X

ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

കൊച്ചി; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഇഡിയും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളിലെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതി തള്ളിയത്. ശിവശങ്കരിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജന്‍സികള്‍ ശക്തമായി എതിര്‍ത്തിരുന്നു. ഇതോടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമുണ്ടാകില്ല.

നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണം കടത്തിയെന്ന കസ്റ്റംസ്, എന്‍ഫോഴ്‌മെന്റ് കേസുകളില്‍ മുന്‍കൂര്‍ ജാമ്യം തേടിക്കൊണ്ടുള്ള ഹര്‍ജിയിലാണ് കോടതി വിധി. അതേസമയം, സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.

സ്വപ്‌നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നും കള്ളപ്പണം വെളിപ്പിക്കുന്നതിനു ശിവശങ്കര്‍ സഹായം ചെയ്തിട്ടുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ പദവി സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ ഉപയോഗിച്ചു. കാര്‍ഗോ ക്ലിയര്‍ ചെയ്യാന്‍ ശിവശങ്കര്‍ കസ്റ്റംസ് അധികൃതരെ വിളിച്ചു. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഇഡി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു.

chandrika: