കൊച്ചി: ഇന്ത്യൻ സിനിമയിൽ പതിറ്റാണ്ടുകളായി നിർണായക സ്വാധീനം ചെലുത്തിയ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിൽ അദ്ദേഹം നന്ദി അറിയിച്ചു. റിപ്പബ്ലിക് ദിന ആശംസകളോടൊപ്പം രാജ്യത്തിനോടും ജനങ്ങളോടും സർക്കാരിനോടുമുള്ള ഹൃദയം നിറഞ്ഞ നന്ദിയാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ രേഖപ്പെടുത്തിയത്.“മാതൃരാജ്യത്തിനു നന്ദി… ‘പത്മഭൂഷൺ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ,” എന്നാണ് മമ്മൂട്ടി കുറിച്ചത്.
മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങിയ ദിവസമാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ ബഹുമതിയും പ്രഖ്യാപിക്കപ്പെട്ടത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനാണ് മമ്മൂട്ടിക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഇത് മമ്മൂട്ടിയുടെ ഏഴാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണ്.
ഈ വർഷം മമ്മൂട്ടി ഉൾപ്പെടെ എട്ട് മലയാളികൾക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് സാമൂഹിക–രാഷ്ട്രീയ രംഗത്തെ സംഭാവനകൾ പരിഗണിച്ച് മരണാനന്തരമായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. റിട്ട. ജസ്റ്റിസ് കെ. ടി. തോമസിനും, ജന്മഭൂമി മുൻ മുഖ്യപത്രാധിപർ പി. നാരായണനും പത്മവിഭൂഷൺ ലഭിച്ചു. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു. അതേസമയം, എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കൽ ദേവകി അമ്മ എന്നിവർക്ക് പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചു.