ചെന്നൈ: തമിഴ്‌നാട് മധുരയില്‍ വോട്ട് ചെയ്യാന്‍ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ ബിജെപി ബൂത്ത് ഏജന്റ് തടഞ്ഞു. ഹിജാബ് ധരിച്ച് പോളിങ് ബൂത്തില്‍കയറരുത് എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. നഗര തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം.
മധുരയിലെ വോട്ടിങ് സെന്ററില്‍ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ നിര്‍ബന്ധിച്ച് ഇയാള്‍ പുറത്താക്കുകയായിരുന്നു. സംഭവത്തില്‍ ഡിഎംകെയും എ.ഐ.എ.ഡിഎംകെയും വിഷയത്തില്‍ എതിര്‍പ്പ് പ്രകടപ്പിച്ചതോടെ ബൂത്ത് ഏജന്റായ ഗിരിജനെ പൊലീസ് ബൂത്തില്‍ നിന്ന് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ പ്രകാരം, വോട്ടര്‍ ലിസ്റ്റ് പരിശോധിച്ച ഇയാള്‍, ഇത്തരത്തില്‍ മുഖം മറച്ച് വരുന്നവരെ എങ്ങനെ തിരിച്ചറിയുമെന്നാണ് ചോദിക്കുന്നത്.
അതേസമയം ബിജെപി നിലാപാട് തള്ളി ഡിഎംകെ രംഗത്തെത്തി. ബിജെപിയുടെ ഇത്തരം കോമാളിത്തം തമിഴ്നാട് സര്‍ക്കാരോ ജനങ്ങളോ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ എംഎല്‍എയുമായ ഉദയനിധി സ്റ്റാലിനും പ്രതികരിച്ചു.ശരിയായ ആളെ മാത്രമേ തമിഴ്‌നാട്ടിലെ ജനങ്ങള്‍ തെരഞ്ഞെടുക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു. മനുഷ്യര്‍ മനുഷ്യര്‍ക്കെതിരെ മതത്തിന്റെ പേരില്‍ തിരിയുന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്, ഒരു സ്ത്രീ എന്ത് ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും ഡിഎംകെ എംപി കനിമൊഴി പറഞ്ഞു.
കര്‍ണാടകയിലെ ഹിജാബ് വിവാദത്തിന്റെ തുടര്‍ച്ചയായുള്ള പ്രതിഫലനങ്ങളാണ് തമിഴ്‌നാട്ടിലും പ്രകടമാകുന്നത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിധിക്കായുള്ള കാത്തിരിപ്പിലാണ് കേളജുകളും വിദ്യാര്‍ത്ഥികളും. നിലവില്‍ ഹിജാബോ, കാവി തലപ്പാവോ ധരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കേണ്ടെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്.