Connect with us

Books

‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ’ പ്രകാശനം ചെയ്തു

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം:മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം ‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. കഴിഞ്ഞ ദിവസം റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന ചടങ്ങിൽ കവിയും സംസ്കാരിക സംഘാടകനുമായ ഡോ. രാവുണ്ണി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് വൈ.എ റഹീമിന് ആദ്യ പ്രതി നൽകി പ്രകാശനം നിർവഹിച്ചു. ഹൃദയം ഹൃദയത്തോട് പറയുന്ന വർത്തമാനങ്ങൾ കാലം തേടുന്ന നന്മയാണെന്നും, വർത്തമാന കാലത്തിന്റെ ഒറ്റപ്പെടലുകൾക്കുള്ള പരിഹാരമാണെന്നും പ്രകാശനം നിർവഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കാലങ്ങളോളം വായിക്കപ്പെടാനുള്ള പുസ്തക പ്രകാശനങ്ങളുടെ ഭാഗമാകാൻ കഴിയുന്നത് സുകൃതമാണെന്നും പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് അഡ്വ. വൈ.എ റഹീം പറഞ്ഞു.

അധ്യാപികയും എഴുത്തുകാരിയുമായ ദീപ ചിറയിൽ പുസ്തകത്തെ പരിചയപ്പെടുത്തി. മനുഷ്യ സ്നേഹത്തെ അന്വേഷിക്കുന്ന എഴുത്തുകളാണ് ഈ പുസ്തകത്തെ വ്യതിരിക്തമാക്കുന്നതെന്ന് അവർ പറഞ്ഞു. ഉള്ള നിറക്കുന്ന ഭാഷയും ശൈലിയും സാധാരണ വായനക്കാനും ഇത് പ്രിയപ്പെട്ടതാക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. മൻസൂർ പള്ളൂർ, പ്രസാധകനും എഴുത്തുകാരനുമായ പ്രതാപൻ തായാട്ട്, എഴുത്തുകാരൻ സജീദ് ഖാൻ പനവേലിൽ, പ്രഭാഷകനും എഴുത്തുകാരനുമായ ടി.കെ അനിൽകുമാർ, സോഫിയ ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു. എഴുത്തുകാരൻ വെള്ളിയോടൻ പരിപാടികൾ നിയന്ത്രിച്ച സാജിദ് ആറാട്ടുപുഴ മറുപടി പ്രസംഗം നടത്തി.

മലയാള സാഹിത്യ, സാംസ്കാരിക മേഖലയിലെ നക്ഷത്ര തുല്ല്യരായ 12 പേരുടെ ജീവിതാനുഭവങ്ങളുടെ ഹൃദയം തൊട്ട എഴുത്താണ് പുസ്തകത്തിലെ പ്രമേയം. ടി.ഡി രാമകൃഷ്ണനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നു. പ്രൊഫ. നിസാർ കാത്തുങ്കലിന്റെ പുസ്തകാസ്വാദനവും ചേർത്തിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായിട്ടുള്ള ഡസ്റ്റിനി ബുക്സ് ആണ് പ്രസാധകർ. സഊദിയിലെ ദമ്മാമിൽ മാധ്യമപ്രവർത്തകനായ സാജിദ് ആറാട്ടുപുഴയുടെ ആദ്യ പുസ്തകമായ മണൽ ശിൽപങ്ങളുടെ മൂന്നാം പതിപ്പ് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാമത്തെ പുസ്തകമായ അറബിത്തെരുവുകളുടെ രണ്ടാം പതിപ്പും പുറത്തിറങ്ങി. ആദ്യകാല കാഥിക ഐഷാ ബീഗത്തിന്റെ ജീവിത ചരിത്രമാണ് മുന്നാമത്തെ പുസ്തകം.

Books

വായന ദിന സന്ദേശവുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

Published

on

വായന ദിനത്തില്‍ സമൂഹമാധ്യമത്തില്‍ വായന സന്ദേശം പങ്കുവെച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വായനയുടെ നേട്ടങ്ങളും വായന സംസ്‌കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകളെന്ന് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ജീവിത യാത്രയില്‍ ഇരുട്ടകറ്റാന്‍ നമ്മെ സഹായിക്കുന്ന ഊന്നുവടികളാണ് പുസ്തകങ്ങള്‍. ലോകത്തിന്റെ ചിന്താഗതികള്‍ മാറ്റിമറിച്ചതില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കര്‍മോത്സകരാകാനുമുള്ള കരുത്തും ഉത്തമഗ്രന്ഥങ്ങള്‍ക്കുണ്ട്.

