X
    Categories: MoreViews

സാമ്പത്തിക വളര്‍ച്ച; സര്‍ക്കാര്‍ കണക്ക് അതിശയോക്തിപരമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: നോട്ടുനിരോധനം നിലനിന്ന 2016-17ന്റെ മൂന്നാം ത്രൈമാസ പാദത്തില്‍ രാജ്യം ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വിമര്‍ശനം. സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയം പുറത്തുവിട്ടത് പെരുപ്പിച്ചു കാണിച്ച കണക്കുകളാണെന്ന് വിവിധ സാമ്പത്തിക പഠന ഏജന്‍സികള്‍ ആരോപിച്ചു.

നോട്ടു നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്ന് ധനകാര്യ വിദഗ്ധരും ഈ മേഖലയിലുള്ള വിവിധ ഏജന്‍സികളും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച 6.6 ശതമാനമായി സാമ്പത്തിക വളര്‍ച്ച കുറയുമെന്നായിരുന്നു അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്)യുടെ വിലയിരുത്തല്‍. 6.9 ശതമാനം വളര്‍ച്ചയാണ് ഫിച്ച് റേറ്റിങ് പ്രവചിച്ചിരുന്നത്. മൂഡീസ് ഉള്‍പ്പെടെയുള്ള ഏജന്‍സികളും സാമ്പത്തിക വളര്‍ച്ച കുറയുമെന്ന് പ്രവചിച്ചിരുന്നു. നികുതി വരുമാനത്തില്‍ ഉള്‍പ്പെടെ വര്‍ധനവുണ്ടാകുന്നതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും ഈ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കണക്കുകൂട്ടലുകളെല്ലാം അസ്ഥാനത്താക്കുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ (നോട്ടുനിരോധനം നിലനിന്നത് നവംബര്‍ എട്ടു മുതല്‍ ഡിസംബര്‍ 30 വരെയാണ്) 7 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയെന്നും നടപ്പുവര്‍ഷത്തെ ആകെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമാകുമെന്നുമാണ് കേന്ദ്രം അവകാശപ്പെട്ടിരുന്നത്.
നോട്ടു നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത് കൃഷിയേയും അസംഘടിത വ്യവസായ, തൊഴില്‍ മേഖലകളെയുമാണ്. ഈ മേഖലകളെ ഒഴിവാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കണക്കുകൂട്ടിയതെന്നാണ് യു.എസ് ആസ്ഥാനമായ സാമ്പത്തിക ഗവേഷണ ഏജന്‍സിയായ മൂഡീസിന്റെ വിമര്‍ശനം. ഇതാണ് ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്താന്‍ കാരണം. ഈ മേഖലകളെക്കൂടി ഉള്‍പ്പെടുത്തിയെങ്കില്‍ മാത്രമേ യതാര്‍ത്ഥ വളര്‍ച്ചാ നിരക്ക് മനസ്സിലാക്കാനാകൂവെന്നും മൂഡീസിന്റെ സേര്‍േവറിന്‍ ഗ്രൂപ്പ് അസോസിയേറ്റ് എം.ഡി മേരി ഡിറോണ്‍ പറഞ്ഞു.

chandrika: