Connect with us

GULF

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ടോപ്പറായ ശ്രീലക്ഷ്മി അഭിലാഷിന് ഡിസ്പ്പാക്കിന്റെ ആദരവ്

Published

on

ദമാം: 2024-25 അധ്യയന വർഷത്തെ പ്ലസ്ടു സി ബി എസ് ഇ പരീക്ഷയിൽ റീ വാലുവേഷനിലൂടെ 98.8% മാർക്കു കരസ്ഥമാക്കി ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ടോപ്പറും സൗദി അറേബ്യയിലും ഒന്നാമതെത്തിയ ശ്രീലക്ഷ്മി അഭിലാഷിന് ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പേരന്റ്സ് അസ്സോസിയേഷൻ കേരള (ഡിസ്പാക്) ആദരവ് സമ്മാനിച്ചു. ദമാം തറവാട് റെസ്റ്ററന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ശ്രീലക്ഷ്മിയെ എ എം ഇ കോൺട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടർ വിപിൻ‌ദാസ് ചെട്ടിയത്ത് മൊമെന്റോ നൽകി ആദരിക്കുകയും തുടർന്നുള്ള പഠനത്തിൽ എല്ലാ വിധ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. നേരെത്തെ ഡിസ്പാക്ക് സംഘടിപ്പിച്ച പരിപാടിയിൽ ടോപ്പേഴ്‌സ് അവാർഡ് സ്വീകരിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കും വിപിൻ‌ദാസ് ചെട്ടിയത്ത് മെമെന്റോ സമ്മാനിച്ചു.

ഡിസ്പാക് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി താജു അയ്യാരിൽ സ്വാഗതം ആശംസിച്ചു. കുട്ടികളും അവരുടെ രക്ഷിതാക്കളും കഷ്ടപ്പെട്ട് നേടിയെടുത്ത ഇത്തരത്തിലുള്ള വിജയങ്ങൾ ആദരിക്കാൻ ഡിസ്പാക് എന്നും മുൻപന്തിയിൽ ഉണ്ടാവുമെന്ന് ഡിസ്പാക് ചെയർമാൻ നജീം ബഷീർ പറഞ്ഞു. സ്കൂൾ ടോപ്പറായി മാറിയ ഈ മിടുക്കിയെ ആദ്യമായി ആദരിക്കുവാൻ ഡിസ്പാക്കിനു കഴിഞ്ഞു എന്നുള്ളത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എപ്പോഴും ഡിസ്പാക്ക് നൽകി കൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന്റേയും പിന്തുണയുടേയും ഭാഗമാണെന്ന് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഡിസ്പാക് വൈസ് പ്രസിഡന്റുമാരായ ആശിഫ് ഇബ്രാഹിം, മുജീബ് കളത്തിൽ, ജോയിന്റ് സെക്രട്ടറി അജീം ജലാലുദീൻ, സ്പോർട്സ് കൺവീനർ ജോയി വറുഗീസ്, ആർട്സ് കൺവീനർ നിസ്സാം യൂസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ പവേയിൽ, ഷമീർ ടി പി, അനസ് ബഷീർ, എം.എം റാഫി, നാസ്സർ കടവത്ത് തുടങ്ങിയവർ പങ്കെടുത്തു. ഡിസ്പാക് ട്രഷറർ ആസിഫ് താനൂർ നന്ദി പ്രകാശിപ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

തിരക്കേറിയ ട്രാമിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്

ദുബായിലെ യാത്രാ സൗകര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹത്തിന്റെ ട്രാം യാത്രയെന്നാണ് റിപ്പോർട്ട്

Published

on

തിരക്കേറിയ ട്രാമിൽ സഞ്ചരിക്കുന്ന ദുബായ് ഭരണാധികാരിയുടെ വീഡിയോ വൈറലായി. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ദുബായ് ട്രാമിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹയാത്രികരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ ടിക് ടോക്കിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ദുബായ് ​റോഡ് ട്രാൻസ്​പോർട്ട് അതോറിറ്റി ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെക്കുകയും ചെയ്തു.
സാധാരണക്കാർക്കൊപ്പം സാധാരണക്കാരനായി ദുബായ് ഭരണാധികാരി നിൽക്കുന്ന ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. പിന്നീട് സീറ്റിലിരിക്കുന്ന ഭരണാധികാരിയുടെ ചിത്രങ്ങളും വന്നു. ദുബായിലെ യാത്രാ സൗകര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹത്തിന്റെ ട്രാം യാത്രയെന്നാണ് റിപ്പോർട്ട്.
മുൻപും ദുബായിലെ പൊതുഗതാഗത സംവിധാനം ഷെയ്ഖ് മുഹമ്മദ് ഉപയോഗിച്ചിട്ടുണ്ട്. 2023ൽ ദുബായ് മെട്രോ കാബിനിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. 2009 സെപ്റ്റംബർ 9ന് മെട്രോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനായി നോൾ കാർഡ് ഉപയോഗിച്ചത് അദ്ദേഹമാണ്. ഇന്ന്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ റെയിൽ ശൃംഖലയാണ് ദുബായ് മെട്രോ, കൂടാതെ നഗരത്തിന്റെ ഗതാഗത സംവിധാനത്തിന്റെ ഒരു പ്രധാന ഭാഗവുമാണ്.
2014ലാണ് ദുബായ് ട്രാമിന്റെ സർവീസ് തുടങ്ങിയത്. ഇതുവരെ 60 മില്യൺ ആളുകൾ ട്രാമിൽ സഞ്ചരിച്ചുവെന്നാണ് കണക്കുകൾ. 42 മിനിറ്റ് നീണ്ടുനിൽക്കുന്ന സർവീസ് അൽ സൗഫോഹ് സ്റ്റേഷനിൽ നിന്നും ജുമൈറ വരെയാണ് ഉള്ളത്. ഇതിനിടയിൽ 11 സ്റ്റേഷനുകളിലൂടെ ട്രാം കടന്നു പോകും.
ഷെയ്ഖ് മുഹമ്മദിന്‌റെ യാത്ര സോഷ്യൽ മീഡിയയിൽ വൈറലായി. “ഇത് വളരെ മികച്ച ഒരു പ്രവൃത്തിയാണ്, കാരണം അദ്ദേഹം യഥാർത്ഥ ലോകവുമായി സമ്പർക്കം പുലർത്തുന്നു, അതിനാൽ അദ്ദേഹത്തിന് ദുബായിലെ പൊതുജനങ്ങളുമായി ബന്ധപ്പെടാൻ കഴിയും. അദ്ദേഹം ഒരു പ്രചോദനവും അത്ഭുതകരമായ നേതാവുമാണ്. ദൈവം അദ്ദേഹത്തിന് കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ വർഷങ്ങൾ നൽകി അനുഗ്രഹിക്കട്ടെ.”- ഒരു യൂസര്‍ കുറിച്ചു. ‘ഒരു യഥാർത്ഥ നേതാവ്’ എന്ന് വേറൊരാൾ കുറിച്ചു. “ലോകത്തിൽ താങ്കളെപ്പോലെ ഒരു നേതാവും ഉണ്ടാകില്ല, ദൈവം ദീർഘായുസ് നൽകട്ടെ’- മറ്റൊരാൾ കമന്റ് ചെയ്തു.
Continue Reading

GULF

ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

Published

on

ഷാര്‍ജയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. തെക്കുംഭാഗം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കേസ് അന്വേഷിക്കും. ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും.

അതേസമയം അതുല്യയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും ഭര്‍ത്താവ് സതീഷ് ശങ്കര്‍ വിചിത്രവാദമാണ് ഉന്നയിച്ചത്. അതുല്യ ഗര്‍ഭഛിദ്രം നടത്തിയത് തന്നെ പ്രകോപിച്ചെന്നും മദ്യപിക്കുമ്പോള്‍ അത് ഓര്‍മ വരുമെന്നുമാണ് പ്രതികരണം. അതേസമയം നിരപരാധിയാണെന്ന സതീഷിന്റെ വാദം അതുല്യയുടെ പിതാവ് തള്ളിയിരുന്നു.

ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് അതുല്യയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ പോലീസിലും ഇന്ത്യന്‍ കോണ്‍സുലേറ്റിലും പരാതി നല്‍കാനാണ് അതുല്യയുടെ കുടുംബത്തിന്റെ തീരുമാനം. ഷാര്‍ജയിലെ മോര്‍ച്ചറിയിലാണ് അതുല്യയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം.

 

Continue Reading

GULF

ഇറാന്റെ മിസൈല്‍ ആക്രമണം; നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കും: ഖത്തര്‍

ഇറാന്റെ മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു.

Published

on

ഇറാന്റെ മിസൈല്‍ ആക്രമണം പ്രതിരോധിക്കുന്നതിനിടെ നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഖത്തര്‍ അറിയിച്ചു. ഖത്തര്‍ സുരക്ഷാ സേന മിസൈല്‍ തകര്‍ക്കുന്നതിനിടെ പല വസ്തുക്കള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം മിസൈല്‍ ഭാഗങ്ങള്‍ തെറിച്ചു വീണു നഷ്ടമുണ്ടായവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഖത്തറിലുള്ള അമേരിക്കന്‍ സൈനിക ക്യാമ്പിന് നേരെ കഴിഞ്ഞ മാസം 23ന് ആണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഈ മിസൈലുകള്‍ ആകാശത്ത് വെച്ച് തന്നെ ഖത്തര്‍ സൈന്യം തകര്‍ത്തിരുന്നു. എന്നാല്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ റോഡിലും സ്വകാര്യ സ്ഥലത്തുമായി ചിതറി വീണതോടെയാണ് വലിയ നാശനഷ്ടം സംഭവിച്ചത്.

നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരം അറിയിച്ചാല്‍ ഔദ്യോഗിക സംഘം സ്ഥലം സന്ദര്‍ശിക്കും. മിസൈല്‍ ആക്രമണത്തിന്റെ ഭാഗമാണെന്ന് ബോധ്യപ്പെട്ടാല്‍ അത് സാക്ഷ്യപ്പെടുത്തും. പിന്നീട് സിവില്‍ ഡിഫന്‍സ് കൗണ്‍സിലിനെ നഷ്ടപരിഹാരത്തിനായി ജനങ്ങള്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ വ്യക്തമാക്കി. അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ മെത്രാഷ് വഴി രണ്ടു ദിവസത്തിനകം അപേക്ഷ നല്‍കണമെന്നും അതിനു ശേഷം ലഭിക്കുന്നവ പരിഗണിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

Trending