X

മോദിയുടെ “പരീക്ഷാ പര്‍ ചര്‍ച്ച”; കേള്‍ക്കാനെത്തിയ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ഇരിപ്പിടം തൊഴുത്തില്‍

സംഭവത്തില്‍ വിശദീകരണം തേടി അന്വേഷണ കമ്മീഷന്‍ സംഘം ഇന്ന് സ്‌കൂള്‍ സന്ദര്‍ശിക്കും (ഹിമാചലിലെ സ്‌കൂള്‍; സൂചക ചിത്രം)

ഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പരീക്ഷാ പര്‍ ചര്‍ച്ച’ ടി.വിയില്‍ കാണാനെത്തിയ ദളിത് വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തൊഴുത്തില്‍ ഇരുത്തിയതായി പരാതി. ഹിമാചല്‍പ്രദേശില്‍ കുളു ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് കുട്ടികളെ കുതിരകളെ പരിപാലിക്കുന്ന സ്ഥലത്ത് ഇരുത്തിയത്. പരിപാടി കാണാനായി എത്തിയപ്പോള്‍ അധ്യാപികയായ മെഹര്‍ ചന്ദ് മുറിക്കു പുറത്തുപോയിരിക്കുവാന്‍ ആവശ്യപ്പെട്ടെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണര്‍ക്കു ലഭിച്ച പരാതിയില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ പരിപാടി കുട്ടികള്‍ കാണുന്നതിനുള്ള സൗകര്യങ്ങള്‍ വെള്ളിയാഴ്ച സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ്് കമ്മിറ്റി അധികൃതരുടെ താമസസ്ഥലത്ത് വെച്ചായിരുന്നു പരിപാടി സംപ്രേഷണം ചെയ്തത്. നിങ്ങള്‍ക്ക് കാണാനായി പുറത്ത് ടിവി സ്ഥാപിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് കുട്ടികളെ മറ്റ് കുട്ടികളില്‍ നിന്ന് മാറ്റിയത്. കുതിരകളെ സംരക്ഷിക്കുന്ന സ്ഥലത്ത് ഇരുത്തിയെന്നും പരിപാടി കഴിയുന്നത് വരെ പുറത്ത് പോകരുതെന്ന് ആവശ്യപ്പെട്ടതായും കുട്ടികള്‍ പരാതിയില്‍ വ്യക്തമാക്കി. സ്‌കൂളില്‍ ഉച്ചഭക്ഷണ സമയത്ത് തങ്ങള്‍ നേരിടുന്ന ജാതിവിവേചനത്തെക്കുറിച്ചും കുട്ടികള്‍ പരാതിപ്പെട്ടു. ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ പെട്ട കുട്ടികളെ ഉച്ചഭക്ഷണ സമയത്ത് മാറ്റിയിരുത്തുകയാണ് പതിവെന്ന് ഇവര്‍ പറയുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഖേദപ്രകടനം നടത്തി. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസമന്ത്രി സുരേഷ് ഭരദ്വാജ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും മേഖലയില്‍ പ്രചരിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഖേദം പ്രകടിപ്പിക്കുകയും കുട്ടികളോട് ക്ഷമാപപണം നടത്തുകയും ചെയ്തു.

chandrika: