X
    Categories: indiaNews

ഹിമാചല്‍, കര്‍ണാടക വിജയം; മറ്റു സംസ്ഥാനങ്ങളിലും തന്ത്രങ്ങള്‍ മെനയാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും നേടിയ മിന്നും ജയത്തിന്റെ ആവേശത്തില്‍ മറ്റു സംസ്ഥാനങ്ങളിലും തന്ത്രങ്ങള്‍ മെനയാനൊരുങ്ങി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗം വിളിച്ചു. ബുധനാഴ്ച ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം പങ്കെടുക്കുമെന്നാണ് വിവരം. തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളുടെ യോഗമാണ് വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഈവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളാണ് ഇവ നാലും. കര്‍ണാടകയിലും ഹിമാചലിലും നടപ്പാക്കിയ രാഷ്ട്രീയ തന്ത്രങ്ങളും പ്രചാരണ തന്ത്രങ്ങളും ഈ സംസ്ഥാനങ്ങളിലും നടപ്പാക്കുന്നതിനുള്ള സാധ്യത തേടുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. താരതമ്യേന കോണ്‍ഗ്രസ് അടിത്തറ ശക്തമായ സംസ്ഥാനങ്ങളാണ് ഇവ നാലും എന്നത് പ്രതീക്ഷ നല്‍കുന്ന വലിയ ഘടകമാണ്. ഇതില്‍ തന്നെ രാജസ്ഥാന്‍ നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ്. മറ്റു മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷമാണ്. അശോക് ഗേലോട്ട് – സച്ചിന്‍ പൈലറ്റ് തര്‍ക്കമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്ടിക്കുന്നത്. ഇത് പരിഹരിച്ച് മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ നാലു സംസ്ഥാനങ്ങളിലും വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ നേതൃത്വം തുടരുന്നുണ്ട്. പരസ്യ നീക്കങ്ങളുമായി രംഗത്തെത്തിയിട്ടും പൈലറ്റിനെതിരെ നടപടിയുണ്ടാവില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ പറഞ്ഞത് അനുനയ ശ്രമങ്ങളുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.

അതേസമയം തന്നെ കലഹിച്ച് പാര്‍ട്ടി വിട്ടവരുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് ആലോചിച്ചു നോക്കണമെന്ന മുന്നറിയിപ്പും അദ്ദേഹം സച്ചിന്‍ പൈലറ്റിന് നല്‍കിയിട്ടുണ്ട്. മധ്യപ്രദേശ് ആണ് കോണ്‍ഗ്രസ് പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു സംസ്ഥാനം. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തിലാണ് 2020ല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. 22 എം.എല്‍.എമാരെ അടര്‍ത്തിമാറ്റി ബി.ജെ.പിക്കൊപ്പം ചേര്‍ന്നാണ് സിന്ധ്യ കമല്‍നാഥ് സര്‍ക്കാറിനെ വീഴ്ത്തിയത്.

ഇതില്‍ ഭൂരിഭാഗം എം. എല്‍.എമാരും പിന്നീട് ബി. ജെ.പി ടിക്കറ്റില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട് ജയിച്ചിരുന്നു. എന്നാല്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള നിലവിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ ജനരോഷം ശക്തമാണ്. മറുപക്ഷത്തെത്തിയെങ്കിലും അര്‍ഹിച്ച പരിഗണനന ലഭിക്കാത്തതില്‍ സിന്ധ്യക്കൊപ്പം പോയവരില്‍ ഒരു വിഭാഗം അസംതൃപ്തരുമാണ്. ഈ രണ്ട് ഘടകങ്ങളും മുതലെടുക്കാന്‍ കഴിഞ്ഞാല്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

തെലുങ്കാനയില്‍ കോണ്‍ഗ്രസ് എങ്ങനെ തന്ത്രം മെനയും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത രാഷ്ട്ര സമിതി(ബി.ആര്‍.എസ് – പഴയ ടി.ആര്‍.എസ്) ആണ് എതിര്‍പക്ഷത്തുള്ളത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ആര്‍.എസ് അടക്കമുള്ള കക്ഷികളെ ഉള്‍പ്പെടുത്തി ബി. ജെ.പി വിരുദ്ധ മഹാസഖ്യത്തിന് ശ്രമം തുടരുന്ന സാഹചര്യത്തില്‍, ഇതിന് മുറിവേല്‍പ്പിക്കാത്ത വിധത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ കൈകാര്യം ചെയ്യാന്‍ കഴിയണം. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ വെല്ലുവിളിയാണ്. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ വലിയ ആത്മവിശ്വാസം നിറച്ചിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കര്‍ണാടകയിലെ വിജയത്തില്‍ ജോഡോ യാത്ര വലിയ ഘടകമായി വര്‍ത്തിച്ചെന്ന് നേതാക്കള്‍ തന്നെ ആവര്‍ത്തിച്ച് പറയുന്നുണ്ട്. പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചതും ജനപക്ഷ ഭരണകൂടങ്ങളെ സ്വപ്‌നം കാണുകയും വെറുപ്പിന്റെ രാഷ്ട്രീയത്തെ പടിക്കു പുറത്തു നിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരെ കോണ്‍ഗ്രസുമായി അടുപ്പിച്ചതും ജോഡോ യാത്രയുടെ ഗുണഫലമായാണ് ചിത്രീകരിക്കുന്നത്. ഇത് രാജസ്ഥാനും ഛത്തീസ്ഗഡും മധ്യപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളിലും പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.

സൗജന്യ വൈദ്യുതിയും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും വീട്ടമ്മമാര്‍ക്ക് പ്രതിമാസ സാമ്പത്തിക സഹായവും അടക്കം കര്‍ണാടകയില്‍ നല്‍കിയ ജനകീയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സിദ്ധരാമയ്യ സര്‍ക്കാറിന്റെ പ്രഥമ മന്ത്രിസഭാ യോഗത്തില്‍ തന്നെ തീരുമാനമെടുത്തതും കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ ഇത് ഉയര്‍ത്തിക്കാട്ടിയാകും കോണ്‍ഗ്രസ് പ്രചാരണം.

 

webdesk11: