X

‘അയാൾ സിനിമയിലെ ഒരു കോമാളിയാണ്, മസിൽ ഉണ്ടന്നേയുള്ളു’; ഭീമൻ രഘുവിനെതിരെ രഞ്ജിത്ത്

നടന്‍ ഭീമന്‍ രഘു ഒരു കോമാളിയും മണ്ടനുമാണെന്ന് സംവിധായകനും നടനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത്. മസില്‍ ഉണ്ടെന്നേയുള്ളൂ, രഘു സിനിമയിലെ കോമാളിയാണെന്നും രഞ്ജിത്ത് പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവനും ഭീമന്‍ രഘു എഴുന്നേറ്റു നിന്നു കേട്ടതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മനസ് തുറന്നത്. മുഖ്യമന്ത്രി അദ്ദേഹത്തെ മൈന്‍ഡ് ചെയ്തില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

”15 മിനിറ്റ് സംസാരിച്ചപ്പോഴും ഭീമന്‍ രഘു എഴുന്നേറ്റുനിന്ന ഭാഗത്തേക്ക് പോലും പിണറായി നോക്കിയില്ല എന്നുള്ളതാണ്, സത്യത്തില്‍ എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം കൂടിപോകുന്നതും അതുകൊണ്ടാണ്. ‘രഘൂ അവിടെ ഇരിക്കൂ’ എന്ന് ഇദ്ദേഹം പറഞ്ഞാല്‍ അവന്‍ ആളായി, അങ്ങനെ പുള്ളി ആരെയും ആളാക്കില്ല. സിനിമയിലെ ഒരു കോമാളിയാണ് ഭീമന്‍ രഘു. മസില്‍ ഉണ്ടെന്നേ ഉള്ളൂ. ഞങ്ങള്‍ എത്രകാലമായി കളിയാക്കിക്കൊല്ലുന്ന ഒരാള്‍ ആണ്. മണ്ടന്‍ ആണ്” രഞ്ജിത്ത് പറയുന്നു.

”നമ്മുടെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു രഘൂ നിങ്ങളെ ശക്തികൊണ്ടും ബുദ്ധികൊണ്ടും കീഴ്‌പ്പെടുത്താന്‍ എനിക്കാകില്ലെന്ന്. ശക്തികൊണ്ട് ആകില്ല, ബുദ്ധികൊണ്ട് എങ്ങനെ ആണെന്ന് മനസിലായില്ല എന്ന് രഘു ചോദിച്ചു. ഉടനെ നമ്മുടെ സുഹൃത്തു പറഞ്ഞു ഞാന്‍ ഇത് തമാശ പറഞ്ഞതാണെന്ന് പോലും നിനക്ക് മനസിലായില്ലല്ലോ, അതാണ് എന്ന്. അതുപോലും പുള്ളിക്ക് മനസിലായില്ല എന്നതാണ്” രഞ്ജിത്ത് പറയുന്നു.

അതേസമയം, മീശ പിരിക്കുന്നതുള്‍പ്പെടെയുള്ള നിരവധി താന്‍പോരിമയുള്ള കഥാപാത്രങ്ങള്‍ രഞ്ജിത്തിന്റെ സിനിമയിലൂടെ വന്നിട്ടുണ്ടല്ലോ, അത്തരം ആല്‍ഫാ മെയില്‍ ലീഡ് റോളുകളുടെ കാലം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ എന്നുള്ള ചോദ്യത്തിന്, തന്റെ ബന്ധുക്കളായ നിരവധി പുരുഷന്മാരാണ് അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ തന്നെ സ്വാധീനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

webdesk14: