X
    Categories: Health

പുരുഷന്മാരിലെ അമിതമായ തളര്‍ച്ച ശ്രദ്ധിക്കുക; ഹൃദയാഘാത മുന്നറിയിപ്പ് ആകാം

പുരുഷന്മാരിലെ അമിതമായ തളര്‍ച്ച ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ആകാമെന്ന് പഠനം. ഉത്സാഹമില്ലാത്ത അവസ്ഥ, പെട്ടെന്നുള്ള ക്ഷോഭം എന്നിവയെല്ലാം അമിതമായ തളര്‍ച്ചയുടെ ലക്ഷണങ്ങളാണെന്നും പഠനം പറയുന്നു. തളര്‍ച്ചയും തുടര്‍ന്ന് വരുന്ന ഹൃദയാഘാതവും ഒരിക്കലും വിവാഹം കഴിക്കാത്തവരും, വിവാഹ ബന്ധം വേര്‍പെടുത്തിയവരും വിഭാര്യരുമായ പുരുഷന്മാരിലാണ് കൂടുതലും കണ്ടു വരുന്നതെന്നും റഷ്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈറ്റോളജി ആന്‍ഡ് ജെനിറ്റിക്സ് നടത്തിയ പഠനം വെളിപ്പെടുത്തി.

ഉയരുന്ന ഹൃദയമിടിപ്പ്, അമിതമായ വിയര്‍പ്പ്, ശ്വാസം മുട്ടല്‍, വിശദീകരിക്കാനാകാത്ത ക്ഷീണം, നെഞ്ചു വേദന എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഹൃദ്രോഗ ചരിത്രമില്ലാത്ത 657 പുരുഷന്മാരിലാണ് പഠനം നടത്തിയത്.

പഠനത്തില്‍ പങ്കെടുത്ത 67 ശതമാനം പുരുഷന്മാര്‍ക്കും അമിതമായ തളര്‍ച്ച രേഖപ്പെടുത്തി. 33 ശതമാനം പേര്‍ക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഉയര്‍ന്ന രക്ത സമ്മര്‍ദമുള്ള പുരുഷന്മാരില്‍ 74 ശതമാനത്തിനും തളര്‍ച്ചയുണ്ടായിരുന്നതായി പഠന റിപ്പോര്‍ട്ട് പറയുന്നു. തളര്‍ച്ചയില്ലാത്ത പുരുഷന്മാരേ അപേക്ഷിച്ച് തളര്‍ച്ചയുള്ളവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത 2.7 മടങ്ങ് അധികമാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഇവര്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത 2.25 മടങ്ങ് അധികവും 14 വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത 2.1 മടങ്ങ് അധികവുമാണ്.
പതിവായുള്ള വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ഭാര നിയന്ത്രണം, മദ്യപാനവും പുകവലിയും നിയന്ത്രിക്കല്‍ തുടങ്ങിയവയെല്ലാം പുരുഷന്മാരിലെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

 

web desk 3: