X

വയറ്റില്‍ ‘മുഴ’ യുമായി ചികിത്സക്കെത്തി; ശസ്ത്രക്രിയയില്‍ നീക്കം ചെയ്തത് രണ്ട് കിലോ മുടി

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആമാശയത്തില്‍നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് രണ്ട് കിലോയോളം തൂക്കം വരുന്ന മുടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയിലാണ് മുടിക്കെട്ട് നീക്കം ചെയ്തത്. വയറ്റില്‍ മുഴയുമായാണ് പാലക്കാട് സ്വദേശിനിയായ പതിനഞ്ചുകാരി ചികിത്സ തേടിയെത്തിയത്.

കഴിഞ്ഞ മാസമാണ് പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് നടത്തിയ സിടി സ്‌കാനിങില്‍ മുഴ കണ്ടെത്തിയിരുന്നു. പിന്നീട് എന്‍ഡോസ്‌കോപ്പിയില്‍ ആമാശയത്തില്‍ കുടുങ്ങിയിരിക്കുന്നത് ഭീമന്‍ മുടിക്കെട്ടാണെന്ന് വ്യക്തമായി. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. ഷാജഹാന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ പുറത്തെടുത്ത മുടിക്കെട്ടിന് 30 സെന്റിമീറ്റര്‍ നീളവും 15 സെന്റിമീറ്റര്‍ വീതിയുമുണ്ട്. കുട്ടിക്ക് ‘ട്രൈക്കോബിസിയര്‍’ രോഗമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആകാംക്ഷയും അമിതസമ്മര്‍ദ്ദവുമുള്ള കുട്ടികളിലും ചെറുപ്പക്കാരിലും പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ കണ്ടുവുന്ന അവസ്ഥയാണിത്. ശസ്ത്രക്രിയയ്ക്ക് ശേഷം പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

webdesk13: