X

ഇസ്രാഈല്‍ ജയിലില്‍ ഹമാസ് നേതാവ് മരിച്ചു; കൊലപാതകമെന്ന് ഹമാസ്

ഇസ്രാഈല്‍ ജയിലിലടച്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രമുഖ ഹമാസ് നേതാവ് ഉമര്‍ ദരാഗ്മ മരിച്ചു. ഒക്‌ടോബര്‍ ഒന്‍പതിന് പിടികൂടിയ ഉമറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഹമാസ് ആരോപിച്ചു. കൊലപാതകത്തിനെതിരെ റാമല്ലയില്‍ ഇന്ന് പ്രതിഷേധ പരിപാടിക്ക് സംഘടന ആഹ്വാനം ചെയ്തു.

ഉമര്‍ ദരാഗ്മയുടെ മരണവിവരം ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് അസോസിയേഷന്‍ സ്ഥിരീകരിച്ചു. അതേസമയം, അസുഖബാധിതനായ ഉമറിന് പ്രാഥമിക ചികിത്സ നല്‍കിയെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചുവെന്നുമാണ് ഇസ്രായേല്‍ വാദം.

ഇസ്രാഈലികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന് ഹമാസും ഇസ്‌ലാമിക് ജിഹാദും ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള തൂബാസ് പട്ടണത്തില്‍ പ്രതിഷേധപ്രകടനം നടന്നു.

അതേസമയം, ഗസ്സക്ക് പുറമേ അധിനിവേശ വെസ്റ്റ് ബാങ്കിലും ഫലസ്തീനികളെ നിഷ്‌കരുണം കൊലപ്പെടുത്തി ഇസ്രായേല്‍ സൈനിക നീക്കം ശക്തമാക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 95 ഫലസ്തീനികെളയാണ് വെസ്റ്റ് ബാങ്കില്‍ കൊലപ്പെടുത്തിയത്. 1650 പേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് പേരെ തടവറയിലാക്കി.അധിനിവേശ വെസ്റ്റ്ബാങ്കില്‍ നബ്‌ലസിന് സമീപമുള്ള ബുര്‍ഖ ഗ്രാമത്തില്‍ ഇസ്രാഈല്‍ സൈന്യം ഇന്ന് പുലര്‍ച്ചെ ഫലസ്തീനികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. ഒരു സൈനികന് പരിക്കേറ്റതായി ഇസ്രാഈല്‍ സൈന്യം പറഞ്ഞു.

webdesk13: