X

ഹല്‍ദ്വാനി സംഘര്‍ഷം; വര്‍ഷങ്ങളായി തുടരുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങളുടെ ഫലമെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ 6 പേര്‍ കൊല്ലപ്പെട്ട പൊലീസ് വെടിവെപ്പും സംഘര്‍ഷങ്ങളും പെട്ടെന്നുണ്ടായതല്ലെന്ന് വസ്തുതാന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട്. ഫെബ്രുവരി എട്ടിനാണ് ഹല്‍ദ്വാനിയില്‍ കലാപം പൊട്ടി പുറപ്പെട്ടത്. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ട് സിവില്‍ റൈറ്റ്സ്, കാരവാന്‍-ഇ-മൊഹബത്ത്, പൗരാവകാശ പ്രവര്‍ത്തകന്‍ സാഹിദ് ഖാദ്രി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.

ഫെബ്രുവരി 14ന് ഹല്‍ദ്വാനി സന്ദര്‍ശിച്ചതിന് ശേഷമാണ് സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളുടെയും കുടിയൊഴിപ്പിക്കല്‍ നടപടികളുടെയും തുടര്‍ച്ചയാണ് ഹല്‍ദ്വാനിയില്‍ നടന്ന കലാപമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക കണക്ക് പ്രകാരം മരണ സംഖ്യ ആറാണെങ്കിലും യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ കൂടാനിടയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 2 വര്‍ഷങ്ങളായി ഉത്തരാഖണ്ഡില്‍ സാമുദായിക പ്രശ്നങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതാണ് മുസ്ലീംകളെ സാമ്പത്തികമായും സാമൂഹികമായും വേട്ടയാടുന്നതിനും അവരെ കുടിയൊഴിപ്പിക്കുന്നതിലേക്കും നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചെന്നാരോപിച്ച് പള്ളികളും മദ്രസകളും പൊളിച്ച് നീക്കുകയായിരുന്നു. എന്നാല്‍ അനധികൃതമായി നിര്‍മിച്ച ഹിന്ദുമത ആരാധനാലയങ്ങള്‍ക്കെതിരെ സര്‍ക്കര്‍ മനഃപൂര്‍വ്വം മൗനം പാലിച്ചെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വീടുകളും കടകളും ഒഴിപ്പിക്കുന്നതും കുടിയേറ്റക്കാരോട് സംസ്ഥാനം വിട്ട് പോകാന്‍ ഭീഷണിപ്പെടുത്തുന്നതും ഇപ്പോഴും തുടരുകയാണ്. 3000ത്തോളം മുസ്ലീം ദര്‍ഗകള്‍ നശിപ്പിച്ചത് സര്‍ക്കാരിന്റെ നേട്ടമായി പ്യഖ്യാപിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അക്രമത്തില്‍ മനഃപൂര്‍വ്വം മൗനം പാലിച്ചെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഹല്‍ദ്വാനിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ താത്കാലികമായി പിന്‍വലിച്ച് പൊലീസ് ഉത്തരവിറക്കി. കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കെയാണ് പൊലീസ് അകമ്പടിയോടെ ഹല്‍ദ്വാനിയില്‍ മദ്രസകളും പള്ളികളും പൊളിച്ച് മാറ്റാന്‍ തുടങ്ങിയത്. ബുള്‍ഡോസറുകള്‍ തടയാനെത്തിയ സ്ത്രീകളെ പൊലീസ് മര്‍ദിക്കുയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

webdesk13: