കെ. മൊയ്തീന്‍കോയ

തീവ്ര വലത്പക്ഷ വാദികള്‍ക്കെതിരായ ജനവിധിയാണ് നെതര്‍ലാന്റിന് ശേഷം ഫ്രഞ്ച് ജനതയും രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്യന്‍ ഐക്യവും മതേതരത്വവും ഉറപ്പ് വരുത്തുമെന്ന ആഹ്വാനം ജനവിധിയില്‍ പ്രകടം. ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിച്ച് എത്തിയ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മാരിന്‍ ലെ പെനിന് കേവലം 21.4 ശതമാനം വോട്ട് മാത്രമെ കരസ്ഥമാക്കാന്‍ കഴിഞ്ഞുള്ളൂ. അഭിപ്രായ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് നിന്ന് ലെ പെന്‍ ഒന്നാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. എല്‍മാര്‍ഷ് പ്രസ്ഥാനത്തിന്റെ നേതാവ് എമ്മാനുവേല്‍ മാക്രോണിന് 23.9 ശതമാനം വോട്ട് നേടി ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു. മെയ് ഏഴിന് രണ്ടാം റൗണ്ടില്‍ വലത്പക്ഷ വിരുദ്ധ വോട്ടുകള്‍ മാക്രോണിന് അനുകൂലമായി ഏകീകരിക്കപ്പെടുമെന്നാണ് സൂചന. ഒന്നാം റൗണ്ടില്‍ മധ്യ വലത്പക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഫ്രാന്‍സ്വ ഹിലണ്‍ (19.9), ഇടത്പക്ഷ മുന്നണിയുടെ ഴാങ്‌ലൂന്‍ മെലന്‍ ഷോണ്‍ (19.6) എന്നിങ്ങനെ തൊട്ട് പിറകിലുണ്ട്. മത്സരരംഗത്തുണ്ടായിരുന്ന 11 സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും അമ്പത് ശതമാനത്തിലേറെ ലഭിക്കാതെ വന്നതാണ് രണ്ടാം റൗണ്ട് ആവശ്യമായത്. ഫ്രാന്‍സിന് മാത്രമല്ല യൂറോപ്പിനാകെ നിര്‍ണായകമാണ് തെരഞ്ഞെടുപ്പ്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മുഖ്യധാര പാര്‍ട്ടികള്‍ അപ്രസക്തമായി. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായതോടെ യൂറോപ്പിലാകെ വലത് തീവ്ര ചിന്താഗതിക്ക് വേരോട്ടം ലഭിക്കുന്നു എന്ന പ്രചാരണത്തിന്റെ മുനയൊടിച്ചിരിക്കുകയാണ് ഫ്രഞ്ച് ജനത. മാക്രോണിന്റെ അപ്രതീക്ഷിത മുന്നേറ്റം തീവ്ര വലത് ഫ്രഞ്ച് ജനതക്ക് സ്വീകാര്യമല്ലെന്നതിന് തെളിവാണ്.
മെയ് ഒന്നിന് ടെലിവിഷന്‍ സംവാദത്തില്‍ രണ്ട് പേരും നിലപാട് വ്യക്തമാക്കും. പ്രചാരണം മെയ് 5 ന് അവസാനിക്കും. ഫ്രാന്‍സിന്റെ ടോണിബ്ലയര്‍ എന്നറിയപ്പെടുന്ന മാക്രോണ്‍ മുന്‍ ബാങ്കറും നിലവിലെ പ്രസിഡണ്ട് ഫ്രാന്‍സ്വ ഓലന്ദിന്റെ സാമ്പത്തിക ഉപദേഷ്ടാവും മന്ത്രിയുമായിരുന്നുവെങ്കിലും ഇപ്പോള്‍ സ്വതന്ത്രനായാണ് രംഗത്തുള്ളത്. ഭരണപക്ഷ സോഷ്യലിസ്റ്റുകളുടെ പിന്തുണ മാക്രോണിനായിരിക്കുമെന്നാണ് പ്രതീക്ഷ. കടുത്ത കുടിയേറ്റവിരുദ്ധ നിലപാട് സ്വീകരിക്കുന്ന ലെ പെന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഫ്രാന്‍സ് വിട്ട് പോകണമെന്ന നിലപാടുകാരിയാണ്. മുസ്‌ലിം വിരുദ്ധ സമീപനത്തിലും കുപ്രസിദ്ധ. ഒന്നാം റൗണ്ട് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് മുസ്‌ലിം വനിതകളുടെ ഹിജാബിന് എതിരായ നിലപാട് പരസ്യമായി പ്രകടിപ്പിച്ചത്, ജനസംഖ്യയില്‍ പത്ത് ശതമാനം വരുന്ന മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് വരെ അവര്‍ വാദിക്കുന്നു! ഫാസിസ്റ്റ് സംഘടനയായ നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയാണ് ഫ്രഞ്ച് ട്രംപ് എന്നറിയപ്പെടുന്ന ലെ പെന്‍. രാജ്യ സുരക്ഷയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണായുധം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് ഐ.എസ് ഭീകരാക്രമണം നടന്നതാണ് അവസാനത്തെ വിഷയം. 2015-ലെ പാരീസ് ഭീകരാക്രമണത്തിന് ശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇപ്പോഴും തുടരുന്നുണ്ട്. മൂന്ന് വര്‍ഷത്തിനിടെ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഐ.എസ് ഭീകരതയുടെ മറവില്‍ തീവ്ര വലത് സ്ഥാനാര്‍ത്ഥി ലെ പെന്‍ പ്രചാരണം കൊഴുപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും മതേതര വിശ്വാസികള്‍ എന്ന നിലയില്‍ ഫ്രഞ്ച് ജനത സ്വീകരിച്ചില്ല. ജനസംഖ്യയില്‍ പത്ത് ശതമാനം വരുന്ന മുസ്‌ലിംകള്‍ അടുത്ത കാലം വരെ വളരെ സൗഹൃദത്തില്‍ കഴിയുന്ന നാടാണ് ഫ്രാന്‍സ്. ഈ സൗഹൃദം തകര്‍ക്കാന്‍ ഐ.എസ് ഭീകരര്‍ നടത്തുന്ന നീക്കം ഒരിക്കലും മുസ്‌ലിംകള്‍ക്ക് വേണ്ടിയല്ല. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ കുഴപ്പം സൃഷ്ടിക്കുന്ന ഐ.എസ് ഭീകരര്‍ക്ക് പിന്നിലുള്ള ശക്തി മുസ്‌ലിം പക്ഷത്തുള്ളവരല്ല. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നെതര്‍ലാന്റില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചതും ഐ.എസ് തന്നെ. മുസ്‌ലിം രാജ്യങ്ങളില്‍ ഭീകരത സൃഷ്ടിക്കുന്നതും ഐ.എസ് പേരിലാണല്ലോ. ഫലസ്തീനികളെ നിഷ്ഠൂരമായി ദ്രോഹിക്കുന്ന ഇസ്രാഈലുമായി ഏറ്റുമുട്ടിയ ചരിത്രം ഐ.എസിന് ഇല്ല! 24ന് ജര്‍മ്മനിയിലും തുടര്‍ന്ന് ബ്രിട്ടനിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. യൂറോപ്പിലാകെ ഭീതിപരത്താനും അത് വഴി തീവ്ര വലത്പക്ഷങ്ങള്‍ക്ക് ശക്തിപകരാനും ശ്രമിക്കുന്ന ഐ.എസ് ഭീകരര്‍ക്ക് പിന്നില്‍ ഇസ്രാഈല്‍ ചാരവിഭാഗവും അവരുടെ രക്ഷാധികാരുമാണെന്നുള്ള സംശയത്തെ ഇതൊക്കെ ബലപ്പെടുത്തുന്നുണ്ട്.
ലോക രാഷ്ട്രീയത്തില്‍ അമേരിക്കയോടൊപ്പം വലത്പക്ഷ സമീപനമാണ് ഫ്രാന്‍സ് നാളിതുവരെ സ്വീകരിച്ച് വരുന്നതെങ്കിലും അതിര്‍വരമ്പ് ലംഘിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നു. ഇറാഖ്, അഫ്ഗാന്‍ അധിനിവേശം എന്നീ യുദ്ധങ്ങളില്‍ ബ്രിട്ടനെ പോലെ കടുത്ത അമേരിക്കന്‍ അനുകൂല നിലപാട് അവര്‍ക്കുണ്ടായിരുന്നില്ല. അധിനിവേശവും ആക്രമണവും യുദ്ധവുമെല്ലാം ഒഴിവാക്കാനും ശ്രമിച്ചു. കുടിയേറ്റ പ്രശ്‌നത്തില്‍ ജര്‍മ്മനിയെപോലെ കുറേക്കൂടി ഉദാര സമീപനവും ഫ്രാന്‍സിനുണ്ട്.
ഡൊണാള്‍ഡ് ട്രംപിന്റെ വരവിന് ശേഷം ലോക സമൂഹം ഉല്‍കണ്ഠാകുലരായി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഫ്രാന്‍സില്‍ മറ്റൊരു ‘ട്രംപ്’ ഉയര്‍ന്നുവരുന്നത് അപകടകരമായ സ്ഥിതിയുള വാക്കും. യൂറോപ്പുമായുള്ള 44 വര്‍ഷത്തെ ബന്ധം കൊത്തിമുറിച്ച് ബ്രിട്ടന്‍ യൂണിയന്‍ വിട്ടതിന്റെ പ്രത്യാഘാതം ഇനിയും അവസാനിച്ചിട്ടില്ല. ബ്രിട്ടനില്‍ പ്രതിസന്ധി ഒന്നിന് പിറകെ ഒന്നായി വരുന്നുണ്ട്. സ്‌കോട്ട്‌ലാന്റ് സ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടുനിന്നത് പ്രശ്‌നം സങ്കീര്‍ണമാക്കി. ത്രീവ വലത്പക്ഷ സ്ഥാനാര്‍ത്ഥിയുടെ മുഖ്യ അജണ്ട ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നാണ്. ന്യൂനതകള്‍ എമ്പാടും ഉണ്ടെങ്കിലും യൂറോപ്യന്‍ യൂണിയന്റെ തകര്‍ച്ച ലോക സമാധാനത്തിന് ഭീഷണിയാവും. രണ്ടാം റൗണ്ടില്‍ ഇടത്പക്ഷത്തിന്റെ വോട്ടും (19.6) ഭരണപക്ഷത്തെ 6.4 ശതമാനം വോട്ടും മാക്രോണിന് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. രണ്ടാം റൗണ്ടിനുള്ള പ്രചാരണം ഗംഭീരമായി. തീവ്ര വലത് വാദം ഉയര്‍ത്തി 48 കാരിയായ ലെ പെന്‍ സജീവമാകുന്നുണ്ടെങ്കിലും പ്രസിഡണ്ടിന്റെ എലിസി കൊട്ടാരത്തിന്റെ അവകാശിയായ മാക്രോണ്‍ എത്തണമെന്നാണ് ഫ്രഞ്ച് ജനത ആഗ്രഹിക്കുന്നത്. ഫ്രാന്‍സിന്റെ മതേതര, യൂറോപ്യന്‍ പാരമ്പര്യം ഉയര്‍ത്തിപിടിക്കാന്‍ കഴിയുക, 39കാരന്‍ മാക്രോണിനാവുമെന്നാണ് ഏറ്റവും ഒടുവിലത്തെ അഭിപ്രായ സര്‍വേയും നല്‍കുന്ന സൂചന.