X

ഹിന്ദിയും ഒരു രാഷ്ട്രീയായുധം

രാജ്യത്ത് ഹിന്ദിഭാഷ നിര്‍ബന്ധിതമാക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ അടുത്തകാലത്തുളള നടപടികള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്ററിസമിതി ആറുവര്‍ഷം മുമ്പ് ശുപാര്‍ശ ചെയ്തതുപ്രകാരം ഹിന്ദിഭാഷയെ രാജ്യത്തെ മുഴുവന്‍ ഔദ്യോഗികമേഖലകളിലും വ്യാപിപ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗികഭാഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് രാഷ്ട്രപതിക്ക് അയക്കുകയും അത് രാഷ്ട്രപതി ഒപ്പിട്ട് നല്‍കിയിരിക്കുകയുമാണ്. ശുപാര്‍ശയിലെ 117ല്‍ 111 നിര്‍ദേശങ്ങളും രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് പാഠ്യപദ്ധതിയിലും കേന്ദ്രസര്‍ക്കാരിന് കീഴിലെ പൊതുപരീക്ഷകളിലും മന്ത്രിമാരുടെ പ്രസംഗങ്ങളിലും വരെ ഹിന്ദി ഉപയോഗിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇതിന്റെ ചുവടുപിടിച്ച് സി.ബി.എസ്.ഇ യും പ്രൈമറിതലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെ ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് ഹിന്ദി നിര്‍ബന്ധമാക്കുക, ഹിന്ദിയില്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കുക, ഇംഗ്ലീഷിനെക്കാളും കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ ഹിന്ദിയില്‍ നല്‍കുക, റെയില്‍വെടിക്കറ്റിലും അറിയിപ്പുകളിലും ഹിന്ദി നിര്‍ബന്ധമായും ഉള്‍പെടുത്തുക തുടങ്ങിയവയാണ് നടപ്പാക്കുന്നത്. സംസ്ഥാനങ്ങള്‍ക്കെല്ലാം കേന്ദ്രം ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിക്കഴിഞ്ഞു.

നാല്‍പത്തൊന്നുശതമാനം പേര്‍മാത്രം സംസാരിക്കുന്ന രാജ്യത്തെഭാഷയായ ഹിന്ദിയെ ബാക്കി 59 ശതമാനം പേരുടെമേല്‍ അടിച്ചേല്‍പിക്കാനുള്ള നീക്കമാണിതെന്ന് ശക്തമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. തെലുങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിട്ടും കേരളസര്‍ക്കാര്‍ മാത്രം ഇക്കാര്യത്തില്‍ തുടരുന്ന മൗനം ദുരൂഹമാണ്. രാജ്യത്തിന്റെ തലസ്ഥാനമടക്കമുള്ള സംസ്്ഥാനങ്ങളില്‍ ഹിന്ദിയാണ് മാതൃഭാഷ എന്നതുശരിതന്നെ. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണമായും പഞ്ചാബ്, ഗുജറാത്ത്്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭാഗികമായും ഹിന്ദി ഉപയോഗിക്കപ്പെടുന്നുണ്ടെന്നതുശരിതന്നെ. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും പരിജ്ഞാനമില്ലാത്ത ഭാഷയെ ഔദ്യോഗിക നിര്‍വഹണത്തിനായി ഉപയോഗിക്കുന്നതിനെ ഏതളവുകോലുകൊണ്ടും ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണ്.
പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് ഹിന്ദി പ്രധാനഔദ്യോഗികഭാഷയാക്കണമെന്ന നിര്‍ദേശത്തിനെതിരെ തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമാണുയര്‍ന്നത്. തമിഴ്‌നാട്ടില്‍ ഇത് തമിഴ്ഭാഷയോടും സംസ്‌കാരത്തോടുമുള്ള വെല്ലുവിളിയായാണ് ആ ജനത കണ്ടത്. ഈ പ്രക്ഷോഭമാണ് തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളുടെ ഉയിര്‍ത്തെഴുന്നേല്‍പിനും ദേശീയ പാര്‍ട്ടികളുടെ ശൈഥില്യത്തിനും കാരണമായത്. ശക്തമായ ഹിന്ദിവിരുദ്ധപ്രക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്രം ത്രിഭാഷാപദ്ധതി പ്രഖ്യാപിക്കുകയായിരുന്നു.
ഹിന്ദിക്കുപുറമെ അതാതുസംസ്ഥാനങ്ങളിലെ മാതൃഭാഷയും ഇംഗ്ലീഷും ചേര്‍ത്ത് മാത്രമേ ഔദ്യോഗികമേഖലയില്‍ ഭാഷ ഉപയോഗിക്കാവൂ എന്ന അടിസ്ഥാനത്തിലായിരുന്നു അത്. എന്നാല്‍ 1963ലെ ഔദ്യോഗികഭാഷ സംബന്ധിച്ച ആ നിയമത്തെ മറികടന്നുകൊണ്ടുള്ള നീക്കമാണ് ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിട്ടുള്ളത്. കേരളത്തിലടക്കം മാതൃഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഹിന്ദിയെ അടിച്ചേല്‍പിക്കാന്‍ കേന്ദ്രം ശ്രമിച്ചതെന്നത് കൗതുകരമാകുന്നു. മലയാളവും ഹിന്ദിയും നിര്‍ബന്ധമാകുന്നതോടെ കുട്ടികള്‍ക്ക് പഠനം സങ്കീര്‍ണമാകും. ഹിന്ദി പരിപോഷിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ഇത് പാര്‍ലമെന്റിന്റെ നിയമം അനുസരിച്ചാണെന്നുമാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പറയുന്നതെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ മന്ത്രി ഉദ്ദേശിക്കുന്നതിലും ദൂരവ്യാപകമാണ്്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ 2015 മേയില്‍ ഹിന്ദി കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗികരേഖകളില്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിടുകയുണ്ടായി.
തെക്കേഇന്ത്യ മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിന്ദി അറിയാത്തവരാണ് ബഹുഭൂരിപക്ഷവും. വിദ്യാലയങ്ങളില്‍ നിന്ന് രണ്ടാംഭാഷയായി പഠിച്ച് നേടുന്ന അറിവുള്ളവര്‍ മാത്രമാണ് ഇതുമനസ്സിലാക്കാന്‍ കഴിയുന്നവര്‍. അങ്ങനെയിരിക്കെ സുതാര്യതയുടെയും മാക്‌സിമം ഗവേണന്‍സിന്റെയും ഇക്കാലത്ത് ഔദ്യോഗികഭാഷ ഹിന്ദി വേണമെന്ന് വാശിപിടിക്കുന്നതിനെ ശുദ്ധ അസംബന്ധമെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഹിന്ദി പരിപോഷിപ്പിക്കപ്പെടേണ്ടതാണെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ, ഇംഗ്ലീഷ് പോലെ ഒരു രാഷ്ട്രാന്തരീയ ഭാഷയുടെ സാംഗത്യം നാം മറന്നുകൂടാ. പല ശാസ്ത്രവിഷയങ്ങളും ഇംഗ്ലീഷിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മാതൃഭാഷയാകട്ടെ ഒരു വ്യക്തിയുടെ അമ്മിഞ്ഞപ്പാലിന് തുല്യവും. ഇതിനിടെ ഹിന്ദി കൂടി ഉപയോഗിക്കണമെന്നുവരുന്നത് അപ്രായോഗികമാണ്.
അതേസമയം ‘ഹിന്ദി’യെ ഒരു രാഷ്ട്രീയായുധമായി ഉപയോഗിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ബി.ജെ.പിയെയും സഖ്യസംഘടനകളെയും സംബന്ധിച്ചിടത്തോളം ഈ നടപടിയില്‍ അല്‍ഭുതം തോന്നുന്നില്ല. ശാസ്ത്രീയമായ വിഷയങ്ങളെ തികച്ചും പ്രാകൃതരീതിയില്‍ വ്യാഖ്യാനിക്കുന്ന മന്ത്രിമാര്‍ ബി.ജെ.പിയുടേതായി ഉള്ളപ്പോള്‍ വിശേഷിച്ചും. മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും പേരില്‍ വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്നത് പാര്‍ട്ടി തന്ത്രമായി ദേശീയ രാഷ്ട്രീയത്തില്‍ പതിവായിരിക്കുന്നു. അടുത്തിടെയാണ് ദക്ഷിണേന്ത്യക്കാരെ മുഴുവന്‍ കറുത്തവരെന്ന് ആക്ഷേപിക്കുന്ന പരാമര്‍ശം ഒരു ബി.ജെ.പി നേതാവില്‍ നിന്ന് കേട്ടത്. ശാസ്ത്രവും സാങ്കേതികവിദ്യയും സാര്‍വലൗകികമായി വികാസം പ്രാപിക്കുന്ന ഘട്ടത്തില്‍ ഇന്ത്യന്‍ ജനതയെ ഇരുട്ടറകളിലേക്ക് തള്ളിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഹിന്ദിയോടുള്ള ഈ അമിതപ്രേമത്തെയും കാണാന്‍. വിമര്‍ശനം കടുക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് സ്വേച്ഛയനുസരിച്ച് പ്രവര്‍ത്തിക്കാമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാലും കേന്ദ്രസര്‍ക്കാര്‍-വിദ്യാഭ്യാസ മേഖലകളില്‍ ഒരു പ്രത്യേക ഭാഷയെ കയ്ക്കുന്ന കഷായമായി ഇറക്കേണ്ട അവസ്ഥ രാജ്യത്തെ പൗരന്മാര്‍ക്ക് വന്നുചേര്‍ന്നുകൂടാ.

chandrika: