X

ഹിന്ദു പ്രത്യയശാസ്ത്രവല്‍ക്കരണത്തിലൂടെ മുസ്‌ലിംകള്‍ അപരവല്‍ക്കരിക്കപ്പെടുന്നു: സച്ചിദാനന്ദന്‍

തിരുവനന്തപുരം: ഹിന്ദുപ്രത്യയശാസ്ത്രവല്‍ക്കരണത്തിലൂടെ മുസ്‌ലിംകള്‍ അപരവല്‍ക്കരിക്കപ്പെടുകയാണെന്നും ഇത് സായുധമായ ലഹളകളിലേക്കോ തീവ്രവാദത്തിലേക്ക് നയിക്കപ്പെടാമെന്നും പ്രശസ്ത കവി സച്ചിദാനന്ദന്‍. ‘ഹാദിയ പൗരാവകാശങ്ങളുടെ നിലവിളി’ എന്ന വിഷയത്തില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച ബഹുജനസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആണും പെണ്ണും അടുത്തിടപെടാന്‍ മുന്‍പത്തേക്കാളും ഇന്ന് അവസരമുണ്ട്. ഇത് പ്രണയത്തിലോ വിവാഹത്തിലോ കലാശിക്കുന്നത് സ്വാഭാവികം. വിവാഹത്തിലൂടെ ഒരു മതത്തില്‍ പെടുന്നയാള്‍ മുസ്‌ലിമായാല്‍ ലൗ ജിഹാദ്. എന്നാല്‍ ക്രിസ്ത്യാനിയോ ഹിന്ദുവോ ആയാല്‍ ഈ പ്രശ്‌നവുമില്ല. മുസ്‌ലിമിനെ വിവാഹം ചെയ്താല്‍ വലിയ പാപമെന്നാണ് മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കുന്നത്. ഡല്‍ഹിയിലും മറ്റും കണ്ടിരുന്ന തരംതിരിവ് കേരളത്തിലും പ്രകടമാകുകയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

മധ്യകാലത്തേക്ക് ഇന്ത്യയെ കൈപിടിച്ച് നടത്താന്‍ ഭരണകക്ഷികളും അതിന് കൂട്ടുപിടിക്കുന്നവരും ശ്രമിക്കുന്നു. ഇതിന് അപവാദമായി മതേതര സംസ്‌കാരം ഉയര്‍ത്തി നിലകൊണ്ട സംസ്ഥാനമാണ് കേരളം. ആ കേരളത്തേയും മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അതിലേക്ക് കേരളത്തെ നയിക്കാനുള്ള ആസൂത്രിതമായ നീക്കമായേ ഹാദിയ സംഭവത്തേയും അനുബന്ധ സംഭവത്തേയും വിലയിരുത്താനാകു. ഹാദിയയുടെ നിലവിളി ആയിരങ്ങളുടെ ഇടയില്‍ മുങ്ങിപ്പോകരുത്. അവളെ രക്ഷപ്പെടുത്താനുള്ള കൂട്ടായ്മ ഉയര്‍ന്നു വരണം. ഒരു പെണ്‍കുട്ടി തനിക്ക് ബോധിച്ച ഒരാളെ ജീവിത പങ്കാളിയായി കണ്ടെത്തുന്നതോ തനിക്കിഷ്ടപ്പെട്ട മതം സ്വീകരിക്കുന്നതോ കുറ്റമായി കാണുന്നതില്‍ മനുഷ്യാവകാശപ്രശ്‌നമുണ്ട്. പല രീതിയിലുളള വിദ്വേഷ പ്രവര്‍ത്തനത്തിലൂടെ നാട്ടില്‍ നടക്കുന്ന സാമാന്യ സംഭവങ്ങളെ ഭീകരമായ രീതിയില്‍ ചിത്രീകരിക്കാനും സമൂഹത്തെ പിന്നോട്ടു വലിക്കാനും ചില ശക്തികള്‍ ശ്രമിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ജനാധിപത്യസമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടു കൂട. ഇത് പരക്കെ ചര്‍ച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

വൈക്കം പോലെ മുസ്‌ലിം സാന്നിധ്യം തീരെയില്ലാത്ത ഒരു പ്രദേശത്ത് ആരുടെയും പ്രേരണയില്ലാതെയാണ് അഖില എന്ന ഹാദിയ മുസ്‌ലിമായത്. താന്‍ ഇസ്‌ലാം മതം സ്വീകരിച്ചത് സ്വമനസാലെ ആണെന്ന് അവള്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ചൂഷണത്തിന് ഇരയാകാമെന്നും ക്ഷീണിതയാണെന്നുമുള്ള വിലയിരുത്തലിലൂടെ 24 വയസുകാരിയായ ഹാദിയയെ കോടതി വെറും അഞ്ചു വയസുള്ള കൂട്ടിയായായാണ് കാണുന്നത്. ഹാദിയയുടെ വിവാഹം അസാധുവാക്കുന്നതിന് കാരണമായി കോടതി പറയുന്നതും ഇതാണ്. വിവാഹം അസാധുവാക്കിയ കോടതിയുടെ വിധി രാജ്യത്തെ നിയമസംവിധാനങ്ങള്‍ക്ക് നിരക്കുന്നതല്ല. ഹാദിയയുടെ പിതാവും കോടതിയും സംഘികളുമെല്ലാം പിന്തുടരുന്ന വഴി ഒന്നാണെന്നാണ് തെളിയുന്നത്.

ഇന്ത്യയിലെ പൊതുസമൂഹം വെച്ചുപുലര്‍ത്തുന്ന മുന്‍വിധികള്‍ കോടതിവിധിയേയും സ്വാധീനിച്ചതായി കരുതാം. പച്ചയായ സ്ത്രീവിരോധവും പുരുഷമേധാവിത്വവും വിധിയെ വികലമാക്കുന്നു. മുസ്‌ലിംവിരോധവും വിധിയില്‍ നിഴലിക്കുന്നു. ലൗ ജിഹാദുണ്ടോയെന്ന് പരിശോധിക്കാന്‍ ദേശീയ കുറ്റാന്വേഷണ ഏജന്‍സിയെ ഏല്‍പ്പിച്ചത് കോടതിയുടെ മുന്‍വിധിയാണെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

chandrika: