X

സംവരണം: നവംബര്‍ മൂന്നിനകം നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിനോട് ഹര്‍ദിക്

അഹമ്മദാബാദ്: സംവരണ വിഷയത്തില്‍ നവംബര്‍ മൂന്നിനകം നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസിനോട് പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍. അല്ലാത്ത പക്ഷം അമിത് ഷാക്ക് നേരിടേണ്ടി വന്ന അതേ തിക്താനുഭവം കോണ്‍ഗ്രസിനും നേരിടേണ്ടി വരുമെന്ന് ഹര്‍ദിക് മുന്നറിയിപ്പ് നല്‍കി. ട്വിറ്ററിലൂടെയാണ് ഹര്‍ദികിന്റെ പ്രതികരണം. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഹര്‍ദിക് ഇക്കാര്യം ആവര്‍ത്തിച്ചത്. സംവരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉപാധികള്‍ അംഗീകരിച്ചാല്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന് ഹര്‍ദിക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.

നവംബര്‍ മൂന്നിന് വാര്‍ച്ചയിലെ ജല്‍ ക്രാന്തി മൈതാനിയില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസിന്റെ പൊതു സമ്മേളനം നടക്കുന്നുണ്ട്. ഈ യോഗത്തില്‍ ഹര്‍ദിക് പട്ടേലിനെ പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടരുകയാണ്. എന്നാല്‍ സംവരണ വിഷയത്തില്‍ വ്യക്തത ലഭിച്ചെങ്കില്‍ മാത്രമേ വേദി പങ്കിടൂ എന്ന നിലപാടിലാണ് ഹര്‍ദിക് പട്ടേല്‍. സര്‍ക്കാര്‍ സര്‍വീസിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിക്കണമെന്നാണ് പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതിയുടെ പ്രധാന ആവശ്യം. പട്ടേല്‍ വിഭാഗക്കാര്‍ക്ക് സ്വാധീനമുള്ള മേഖലയാണ് വാര്‍ച്ച. നേരത്തെ ഇവിടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത ബി.ജെ.പി റാലി പട്ടേല്‍ സമരക്കാര്‍ അലങ്കോലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിനു നേരെയും സമാന ഭീഷണി മുഴക്കിയത്. സംവരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് റാലിയോടും ഒരു ദയയും കാണിക്കില്ലെന്ന് സമിതി കണ്‍വീനര്‍ ധര്‍മ്മിക് മാളവ്യ പറഞ്ഞു.

chandrika: