Connect with us

india

‘ഇന്ത്യ-പാക് ആണവയുദ്ധം ഒഴിവാക്കിയത് ഞാന്‍’; 80-ാം തവണയും ക്രെഡിറ്റ് ആവര്‍ത്തിച്ച് ട്രംപ്

യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ സൈനിക ശക്തിയല്ലെന്നും മറിച്ച് സാമ്പത്തിക ഭീഷണിയാണ് ഉപയോഗിച്ചതെന്നും ട്രംപ് വെളിപ്പെടുത്തി.

Published

on

വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘര്‍ഷം ആണവയുദ്ധത്തിലേക്ക് നീങ്ങുന്നത് തടഞ്ഞത് താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ബിസിനസിന് നല്‍കിയ അഭിമുഖത്തിലാണ്, ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടിക്ക് പിന്നാലെയുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കാരണം തന്റെ നയതന്ത്ര ഇടപെടലാണെന്ന് ട്രംപ് അവകാശപ്പെട്ടത്. 2025 മേയ് 10-ന് ശേഷം ഇത് എണ്‍പതാം തവണയാണ് ട്രംപ് ഈ ക്രെഡിറ്റ് അവകാശപ്പെടുന്നത്.

യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ സൈനിക ശക്തിയല്ലെന്നും മറിച്ച് സാമ്പത്തിക ഭീഷണിയാണ് ഉപയോഗിച്ചതെന്നും ട്രംപ് വെളിപ്പെടുത്തി. ‘നിങ്ങള്‍ യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഭീമമായ നികുതി ചുമത്തുമെന്ന് ഞാന്‍ ഭീഷണിപ്പെടുത്തി. ഇത്തരത്തില്‍ എട്ട് യുദ്ധങ്ങള്‍ ഞാന്‍ അവസാനിപ്പിച്ചു, അതില്‍ ആറെണ്ണവും നികുതി ഭീഷണിയിലൂടെയാണ് സാധ്യമാക്കിയത്,’ ട്രംപ് പറഞ്ഞു.

ഇന്ത്യ-പാക് സംഘര്‍ഷം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നും ട്രംപ് നിരീക്ഷിച്ചു. ഇരുഭാഗത്തുനിന്നുമായി ഏകദേശം പത്ത് വിമാനങ്ങള്‍ വെടിവെച്ചിട്ടു. താന്‍ ഇടപെട്ടതിലൂടെ ഒരു കോടി ജീവനുകളാണ് രക്ഷപ്പെട്ടതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സ്പീക്കര്‍ക്കെതിരെ അവിശ്വാസം: മാര്‍ച്ച് ഒമ്പതിന് ചര്‍ച്ചയ്ക്ക് സാധ്യത

സഭാ നടപടികളില്‍ നിന്ന് ഓം ബിര്‍ള വിട്ടുനില്‍ക്കും

Published

on

ന്യൂഡല്‍ഹി: ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് മാര്‍ച്ച് ഒമ്പതിന് ചര്‍ച്ചയ്ക്ക്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 118 എം.പിമാര്‍ ഒപ്പിട്ട നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറലിന് ചൊവ്വാഴ്ച കൈമാറി. പ്രമേയത്തില്‍ അന്തിമ തീരുമാനമാകുന്നത് വരെ സഭാ നടപടികളില്‍ അധ്യക്ഷത വഹിക്കില്ലെന്ന് സ്പീക്കര്‍ അറിയിച്ചു.

കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്‍കിയത്. സഭാ നടപടികളില്‍ സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് സംസാരിക്കാന്‍ അനുമതി നല്‍കുന്നില്ലെന്നും ആരോപിച്ചാണ് നീക്കം.

സമാജ്വാദി പാര്‍ട്ടി, ഡി.എം.കെ, ഇടതുപക്ഷ കക്ഷികള്‍ തുടങ്ങിയ ‘ഇന്ത്യ’ മുന്നണി അംഗങ്ങള്‍ നോട്ടീസിനെ പിന്തുണച്ചു.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 94(സി) പ്രകാരമാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കുന്നത്. നിയമപ്രകാരം 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് ആവശ്യമായതിനാലാണ് ചര്‍ച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗമായ മാര്‍ച്ച് 9-ലേക്ക് മാറ്റുകയായിരുന്നു.

ചര്‍ച്ചാ വേളയില്‍ സ്പീക്കര്‍ക്ക് സഭ നിയന്ത്രിക്കാന്‍ കഴിയില്ല. സാധാരണ അംഗത്തെപ്പോലെ സഭയില്‍ ഇരിക്കുകയും ചര്‍ച്ചകളില്‍ ഭാഗമാവുകയും ചെയ്യാം. വോട്ടിംഗ് വേളയില്‍ സ്പീക്കര്‍ക്ക് വോട്ട് ചെയ്യാം, എന്നാല്‍ വോട്ടുകള്‍ തുല്യമായാല്‍ ഉപയോഗിക്കുന്ന ‘കാസ്റ്റിംഗ് വോട്ട്’ അധികാരം ഈ സമയത്ത് ഉണ്ടായിരിക്കില്ല.

Continue Reading

india

മുസ്‌ലിംകളെ എന്തിനിങ്ങനെ വേട്ടയാടുന്നു? ഹിമന്തയെ കടന്നാക്രമിച്ച് അര്‍ണബ് ഗോസ്വാമി

ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ച് ഹിമന്ത ബിശ്വ ശര്‍മ നടത്തുന്ന ‘മിയ മുസ്ലിം’ പ്രയോഗത്തെ അര്‍ണബ് ചോദ്യം ചെയ്തു.

Published

on

ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ റിപ്പബ്ലിക് ടിവിയിലെ പ്രൈം ടൈം ചര്‍ച്ചയില്‍ കടന്നാക്രമിച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. സംസ്ഥാനത്തെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ചും ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുമുള്ള അര്‍ണബിന്റെ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഹിമന്ത പലപ്പോഴും ഉത്തരം മുട്ടുന്ന അവസ്ഥയാണുണ്ടായത്.

ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ച് ഹിമന്ത ബിശ്വ ശര്‍മ നടത്തുന്ന ‘മിയ മുസ്ലിം’ പ്രയോഗത്തെ അര്‍ണബ് ചോദ്യം ചെയ്തു. ഇത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് അര്‍ണബ് ആരോപിച്ചു. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നതെന്നായിരുന്നു ഹിമന്തയുടെ മറുപടി.

‘അസമിലെ ഹിന്ദുക്കളുടെ ഏക രക്ഷകന്‍ താങ്കളാണോ?’ എന്ന് അര്‍ണബ് ചോദിച്ചു. താന്‍ ജയിച്ചില്ലെങ്കില്‍ അസമിലെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്ന ഹിമന്തയുടെ മുന്‍ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയായിരുന്നു അര്‍ണബിന്റെ ചോദ്യം.

അസമില്‍ ഏറെ വിവാദമായ പോലീസ് വെടിവയ്പ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതും ചര്‍ച്ചയില്‍ ഉയര്‍ന്നു.

Continue Reading

india

മോദിയുടെയും ട്രംപിന്റെയും കോലം കത്തിക്കും; ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ കര്‍ഷകര്‍

അമേരിക്കയില്‍ നിന്നുള്ള സബ്‌സിഡി ലഭിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത് പ്രാദേശിക കര്‍ഷകരുടെ ഉപജീവനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ഭാരതീയ കിസാന്‍ യൂണിയന്‍ (BKU). കരാറില്‍ പ്രതിഷേധിച്ച് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും കോലം കത്തിക്കുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ കര്‍ഷകരുടെ വിശ്വാസം നഷ്ടപ്പെട്ടെന്നും അമേരിക്കയുമായും യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാറുകള്‍ ഇന്ത്യന്‍ കര്‍ഷകരെ തകര്‍ക്കുമെന്നും ടിക്കായത്ത് ആരോപിച്ചു. അമേരിക്കയില്‍ നിന്നുള്ള സബ്‌സിഡി ലഭിച്ച കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത് പ്രാദേശിക കര്‍ഷകരുടെ ഉപജീവനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സോയാബീന്‍ ഓയില്‍, പഴങ്ങള്‍, കാലിത്തീറ്റ എന്നിവയുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരാറിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്നും കര്‍ഷക സംഘടനകളുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ടിക്കായത്ത് ആരോപിച്ചു.

വ്യാപാര കരാറിന് പുറമെ, വിത്ത് ബില്ലും, വൈദ്യുതി ഭേദഗതി ബില്ലും കര്‍ഷകവിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. ഫെബ്രുവരി 12-ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള രാജ്യവ്യാപക പൊതുപണിമുടക്കിന് കര്‍ഷകര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും കരാറില്‍ നിന്ന് നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ ഇന്ത്യ ഈ കരാറുകളില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറണമെന്നുമാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്.

 

Continue Reading

Trending