X
    Categories: indiaNews

ഒരു ഗ്രാമത്തിലെ ഒരാളൊഴികെ എല്ലാവര്‍ക്കും കോവിഡ്; ഭൂഷണ്‍ വൈറസിനെ അകറ്റി നിര്‍ത്തിയത് ഇങ്ങനെ

ഷിംല: ഒരു ഗ്രാമത്തിലെ എല്ലാവര്‍ക്കും കോവിഡ് പോസിറ്റീവാവുക, മധ്യവയസ് പിന്നിട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ മാത്രം വൈറസ് ബാധയെ പ്രതിരോധിക്കുക. ഹിമാചല്‍ പ്രദേശിലെ ലാഹോല്‍-സ്പിതി ജില്ലയിലെ വിദൂര ഗ്രാമമായ തൊരാംഗില്‍ നിന്നാണ് ഈ കൗതുകമുണര്‍ത്തുന്ന വാര്‍ത്ത. 52 കാരനായ ഭൂഷണ്‍ താക്കൂറാണ് കോവിഡ് ബാധയില്‍ നിന്ന് രക്ഷപ്പെട്ട ഈ മനുഷ്യന്‍. മറ്റുള്ളവരേക്കാള്‍ ഉയര്‍ന്ന പ്രതിരോധശേഷി കാരണമല്ല മറിച്ച് അടിസ്ഥാനപ്രതിരോധമാര്‍ഗങ്ങള്‍ കൃത്യമായി പിന്തുടര്‍ന്നതാണ് ഭൂഷണ്‍ വൈറസിനെ നിന്ന് അകറ്റി നിര്‍ത്തിയത്.

പൂജ്യം ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ താഴ്ന്ന താപനിലയാണ് ഇപ്പോള്‍ തൊരംഗില്‍. ഗ്രാമത്തില്‍ കോവിഡ് പരിശോധനയ്ക്ക് വിധേരായ 42 പേരില്‍ 41 പേര്‍ക്കും രോഗം ബാധിച്ചപ്പോള്‍ ഭൂഷണില്‍ നിന്ന് മാത്രം വൈറസ് അകന്നു നിന്നു. മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസറിന്റെ ഉപയോഗവും സാമൂഹികാകലം പാലിക്കുന്നതും തന്നെ കോവിഡില്‍ നിന്ന് സംരക്ഷിച്ചതായി ഭൂഷണ്‍ സാക്ഷ്യപ്പെടുത്തുന്നു.

ഭൂഷണിന്റെ കുടുംബത്തില്‍ ആറ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അവരില്‍ നിന്ന് മാറി മറ്റൊരു മുറിയിലാണ് ഭൂഷണ്‍ കഴിഞ്ഞത്. സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്തു. പ്രദേശത്തെ തണുപ്പാണ് കോവിഡ് പകരാന്‍ പ്രധാനകാരണമെന്ന് ഭൂഷണ്‍ പറയുന്നു. തണുപ്പ് വര്‍ധിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആളുകള്‍ കൂട്ടമായി തീകായുകയും ഒരേ മുറിയില്‍ തങ്ങുകയും ചെയ്യുന്നത് വൈറസ് പകരാനിടയാക്കുമെന്ന് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

ഗ്രാമത്തിലെ ആകെ ജനസംഖ്യ 160 ആണ്. താരപനില കുറയുമ്പോള്‍ ആളുകള്‍ മറ്റ് ഗ്രാമങ്ങളിലേക്ക് മാറിത്താമസിക്കുകയാണ് പതിവ്. കുറേ പേര്‍ ഗ്രാമം വിട്ടു പോയതിന് ശേഷം അവശേഷിച്ച 42 പേര്‍ക്കാണ് നവംബര്‍ 13 ന് കോവിഡ് പരിശോധന നടത്തിയത്. അതില്‍ 41 പേരും പോസിറ്റീവായി. ശനിയാഴ്ച നടത്തിയ പുനഃപരിശോധനയില്‍ ചിലരൊക്കെ നെഗറ്റീവായതായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ പങ്കജ് റായി പറഞ്ഞു.

ഒക്ടോബര്‍ 13 ന് ഗ്രാമത്തില്‍ ആഘോഷപരിപാടി നടന്നിരുന്നു. ഇതില്‍ ആളുകള്‍ സംഘം ചേര്‍ന്നതാവാം കോവിഡ് പകരുന്നതിന് കാരണമായതെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനമോ ആളുകളുടെ സഞ്ചാരമോ ആവാം രോഗപകര്‍ച്ചയ്ക്ക് കാരണമെന്നും ശരിയായ കാരണം കണ്ടെത്തുന്നത് പ്രയാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം സ്ഥിരീകരിച്ചവരില്‍ ആരുടേയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍ എംഎല്‍ ബന്ധു അറിയിച്ചു.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: