ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെ റിപ്പബ്ലിക് ടിവിയിലെ പ്രൈം ടൈം ചര്‍ച്ചയില്‍ കടന്നാക്രമിച്ച് മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. സംസ്ഥാനത്തെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ചും ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ചുമുള്ള അര്‍ണബിന്റെ മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഹിമന്ത പലപ്പോഴും ഉത്തരം മുട്ടുന്ന അവസ്ഥയാണുണ്ടായത്.
ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ലക്ഷ്യം വെച്ച് ഹിമന്ത ബിശ്വ ശര്‍മ നടത്തുന്ന ‘മിയ മുസ്ലിം’ പ്രയോഗത്തെ അര്‍ണബ് ചോദ്യം ചെയ്തു. ഇത് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് അര്‍ണബ് ആരോപിച്ചു. എന്നാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ സൂചിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നതെന്നായിരുന്നു ഹിമന്തയുടെ മറുപടി.
‘അസമിലെ ഹിന്ദുക്കളുടെ ഏക രക്ഷകന്‍ താങ്കളാണോ?’ എന്ന് അര്‍ണബ് ചോദിച്ചു. താന്‍ ജയിച്ചില്ലെങ്കില്‍ അസമിലെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുമെന്ന ഹിമന്തയുടെ മുന്‍ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയായിരുന്നു അര്‍ണബിന്റെ ചോദ്യം.
അസമില്‍ ഏറെ വിവാദമായ പോലീസ് വെടിവയ്പ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതും ചര്‍ച്ചയില്‍ ഉയര്‍ന്നു.