മണ്‍മറഞ്ഞ എഴുത്തുകാരും ദാര്‍ശനികരുമായ മഹാപ്രതിഭകളുടെ ചിന്തകളും സ്വപ്നങ്ങളും എന്താണെന്നറിയാന്‍ വായന മാത്രമാണ് കരണീയം.

മരണ ശേഷം ഒരാളെ ഓര്‍ക്കാന്‍ ഒന്നുകില്‍ പുസ്തകം രചിക്കണം, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എഴുതാന്‍ പാകത്തില്‍ ജീവിക്കണം എന്ന സന്ദേശവും കൂടിയാണ് ഗ്രന്ഥങ്ങള്‍ നമ്മോട് ആവശ്യപ്പെടുന്നത്.

വായനശാലകള്‍ സര്‍വകലാശാലകള്‍ക്ക് തുല്യം എന്നാണ് തോമസ് കാര്‍ലൈന്‍ അഭിപ്രായപെട്ടത്. ലോകത്ത് വായനശാലകളുടെ കണക്കെടുപ്പില്‍ കേരളം ഏറെ മുന്‍പന്തിയിലാണ്. നാടാകെ ഗ്രന്ഥശാലകള്‍ സ്ഥാപിക്കാനും വായനയുടെ സംസ്‌കാരം പകരാനും ഓടി നടന്ന പി.എന്‍. പണിക്കരുടെ സേവനങ്ങള്‍ അവിസ്മരണീയമാണ്.

വിവിധ മതവിശ്വാസികളും മതരഹിതരും രാഷ്ട്രീയപരമായി വ്യത്യസ്ത ചേരികളില്‍ നിലയുറപ്പിച്ചവരുമായ വ്യക്തികള്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിയുന്ന മതേതര തുരുത്തുകളാണ് നമ്മുടെ വായനശാലകള്‍.

ശ്വാസം നിലച്ചുപോകാതെ വയനാശാലകളെ പരിപോഷിപ്പിക്കേണ്ടത് പൊതു അജണ്ടയായി മാറണം. ലൈബ്രേറിയന്മാരുടെ തസ്തിക നികത്താന്‍ കഴിയാത്തതിനാല്‍ സ്‌കൂളുകളിലെ പുസ്തകങ്ങളില്‍ പൊടിപിടിക്കുമോ എന്ന ആശങ്ക നിലവിലുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ഗൗരവതരമാണ്.

വായന മരിക്കുന്നില്ല മറിച്ച് കടം കൊടുക്കേണ്ടി വരുമോയെന്നും മോഷണം പോകുമോ എന്നുമുള്ള ആശങ്കകള്‍ ഇല്ലാതെയും ഭാരം ചുമക്കേണ്ടതില്ല എന്ന സൗകര്യം ഉള്ളതിനാലും ഇ ബുക്കുകളിലേക്കുള്ള ഗതിമാറ്റമാണ് നടക്കുന്നത്.

അണയാ വിളക്കുകളായ പുസ്തകങ്ങളെ

ഉറ്റ ചങ്ങാതിമാരാക്കി മാറ്റാം.

 

Continue Reading

award

എസ്.കെ. പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി. രാമനുണ്ണിക്ക്

Published

on

തിരുവനന്തപുരം:എസ്.കെ.പൊറ്റെക്കാട്ട് സ്മാരകസമിതിയുടെ എസ്.കെ.പൊറ്റെക്കാട്ട് സ്മാരകപുരസ്‌കാരം കെ.പി.രാമനുണ്ണിക്ക്.”ഹൈന്ദവം’ എന്ന കൃതിയാണ് 25000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്‌കാരത്തിനര്‍ഹമായത്.

മറ്റു പുരസ്‌കാരങ്ങള്‍: കഥ- അക്ബര്‍ ആലിക്കര (ചിലയ്ക്കാത്ത പല്ലി), യാത്രാവിവരണം- അഭിഷേക് പള്ളത്തേരി (ആഫ്രിക്കയുടെ വേരുകള്‍), കവിത- ശിവാസ് വാഴമുട്ടം (പുലരിക്കും മുന്‍പേ), ബാലസാഹിത്യം- ഡോ. എസ്.ഡി.അനില്‍കുമാര്‍(അഭിലാഷ് മോഹന്‍ 8എ), നോവല്‍- ബി.എന്‍.റോയ് (കുര്യന്‍ കടവ്), ലേഖനം-കൃഷ്ണകുമാര്‍ കൃഷ്ണജീവനം(ആത്മോപദേശശതകം ഒരു ഉപനിഷദ് ദര്‍പ്പണം)

ഉജ്ജ്വല ബാലപ്രതിഭാ പുരസ്‌കാരം ഓസ്റ്റിന്‍ അജിത്തിനു നല്‍കുമെന്ന് സമിതി സെക്രട്ടറി രമേശന്‍ ദേവപ്രിയം, ജൂറി അംഗം സുജാ സൂസന്‍ ജോര്‍ജ്, പി.കെ.റാണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

Continue Reading

Books

‘വിശ്വ പൗരൻ മമ്പുറം ഫസല്‍ തങ്ങള്‍’ പ്രകാശനം ചെയ്തു

ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.

Published

on

അശ്റഫ് ആളത്ത്

ദമ്മാം:ചരിത്രത്തെ തമസ്ക്കരിക്കുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണെന്നും അതിൻറെ വീണ്ടെടുപ്പിനായി പണിയെടുക്കുന്നവർ കാലാതിവർത്തികളായി നിലകൊള്ളുമെന്നും പ്രമുഖ ചരിത്രപണ്ഡിതൻ ഡോ.ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.

മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച ‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലവും രണോത്സുകവുമായ അധ്യായങ്ങളിൽ ഒന്നാണ് മലബാറിലെ ഖിലാഫത്ത് സമരം.

ബ്രിട്ടീഷ് അധിനിവേശ അധികാരികൾക്കും അവരോട് കൈകോർത്തുനിന്ന ജന്മിത്വത്തിനും മലബാറിലെ ധീര ദേശാഭിമാനികൾ പ്രതിരോധത്തിന്റെ മാരക പ്രഹരങ്ങളാണ് അഴിച്ചു വിട്ടത്. അതിന് നേതൃപരമായ പങ്കാണ് മമ്പുറം തങ്ങന്മാർ നിർവ്വഹിച്ചു പോന്നത്.

ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു.
അതുകൊണ്ടാണ് ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.

മൺമറഞ്ഞ സാമൂഹികപ്രതിബദ്ധതയുള്ള നവോഥാന നേതാക്കൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം, ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി മാറിയ സമരങ്ങൾ,ചെറുത്ത് നില്പുകൾ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷിടിക്കുന്നതിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും ഈ രംഗത്ത് സമഗ്ര സംഭാവന നൽകാനുതകുന്ന ഒരു സംരംഭത്തിൻറെ അവസാന മിനുക്കുപണികൾ താനടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരികയാണെന്നും ഡോ.ഹുസൈൻ രണ്ടത്താണി കൂട്ടിച്ചേർത്തു.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസിൻറെ ദമ്മാം ചാപ്റ്റർ ആയിരുന്നു സംഘാടകർ.

ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. ഡോ.സിദ്ധീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.
സാജിദ് ആറാട്ട് പുഴ പുസ്തകം പരിചയപ്പെടുത്തി. ടിപിഎം ഫസൽ,മൻസൂർ പള്ളൂർ,മജീദ് കൊടുവള്ളി,പ്രതീപ് കൊട്ടിയം സംസാരിച്ചു. ഗ്രന്ഥകർത്താവ് പി. എ. എം ഹാരിസ് മറുപടിപ്രസംഗം നടത്തി.

പിടി അലവി സ്വാഗതവും അഷ്‌റഫ് ആളത്ത് നന്ദിയും പറഞ്ഞു. കല്യാണി ബിനു പ്രാർത്ഥനാ ഗാനം ആലപിച്ചു. ഡോ.സിന്ധു അവതാരകയായിരുന്നു. നജീം ബഷീർ,നാച്ചു അണ്ടോണ,സിപി ശരീഫ്,മുഹ്സിൻ മുഹമ്മദ്‌,ഖിദ്ർ മുഹമ്മദ്‌,ഒ പി ഹബീബ്,അഷ്‌ഫാഖ്‌ ഹാരിസ്, ഷബീർ ചാത്തമംഗലം,കരീം വേങ്ങര,
എന്നിവർ നേതൃത്വം നൽകി.

Continue Reading

Trending