X
    Categories: indiaNews

ഹാത്രസ് യുവതിക്ക് കിട്ടേണ്ടത് അധിക്ഷേപമല്ല, നീതിയാണ്; ബിജെപി നേതാക്കള്‍ക്കെതിരെ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഹാത്രസില്‍ കൂട്ടബലാത്സംഗന്നിനൊടുവില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ ബിജെപി നേതാക്കളുടെ അപകീര്‍ത്തി പ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ‘അവള്‍ക്ക് കിട്ടേണ്ടത് നീതിയാണ്, അധിക്ഷേപമല്ലെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

കുടുംബത്തെ പോലും കാണിക്കാതെ കത്തിച്ചുകളഞ്ഞ യുവതിയെ അപകീര്‍ത്തിപ്പെടുത്താനായി ബിജെപി നേതാക്കള്‍ കഥ മെനയുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ട്വീറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ മറുപടി.

 

“20 വയസുള്ള ദളിത് യുവതിയുടെ മരണത്തിന് ഇടയാക്കിയ ഹീനമായ കുറ്റകൃത്യമാണ് ഹാത്രസിൽ നടന്നത്. കുടുബത്തിൻ്റെ സമ്മതമോ സാന്നിധ്യമോ ഇല്ലാതെ അവരുടെ മൃതദേഹം കത്തിച്ചു. അവര്‍ അര്‍ഹിക്കുന്നത് നീതിയാണ്, അപകീര്‍ത്തിയല്ല.” പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ഹാത്രസിലെ ബിജെപി എംപി അടക്കമുള്ള പാര്‍ട്ടി നേതാക്കളും യോഗി സര്‍ക്കാറും പെ്ണ്‍കുട്ടിക്കും കുടുംബത്തിനുമെതിരായ നീക്കങ്ങളുമായി മുന്നോട്ടു നീങ്ങുന്നതിലും എഐസിസി ജനറല്‍ സെക്രട്ടറി എതിര്‍പ്പ് പ്രകടിപ്പിച്ചു. കുറ്റകൃത്യത്തിന് ഇരയായ യുവതിയാണ് അതിക്രമത്തിന് കാരണക്കാരിയെന്ന തരത്തില്‍ ഉത്തര്‍ പ്രദേശിലെ ഭരണകക്ഷിയായ ബിജെപിതന്നെ കഥ മെനയുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

“സ്ത്രീയുടെ സ്വഭാവം മോശമാണെന്നു വരുത്താനും അതിക്രമത്തിൻ്റെ ഉത്തരവാദിത്തം യുവതിയ്ക്കാണെന്നു വരുത്താനുമായി കഥ മെനയുന്ന നടപടി അരോചകവും പിന്തിരിപ്പനുമാണ്” പ്രിയങ്ക ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ക്രൂരബലാത്സംഗത്തിനിരയായി കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാജപ്രചാരണവുമായി ബിജെപി രംഗത്തെത്തയിരുന്നു. സവര്‍ണ സമുദായത്തില്‍പെട്ട പ്രതികളെ രക്ഷപ്പെടുത്താനായി യുവാക്കളെ പെണ്‍കുട്ടി വിളിച്ചുവരുത്തിയതാണെന്ന വാദമടക്കം പ്രാദേശിക ബിജെപി ഉയര്‍ത്തിയിരുന്നു. ഇതിനടെ പെണ്‍കുട്ടിയെ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന വാദവുമായി ബിജെപി കന്യാകുമാരി ജില്ലാ ഘടകം രംഗത്തെത്തി.

നേരത്തെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വ്യാജ പ്രചരണത്തിനായി ബിജെപിയുടെ ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടില്ലെന്ന് വരുത്തിതീര്‍ക്കാനായിരുന്നും ഐടി സെല്‍ തലവന്റെ ട്വീറ്റുകള്‍. എന്നാല്‍ താന്‍ പീഡനത്തിനിരയായെന്ന പെണ്‍കുട്ടിയുടെ തന്നെ മൊഴികള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അമിത് മാളവ്യക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. പിന്നീട് മാളവ്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചിരുന്നു. യോഗി സര്‍ക്കാരിന്റെ മുഖച്ഛായ നഷ്ടമായെന്ന് വ്യക്തമായതോടെ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ഇതിനോടകം തന്നെ നിരവധി വ്യാജവാര്‍ത്തകളാണ് ബിജെപി പടച്ചുവിട്ടത്.

chandrika: