Connect with us

Video Stories

ഹിന്ദിയും ഒരു രാഷ്ട്രീയായുധം

Published

on

രാജ്യത്ത് ഹിന്ദിഭാഷ നിര്‍ബന്ധിതമാക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നതായി കേന്ദ്രസര്‍ക്കാരിന്റെ അടുത്തകാലത്തുളള നടപടികള്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്ററിസമിതി ആറുവര്‍ഷം മുമ്പ് ശുപാര്‍ശ ചെയ്തതുപ്രകാരം ഹിന്ദിഭാഷയെ രാജ്യത്തെ മുഴുവന്‍ ഔദ്യോഗികമേഖലകളിലും വ്യാപിപ്പിക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗികഭാഷ സംബന്ധിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് രാഷ്ട്രപതിക്ക് അയക്കുകയും അത് രാഷ്ട്രപതി ഒപ്പിട്ട് നല്‍കിയിരിക്കുകയുമാണ്. ശുപാര്‍ശയിലെ 117ല്‍ 111 നിര്‍ദേശങ്ങളും രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് പാഠ്യപദ്ധതിയിലും കേന്ദ്രസര്‍ക്കാരിന് കീഴിലെ പൊതുപരീക്ഷകളിലും മന്ത്രിമാരുടെ പ്രസംഗങ്ങളിലും വരെ ഹിന്ദി ഉപയോഗിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇതിന്റെ ചുവടുപിടിച്ച് സി.ബി.എസ്.ഇ യും പ്രൈമറിതലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെ ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജോലിക്ക് ഹിന്ദി നിര്‍ബന്ധമാക്കുക, ഹിന്ദിയില്‍ പരീക്ഷയെഴുതാന്‍ അവസരം നല്‍കുക, ഇംഗ്ലീഷിനെക്കാളും കൂടുതല്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യങ്ങള്‍ ഹിന്ദിയില്‍ നല്‍കുക, റെയില്‍വെടിക്കറ്റിലും അറിയിപ്പുകളിലും ഹിന്ദി നിര്‍ബന്ധമായും ഉള്‍പെടുത്തുക തുടങ്ങിയവയാണ് നടപ്പാക്കുന്നത്. സംസ്ഥാനങ്ങള്‍ക്കെല്ലാം കേന്ദ്രം ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിക്കഴിഞ്ഞു.

നാല്‍പത്തൊന്നുശതമാനം പേര്‍മാത്രം സംസാരിക്കുന്ന രാജ്യത്തെഭാഷയായ ഹിന്ദിയെ ബാക്കി 59 ശതമാനം പേരുടെമേല്‍ അടിച്ചേല്‍പിക്കാനുള്ള നീക്കമാണിതെന്ന് ശക്തമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. തെലുങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിട്ടും കേരളസര്‍ക്കാര്‍ മാത്രം ഇക്കാര്യത്തില്‍ തുടരുന്ന മൗനം ദുരൂഹമാണ്. രാജ്യത്തിന്റെ തലസ്ഥാനമടക്കമുള്ള സംസ്്ഥാനങ്ങളില്‍ ഹിന്ദിയാണ് മാതൃഭാഷ എന്നതുശരിതന്നെ. ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍ പൂര്‍ണമായും പഞ്ചാബ്, ഗുജറാത്ത്്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഭാഗികമായും ഹിന്ദി ഉപയോഗിക്കപ്പെടുന്നുണ്ടെന്നതുശരിതന്നെ. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും പരിജ്ഞാനമില്ലാത്ത ഭാഷയെ ഔദ്യോഗിക നിര്‍വഹണത്തിനായി ഉപയോഗിക്കുന്നതിനെ ഏതളവുകോലുകൊണ്ടും ന്യായീകരിക്കാന്‍ ബുദ്ധിമുട്ടാണ്.
പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്ത് ഹിന്ദി പ്രധാനഔദ്യോഗികഭാഷയാക്കണമെന്ന നിര്‍ദേശത്തിനെതിരെ തെക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമാണുയര്‍ന്നത്. തമിഴ്‌നാട്ടില്‍ ഇത് തമിഴ്ഭാഷയോടും സംസ്‌കാരത്തോടുമുള്ള വെല്ലുവിളിയായാണ് ആ ജനത കണ്ടത്. ഈ പ്രക്ഷോഭമാണ് തമിഴ്‌നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളുടെ ഉയിര്‍ത്തെഴുന്നേല്‍പിനും ദേശീയ പാര്‍ട്ടികളുടെ ശൈഥില്യത്തിനും കാരണമായത്. ശക്തമായ ഹിന്ദിവിരുദ്ധപ്രക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്രം ത്രിഭാഷാപദ്ധതി പ്രഖ്യാപിക്കുകയായിരുന്നു.
ഹിന്ദിക്കുപുറമെ അതാതുസംസ്ഥാനങ്ങളിലെ മാതൃഭാഷയും ഇംഗ്ലീഷും ചേര്‍ത്ത് മാത്രമേ ഔദ്യോഗികമേഖലയില്‍ ഭാഷ ഉപയോഗിക്കാവൂ എന്ന അടിസ്ഥാനത്തിലായിരുന്നു അത്. എന്നാല്‍ 1963ലെ ഔദ്യോഗികഭാഷ സംബന്ധിച്ച ആ നിയമത്തെ മറികടന്നുകൊണ്ടുള്ള നീക്കമാണ് ബി.ജെ.പി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിട്ടുള്ളത്. കേരളത്തിലടക്കം മാതൃഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഹിന്ദിയെ അടിച്ചേല്‍പിക്കാന്‍ കേന്ദ്രം ശ്രമിച്ചതെന്നത് കൗതുകരമാകുന്നു. മലയാളവും ഹിന്ദിയും നിര്‍ബന്ധമാകുന്നതോടെ കുട്ടികള്‍ക്ക് പഠനം സങ്കീര്‍ണമാകും. ഹിന്ദി പരിപോഷിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ഇത് പാര്‍ലമെന്റിന്റെ നിയമം അനുസരിച്ചാണെന്നുമാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പറയുന്നതെങ്കിലും ഇതിന്റെ പ്രത്യാഘാതങ്ങള്‍ മന്ത്രി ഉദ്ദേശിക്കുന്നതിലും ദൂരവ്യാപകമാണ്്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ 2015 മേയില്‍ ഹിന്ദി കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗികരേഖകളില്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവിടുകയുണ്ടായി.
തെക്കേഇന്ത്യ മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഹിന്ദി അറിയാത്തവരാണ് ബഹുഭൂരിപക്ഷവും. വിദ്യാലയങ്ങളില്‍ നിന്ന് രണ്ടാംഭാഷയായി പഠിച്ച് നേടുന്ന അറിവുള്ളവര്‍ മാത്രമാണ് ഇതുമനസ്സിലാക്കാന്‍ കഴിയുന്നവര്‍. അങ്ങനെയിരിക്കെ സുതാര്യതയുടെയും മാക്‌സിമം ഗവേണന്‍സിന്റെയും ഇക്കാലത്ത് ഔദ്യോഗികഭാഷ ഹിന്ദി വേണമെന്ന് വാശിപിടിക്കുന്നതിനെ ശുദ്ധ അസംബന്ധമെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. ഹിന്ദി പരിപോഷിപ്പിക്കപ്പെടേണ്ടതാണെന്ന വാദം അംഗീകരിക്കുമ്പോള്‍ തന്നെ, ഇംഗ്ലീഷ് പോലെ ഒരു രാഷ്ട്രാന്തരീയ ഭാഷയുടെ സാംഗത്യം നാം മറന്നുകൂടാ. പല ശാസ്ത്രവിഷയങ്ങളും ഇംഗ്ലീഷിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മാതൃഭാഷയാകട്ടെ ഒരു വ്യക്തിയുടെ അമ്മിഞ്ഞപ്പാലിന് തുല്യവും. ഇതിനിടെ ഹിന്ദി കൂടി ഉപയോഗിക്കണമെന്നുവരുന്നത് അപ്രായോഗികമാണ്.
അതേസമയം ‘ഹിന്ദി’യെ ഒരു രാഷ്ട്രീയായുധമായി ഉപയോഗിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ബി.ജെ.പിയെയും സഖ്യസംഘടനകളെയും സംബന്ധിച്ചിടത്തോളം ഈ നടപടിയില്‍ അല്‍ഭുതം തോന്നുന്നില്ല. ശാസ്ത്രീയമായ വിഷയങ്ങളെ തികച്ചും പ്രാകൃതരീതിയില്‍ വ്യാഖ്യാനിക്കുന്ന മന്ത്രിമാര്‍ ബി.ജെ.പിയുടേതായി ഉള്ളപ്പോള്‍ വിശേഷിച്ചും. മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും പേരില്‍ വിഭാഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്നത് പാര്‍ട്ടി തന്ത്രമായി ദേശീയ രാഷ്ട്രീയത്തില്‍ പതിവായിരിക്കുന്നു. അടുത്തിടെയാണ് ദക്ഷിണേന്ത്യക്കാരെ മുഴുവന്‍ കറുത്തവരെന്ന് ആക്ഷേപിക്കുന്ന പരാമര്‍ശം ഒരു ബി.ജെ.പി നേതാവില്‍ നിന്ന് കേട്ടത്. ശാസ്ത്രവും സാങ്കേതികവിദ്യയും സാര്‍വലൗകികമായി വികാസം പ്രാപിക്കുന്ന ഘട്ടത്തില്‍ ഇന്ത്യന്‍ ജനതയെ ഇരുട്ടറകളിലേക്ക് തള്ളിക്കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഹിന്ദിയോടുള്ള ഈ അമിതപ്രേമത്തെയും കാണാന്‍. വിമര്‍ശനം കടുക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് സ്വേച്ഛയനുസരിച്ച് പ്രവര്‍ത്തിക്കാമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാലും കേന്ദ്രസര്‍ക്കാര്‍-വിദ്യാഭ്യാസ മേഖലകളില്‍ ഒരു പ്രത്യേക ഭാഷയെ കയ്ക്കുന്ന കഷായമായി ഇറക്കേണ്ട അവസ്ഥ രാജ്യത്തെ പൗരന്മാര്‍ക്ക് വന്നുചേര്‍ന്നുകൂടാ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഇന്ത്യ-പാക് പോരാട്ടം: കൊളംബോയിലേക്ക് വിമാന ടിക്കറ്റിന് ‘തീവില’

വിമാന ടിക്കറ്റിന് പിന്നാലെ കൊളംബോയിലെ ഹോട്ടല്‍ നിരക്കുകളിലും വര്‍ധന.

Published

on

കൊളംബോ: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഞായറാഴ്ച നടക്കുമെന്ന് ഉറപ്പായതോടെ വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ കുതിപ്പ്. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാകിസ്താന്‍ കളിക്കാനിറങ്ങുമെന്ന് വ്യക്തമായതോടെയാണ് ടിക്കറ്റിന് ‘തീവില’യായത്.

അവസാന നിമിഷം കളി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പ്രമുഖ നഗരങ്ങളില്‍ നിന്നുള്ള യാത്രാ നിരക്കില്‍ വന്‍ ഉയര്‍ച്ചയാണ് കണ്ടത്. നിലവിലെ ഏകദേശ നിരക്കുകള്‍ താഴെ പറയുന്നവയാണ്:

ഡല്‍ഹി: ₹90,000 മുതല്‍ ₹1,00,000 വരെ.

മുംബൈ: ₹70,000 രൂപയ്ക്ക് മുകളില്‍.

കൊച്ചി / ചെന്നൈ: ₹50,000 രൂപയ്ക്ക് അടുത്ത്.

സാധാരണ നിരക്കിനേക്കാള്‍ പലയിടങ്ങളിലും ആറിരട്ടിയോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ബുക്കിങ്ങുകളില്‍ ഭൂരിഭാഗവും നടന്നതെന്ന് ട്രാവല്‍ പോര്‍ട്ടലുകള്‍ സൂചിപ്പിക്കുന്നു.

വിമാന ടിക്കറ്റിന് പിന്നാലെ കൊളംബോയിലെ ഹോട്ടല്‍ നിരക്കുകളിലും വര്‍ധന. ബുക്കിങ്ങുകളില്‍ 35 ശതമാനത്തിലധികം വര്‍ധനവുണ്ടായി.

അതേസമയം ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാന്‍ വിസ ആവശ്യമില്ലെന്നത് അവസാന നിമിഷം യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമായി. ഇതാണ് ബുക്കിങ് കൂടാന്‍ കാരണമായതെന്ന് ട്രാവല്‍ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു.

 

Continue Reading

News

‘യുഎസ് പാകിസ്ഥാനെ ചൂഷണം ചെയ്തു, ടോയ്‌ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു’; രൂക്ഷവിമര്‍ശനവുമായി പാക് പ്രതിരോധ മന്ത്രി

പാകിസ്ഥാന്റെ ചരിത്രത്തില്‍ മുന്‍കാല ഭരണാധികാരികള്‍ക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.

Published

on

ഇസ്ലാമാബാദ്: അമേരിക്ക തങ്ങളുടെ തന്ത്രപരമായ ആവശ്യങ്ങള്‍ക്കായി പാകിസ്ഥാനെ ഉപയോഗിച്ചെന്നും ലക്ഷ്യം നേടികഴിഞ്ഞപ്പോള്‍ ഒരു ‘ടോയ്‌ലറ്റ് പേപ്പര്‍’ പോലെ വലിച്ചെറിഞ്ഞെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

പാകിസ്ഥാന്റെ ചരിത്രത്തില്‍ മുന്‍കാല ഭരണാധികാരികള്‍ക്ക് പറ്റിയ തെറ്റുകളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു. അഫ്ഗാനിസ്ഥാനിലെ യുദ്ധങ്ങളില്‍ പങ്കുചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം വലിയ തെറ്റായിരുന്നെന്നും ഇന്ന് രാജ്യം നേരിടുന്ന ഭീകരവാദം ആ തെറ്റായ തീരുമാനങ്ങളുടെ തിരിച്ചടിയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.

2001-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കയുമായി സഖ്യമുണ്ടാക്കിയത് പാകിസ്ഥാന് വലിയ ആഘാതമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഒരു ആവശ്യത്തിന് വേണ്ടി ഉപയോഗിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന അവസ്ഥയാണ് പാകിസ്ഥാന് ഉണ്ടായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കന്‍ സൈന്യം മേഖലയില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍, വിട്ടുമാറാത്ത അക്രമങ്ങളും തീവ്രവാദവും സാമ്പത്തിക തകര്‍ച്ചയുമാണ് പാകിസ്ഥാന് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Continue Reading

News

ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറച്ചു

റഷ്യന്‍ എണ്ണയ്ക്കുള്ള പിഴ ഒഴിവാക്കി

Published

on

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള നിര്‍ണ്ണായകമായ വ്യാപാര കരാര്‍ സംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറങ്ങി. കരാര്‍ നിലവില്‍ വന്നതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന തീരുവ 18 ശതമാനമായി കുറച്ചു. നേരത്തെ ഇത് 25 ശതമാനമായിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിരുന്ന 25 ശതമാനം അധിക പിഴ തീരുവ പിന്‍വലിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യേക ഉത്തരവിറക്കി.

തുണിത്തരങ്ങള്‍, ചെരുപ്പ്, തുകല്‍ ഉല്‍പ്പന്നങ്ങള്‍, റബ്ബര്‍, പ്ലാസ്റ്റിക്, വാഹന സ്‌പെയര്‍ പാര്‍ട്സ് എന്നിവയ്ക്ക് കുറഞ്ഞ നികുതിയില്‍ അമേരിക്കന്‍ വിപണിയില്‍ പ്രവേശിക്കാം. മരുന്നുകള്‍, രത്‌നം, വജ്രം എന്നിവയുടെ നികുതി യുഎസ് പൂര്‍ണ്ണമായും ഒഴിവാക്കും. അമേരിക്കയില്‍ നിന്നുള്ള സോയാബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ് എന്നിവയ്ക്ക് ഇന്ത്യ തീരുവ ഒഴിവാക്കി. ബദാം, പഴങ്ങള്‍ എന്നിവയുടെ നികുതി കുറച്ചേക്കും.

അതേസമയം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അമേരിക്കയില്‍ നിന്ന് 500 ബില്യണ്‍ ഡോളറിന്റെ ഊര്‍ജ്ജം, സാങ്കേതികവിദ്യ, കാര്‍ഷിക വിഭവങ്ങള്‍ എന്നിവ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്ന് കരാറില്‍ വ്യവസ്ഥയുണ്ട്. ഇന്ത്യന്‍ അരി അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് പ്രത്യേക മുന്‍ഗണന നല്‍കും.

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന വിമാനങ്ങള്‍ക്കും വിമാന ഭാഗങ്ങള്‍ക്കും മേലുള്ള നികുതി ഒഴിവാക്കുംമെന്നും കരാറില്‍ പറയുന്നു.

 

Continue Reading

Trending