഖ്്‌വി പറഞ്ഞു. ഹജ്ജ് കരാര്‍ ഒപ്പുവെച്ച ശേഷം ജിദ്ദയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിപ്പൂരില്‍ എംപാര്‍ക്കേഷന്‍ പോയിന്റ് പുന:സ്ഥാപിക്കാന്‍ പരമാവധി ശ്രമങ്ങള്‍ നടന്നു വരികയാണെന്നും എന്നാല്‍ ഈ വര്‍ഷം ഒരു നിലക്കും സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ നേരത്തെയാണ് ഇത്തവണ ഹജ്ജ് ഒരുക്കങ്ങള്‍ നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് ഹജ്ജ് കരാര്‍ ഒപ്പുവെച്ചത്. ഇത്തവണ അത് മൂന്നു മാസം മുമ്പായി. ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളും ഇതനുസരിച്ച് വേഗത്തില്‍ നടക്കും. നൂറു ശതമാനം ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് നറുക്കെടുപ്പും മറ്റു നടപടിക്രമങ്ങളും. ഹാജിമാരുടെ എണ്ണം പഴയ നിലയില്‍ പുന:സ്ഥാപിക്കപ്പെട്ടതിനാല്‍ ഹജ്ജ് കമ്മിറ്റിയുടെ ഉത്തരവാദിത്തവും വര്‍ധിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും- മന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യ-സഊദി ബന്ധം കൂടുതല്‍ ശക്തിപ്പെട്ടതായും മന്ത്രി പറഞ്ഞു.

 

ഇന്ത്യന്‍ അംബാസഡര്‍ ജാവേദ് അഹമ്മദ്, ജിദ്ദ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്്മാന്‍ ശൈഖ്, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ചൗധരി മെഹബൂബ് അലി കൈസര്‍, സി.ഇ.ഒ അതാവുറഹ്്മാന്‍, എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ രജനീഷ് ഡക്ഷല്‍, ന്യൂനപക്ഷകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ജാന്‍ ഇ ആലം, ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് ശാഹിദ് ആലം, ന്യൂനപക്ഷ മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി അഫ്താബ് ആലം, സുനില്‍ ഗൗതം, വ്യോമയാന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി കെ.വി ഉണ്ണികൃഷ്ണന്‍ സ്വകാര്യ ഹജ്ജ് കമ്പനി പ്രതിനിധികള്‍ സംബന്ധിച്ചു.

chandrika: