മുംബൈ: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംഘടിപ്പിക്കപ്പെട്ട നിശാപാര്‍ട്ടിയില്‍ പങ്കെടുത്തതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന അറസ്റ്റില്‍. താരത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ ഒരു ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ താരത്തെ അറസ്റ്റ് ചെയ്തത്.

മുംബൈ വിമാനത്താവളത്തിന് അടുത്തുള്ള ആഡംബര ക്ലബ്ബിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടക്കുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സംഘം റെയ്‌ന ഉള്‍പ്പെടെ 34 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഗായകന്‍ ഗുരു രണ്‍ധാവ, ബോളിവുഡ് താരം ഹൃതിക് റോഷന്റെ മുന്‍ ഭാര്യ സുസെയ്ന്‍ ഖാന്‍ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കു പുറമെ ക്ലബ്ബിലെ ഏഴു ജീവനക്കാരെയും പൊലീസ് പിടികൂടി.

ജനിതക മാറ്റം വന്ന കോവിഡിന്റെ വ്യാപന ഭീതിയില്‍ മുംബൈയില്‍ സര്‍ക്കാര്‍ രാത്രി നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു റെയ്ഡ്.