ശബരിമല: വൃശ്ചിക പുലരിയോടനുബന്ധിച്ച് ശബരിമലയില്‍ ഇന്ന് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ദിവസേന 70,000 തീര്‍ത്ഥാടകര്‍ക്ക് വിര്‍ച്വല്‍ ബുക്കിംഗ് വഴി ദര്‍ശന സൗകര്യം ലഭ്യമാക്കിയിരിക്കെ, ഡിസംബര്‍ 2 വരെ എല്ലാ സ്ലോട്ടുകളും പൂര്‍ണ്ണമായി ബുക്ക് ചെയ്തു കഴിഞ്ഞു.
ചെങ്ങന്നൂര്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം, പമ്പ, നിലക്കല്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുവഴി ദിവസവും 20,000 തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കും. ഇന്ന് രാവിലെ 7 മണി മുതല്‍ സത്രം വഴി പ്രവേശനം ആരംഭിച്ചു. പുലര്‍ച്ചെ 3 മുതല്‍ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മുതല്‍ രാത്രി 11 വരെയുമാണ് ദര്‍ശന സമയം.
അതേസമയം, ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ എസ്.ഐ.ടി സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും. ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുകയാണ്.
സ്വര്‍ണ്ണകൊള്ള കേസിലെ രേഖകള്‍ ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി.എസ്. ഡയസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുന്നത്. കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നത് സംബന്ധിച്ചാണ് ഇ.ഡിയുടെ നിലപാട്. നേരത്തെ റാന്നി മജിസ്‌ട്രേറ്റ് കോടതി രേഖകള്‍ നല്‍കുന്നതിനെതിരെ വിധി പറഞ്ഞിരുന്നു, ഇതിനെതിരെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.