ബംഗളൂരു: താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് മുന്‍ അത്‌ലറ്റ് അഞ്ജുബോബി ജോര്‍ജ്. കായിക മേഖലയുടെ വളര്‍ച്ചയ്ക്കായുള്ള പദ്ധതികളാണ് ഇപ്പോള്‍ തന്റെ മുമ്പിലുള്ളത് എന്നും അത്‌ലറ്റിക് ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡണ്ടായ അഞ്ജു വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് അഞ്ജുവിനെ രാജ്യസഭാ എംപിയാക്കാന്‍ ബിജെപി ആലോചിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

പബ്ലിസിറ്റി ലക്ഷ്യമിട്ടാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത്. പലരും വിളിച്ചുപറഞ്ഞപ്പോഴാണ് ഇതേക്കുറിച്ച് അറിയുന്നത്. രാഷ്ട്രീയമല്ല ലക്ഷ്യം. കായികമേഖലയുടെ വളര്‍ച്ചക്കായുള്ള വിവിധ പദ്ധതികളാണ് ഇപ്പോള്‍ മനസ്സില്‍. അവ ഓരോന്നായി നടപ്പാക്കുന്ന തിരക്കിലാണ്

അഞ്ജു ബോബി ജോര്‍ജ്

ഡിസംബര്‍ 11നാണ് അഞ്ജു ജോലിയില്‍ നിന്ന് സ്വയം വിരമിച്ചിരുന്നത്. 22 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കല്‍. ബംഗളൂരുവില്‍ അഞ്ജു ബോബി സ്‌പോട്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമായി ഇടപെടുന്നുണ്ട്.