X

പുതിയ കാറും മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കലും വേണ്ട; കര്‍ണ്ണാടകയില്‍ മന്ത്രിമാര്‍ക്ക് കടിഞ്ഞാണിട്ട് കുമാരസ്വാമി

ബംഗളൂരു: ഏറെ വിവാദങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും ശേഷം അധികാരമേറ്റതിന് പിന്നാലെ ചെലവ് ചുരുക്കല്‍ നടപടികളുമായി കര്‍ണ്ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍. പുതിയ കാറും മന്ത്രി മന്ദിരങ്ങളുടെ മോടി പിടിപ്പിക്കുന്നതും ഒഴിവാക്കി ചെലവ് ചുരുക്കുകയാണ് കുമാരസ്വാമി. ഇതിന്റെ ഭാഗമായി മന്ത്രിമാര്‍ പുതിയ കാര്‍ വാങ്ങരുതെന്നും നിലവിലെ കാര്‍ നവീകരിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കര്‍ഷകരുടെ ലോണുകള്‍ എഴുതിതള്ളുന്നതുള്‍പ്പടെ കര്‍ഷകക്ഷേമ നടപടികള്‍ കൈക്കൊള്ളുന്ന സാഹചര്യത്തിലാണ് അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിനായി മന്ത്രിമന്തിരങ്ങളും മറ്റും മോടിപിടിപ്പിക്കുന്നതും മുഖ്യമന്ത്രി വിലക്കുകയായിരുന്നു. മന്ത്രിമാര്‍ മാത്രമല്ല മറ്റുവകുപ്പുകളും ഈ വര്‍ഷം പുതിയ കാര്‍ വാങ്ങരുതെന്നും മുഖ്യമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അധികാരത്തിലേറിയാല്‍ കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളുമെന്ന് കുമാരസ്വാമിയുടെ പ്രഖ്യാപനം ഉണ്ടായിരുന്നു. അടുത്തിടെ രാഹുല്‍ഗാന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ കുമാരസ്വാമിയുടെ രണ്ടുപരാമര്‍ശങ്ങളും വിവാദമായിരുന്നു.

chandrika: