X

സംസ്ഥാനത്ത് അതിതീവ്ര മഴക്കു സാധ്യത; ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാലാണ് കാലവര്‍ഷം ശക്തി പ്രാപിക്കുന്നത്. സംസ്ഥാനത്ത് അതിതീവ്ര മഴക്കു സാധ്യതയുണ്ടെന്നും പ്രകൃതിദുരന്തങ്ങള്‍ മുന്നില്‍ കണ്ട് ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് ഇന്ന് ഇടുക്കി, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും നാളെ ഇടുക്കി, മലപ്പുറം കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും അതിതീവ്രമഴക്ക് സാധ്യതയുണ്ട്. ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്രക്ക് നിരോധനം ഏര്‍പെടുത്തി. വൈകീട്ട് ഏഴുമുതല്‍ രാവിലെ ഏഴു വരെയാണ് നിരോധനം. മണ്ണിടിച്ചില്‍ പോലുള്ള അപകട സാധ്യത മുന്‍കൂട്ടി കണ്ടാണ് കലക്ടറുടെ പ്രഖ്യാപനം. പ്രദേശത്ത് കഴിയുന്ന ആളുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

കൊവിഡ് മാനദണ്ഡം പാലിച്ച് വേണം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാനെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നാല് തരത്തില്‍ ക്യാമ്പുകള്‍ സസജ്ജമാക്കാനാണ് നിര്‍ദ്ദേശം നല്‍കിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. പോലീസ് ഫയര്‍ഫോഴ്‌സ് അടക്കം പൂര്‍ണസജ്ജമാണ്. കേന്ദ്ര സേനയോടും തയ്യാറാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം.
റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കുവാനും, മണ്ണിടിച്ചില്‍ മൂലമുള്ള അപകടങ്ങള്‍ക്ക് സാധ്യത ഉള്ളതിനാല്‍ വൈകീട്ട് 7 മുതല്‍ പകല്‍ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാനും നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കി.

 

 

web desk 1: