X

പശ്ചിമഘട്ടത്തില്‍ പുതിയ ഇനം കടന്നല്‍

കോഴിക്കോട്: പുതിയ ഇനം കടന്നലുകളെ പശ്ചിമഘട്ട പര്‍വത നിരകളില്‍ കണ്ടെത്തി. ചെറുകടന്നലുകളായ ‘വെസ്പിഡെ’എന്ന കുടുംബത്തില്‍ വരുന്ന ‘യൂമെനിനെ’ എന്ന ഉപകുടുംബത്തില്‍പെട്ട ഇനങ്ങളാണിവ. പാരാന്‍സിസ് ട്രോസിറസ് ജാഫര്‍ പാലോട്ടി’ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് ജാഫര്‍ പാലോട്ടിനോടുള്ള ആദരസൂചകമായാണ് ഇങ്ങനെ നാമകരണം നല്‍കിയത്.

 

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കോഴിക്കോടുള്ള പശ്ചിമഘട്ട പ്രാദേശിക കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. പി. ഗിരീഷ്‌കുമാര്‍, ഡോ. പി.എം. സുരേശന്‍ എന്നിവരും ന്യൂയോര്‍ക്കിലെ പ്രശസ്തമായ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലെ ഡോ. ജെയിംസ് കാര്‍പെന്ററും ഉള്‍പ്പെട്ട സംഘമാണ് ഈ പുതിയ ഇനം കടന്നലിനെ കണ്ടെത്തിയത്. മലബാര്‍ വന്യജീവി സങ്കേതത്തില്‍നിന്നും ആറളം വന്യജീവി സങ്കേതത്തില്‍നിന്നും നിലമ്പൂര്‍ വനത്തില്‍നിന്നും പശ്ചിമഘട്ടത്തിന്റെ താഴ് വാരമായ കോഴിക്കോട് ജില്ലയിലെ മുത്തപ്പന്‍പുഴയില്‍നിന്നും ഇതിനെ കണ്ടെത്തിയിട്ടുണ്ട്.

മണ്ണുകൊണ്ട് കൂടുണ്ടാക്കുന്നു എന്നതാണ് ഈ കടന്നലിന്റെ മറ്റൊരു പ്രത്യേകത. ശരാശരി ആറ് മില്ലിമീറ്റര്‍ മാത്രം നീളമുണ്ട്. ഇവ ഉപദ്രവകാരികളുമല്ല. ‘ഹാര്‍ട്ടിയേര്‍സ്’ ശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ പുതിയ ലക്കത്തില്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഇതേ ജനുസ്സില്‍പെടുന്ന ‘പാരാന്‍സിസ്‌ട്രോഡിറസ് ലോഹര്‍ബാന്‍ ഡെന്‍സിസ്’, ‘പാരാന്‍സിസ്‌ട്രോസിറസ് ടുരെന്‍സിസ്’ എന്നിങ്ങനെ നാമകരണം ചെയ്തിട്ടുള്ള മറ്റ് രണ്ടു പുതിയ ഇനങ്ങളെയും യഥാക്രമം ആസാമിലെയും മേഘാലയത്തിലെയും വനാന്തരങ്ങളില്‍നിന്നും കണ്ടെത്തി. ഇവയുടെ കണ്ടുപിടുത്തത്തോടെ ‘പാരാന്‍സിസ് ട്രോസിറസ്’ ജനുസ്സില്‍പ്പെട്ട കടന്നലുകളുടെ എണ്ണം കേരളത്തില്‍ മൂന്നും ഇന്ത്യയൊട്ടാകെ പതിനൊന്നും ആയതായി ഗവേഷണസംഘം പറയുന്നു.

chandrika: