X
    Categories: indiaNews

ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കിയില്ല; എന്തിനാണ് അവളെ അങ്ങനെ കത്തിച്ചതെന്ന് അറിയണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

ഹാത്രസ്: അന്ന് രാത്രി ആരുടെ മൃതദേഹമാണ് കത്തിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയണം. അത് അവളുടേതാണെങ്കില്‍ എന്തിനാണ് അത്തരത്തില്‍ കത്തിച്ചത്? അവസാനമായി ഒരുതവണ കൂടി അവളെക്കാണാന്‍ യാചിച്ചിട്ടും പൊലീസും അധികൃതരും അതിന് അനുവദിച്ചില്ലെന്നും ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍. രണ്ടു ദിവസത്തെ മാധ്യമ വിലക്കിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയാത്തതുകൊണ്ട്, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് മനസ്സിലാകില്ല എന്നായിരുന്നു റിപ്പോര്‍ട്ട് ചോദിച്ചപ്പോള്‍ പൊലീസ് പറഞ്ഞത്.’പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പകരം ഗ്രാമത്തിലെ മറ്റുള്ളവരോട് സംസാരിക്കുകയാണ് ചെയ്തതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

വീടിന് ചുറ്റും വളഞ്ഞ പൊലീസ് തങ്ങളെ രണ്ടുദിവസമായി പുറത്തിറങ്ങാന്‍ സമ്മതിച്ചില്ലെന്നും കുടുംബം വ്യക്തമാക്കി. കേസ് അവസാനിപ്പിക്കാനായി ഗ്രാമമുഖ്യന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടെന്നും കുടുംബം പറയുന്നു. തങ്ങളുടെ ഫോണുകള്‍ വരെ പൊലീസ് പരിശോധിക്കുകയാണെന്നും കുടുംബം പറയുന്നു.

അതേസമയം, ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുബത്തെ കാണാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുപി സര്‍ക്കാര്‍ അനുമതി നല്‍കി. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പെണ്‍കുട്ടിയുടെ വിട്ടിലേക്ക് പോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

യുപി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തോടും കുടുംബത്തോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും അവര്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാത്രസിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

web desk 3: