X
    Categories: indiaNews

ഒരു എംഎല്‍എ കൂടി പിന്തുണ പിന്‍വലിച്ചു; കര്‍ഷക പ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ് ഹരിയാന സര്‍ക്കാര്‍

ഛണ്ഡീഗഢ്: കഴിഞ്ഞ പത്ത് ദിവസമായി രാജ്യതലസ്ഥാനത്തെ അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭം ഹരിയാന സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നു. കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഒരു സ്വതന്ത്ര എംഎല്‍എ കൂടി ബിജെപി-ജെജെപി സഖ്യ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു.

പ്രക്ഷോഭത്തിന് ഉടന്‍ പരിഹാരം കാണണമെന്നും സമരം നയിക്കുന്ന കര്‍ഷകര്‍ക്കാണ് തന്റെ പിന്തുണയെന്നും നിലോഖേരി മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ധാരാം പാല്‍ ഗോന്ദര്‍ വ്യക്തമാക്കി. സ്വതന്ത്ര എംഎല്‍എയായ സോംവീര്‍ സങ്ഗ്വാന്‍ മുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയാണ് മറ്റൊരു എംഎല്‍എ കൂടി സര്‍ക്കാരിനെതിരായി നിലപാട് സ്വീകരിച്ചത്.

കര്‍ഷകരെ കേള്‍ക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ സമരം ചെയ്യുന്ന കര്‍ഷരോടൊപ്പം അണിചേരുമെന്ന് ജെജെപി കര്‍ണാല്‍ പ്രസിഡന്റ് ഇന്ദ്രജിത്ത് സിങ് ഗൊരായ അറിയിച്ചു. കര്‍ഷകരുടെ ആവശ്യങ്ങളില്‍ കേന്ദ്രം ഉടന്‍ പരിഹാരം കാണണമെന്ന് മുഖ്യസഖ്യ കക്ഷിയായ ജെജെപിയും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് മുന്‍ ഹരിയാണ മന്ത്രി ജഗദീഷ് നെഹ്‌റയുടെ മകന്‍ സുരേന്ദ്രന്‍ സിങ് നെഹ്‌റ ബിജെപിയില്‍ നിന്ന് രാജിവെച്ചു.

ഹരിയാന സര്‍ക്കാരിനെതിരേ നിയമസഭയില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഡല്‍ഹിയിലേക്കുള്ള മാര്‍ച്ചിനിടെ കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞതോടെ ജനങ്ങളുടെയും എംഎല്‍എമാരുടെയും പിന്തുണ ബിജെപി-ജെജെപി സര്‍ക്കാരിന് നഷ്ടമായെന്ന് കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞു. മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

90 അംഗം നിയമസഭയില്‍ 40 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. സഖ്യകക്ഷിയായ ജെജെപിക്ക് 10 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് 31 എംഎല്‍എമാരും ഐഎന്‍എല്‍ഡി, ലോഖിത് പാര്‍ട്ടി എന്നിവയ്ക്ക് ഓരോ അംഗങ്ങളുമുണ്ട്.

 

web desk 3: