X
    Categories: indiaNews

‘മന്‍മോഹന്‍ സിംഗിനോട് പറഞ്ഞത് മറന്നുപോയോ?’; മോദിയോട് ഹര്‍സിമ്രത് കൗര്‍ ബാദല്‍

ഡല്‍ഹി: താങ്ങുവില ഉറപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം നിയമമാക്കിയാല്‍ കര്‍ഷകരുടെ പകുതി പ്രതിഷേധവും തീരുമെന്ന് രാജിവെച്ച കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍.ഈഗോയില്‍ കടിച്ചു തൂങ്ങി നില്‍ക്കാതെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കുകയും പ്രശ്‌നപരിഹാരത്തിന് മാര്‍ഗങ്ങള്‍ തേടുകയും വേണമെന്നും ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആവശ്യപ്പട്ടു.

പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിപ്പിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് കര്‍ഷകര്‍ സമരം നടത്തുന്നതെന്നും അതുകൊണ്ട് അവര്‍ പോരാട്ടത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നത് ഉറപ്പാണെന്നും അവര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞു.

‘നേരത്തെ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം പറഞ്ഞിരുന്നത് താങ്ങുവില കര്‍ഷര്‍ക്ക് നിയമം വഴിയുള്ള അവകാശമാക്കണമെന്നായിരുന്നു. അന്ന് ഈ വിഷയം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള വര്‍ക്കിങ്ങ് കമ്മിറ്റിക്ക് അദ്ദേഹം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നരേന്ദ്ര മോദിയാണ് പ്രധാനമന്ത്രി. സ്വന്തം നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള അവസരമാണ് മോദിക്ക് കൈവന്നിരിക്കുന്നത്. അതേ നിര്‍ദേശത്തിന് വേണ്ടിയാണ് ഇപ്പോള്‍ കര്‍ഷകര്‍ പ്രതിഷേധിക്കുന്നതും. താങ്ങുവില നിയമപരമായ അവകാശമാക്കുകയാണെങ്കില്‍ കര്‍ഷകരുടെ പകുതി പ്രതിഷേധവും ശമിക്കുകയും ചെയ്യും,’ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു.

എന്നാല്‍ താങ്ങുവില വര്‍ധിപ്പിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും നിയമം പൂര്‍ണമായി പിന്‍വലിക്കുന്നതു വരെ സമരം തുടരുമെന്നും വ്യാഴാഴ്ച നടന്ന ചര്‍ച്ചയ്ക്ക് മുമ്പേ തന്നെ കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസമായി പതിനായിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി-ഹരിയാന ബോര്‍ഡറില്‍ പ്രതിഷേധത്തിലാണ്. കഴിഞ്ഞദിവസം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പൂര്‍ണപരാജയമായിരുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്. എന്നാല്‍ ഭേദഗതിയല്ല വേണ്ടത് നിയമം പിന്‍വലിക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

 

 

web desk 3: