News

ടി20 ലോകകപ്പിനുള്ള പാക് ടീം പ്രഖ്യാപിച്ചു; ബാബര്‍ അസം ഉള്‍പ്പെട്ടു, റിസ്വാനും ഹാരിസ് റൗഫും പുറത്ത്

By sreenitha

January 25, 2026

ഇസ്ലാമാബാദ്: ഫെബ്രുവരി ഏഴു മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമിനെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു. സല്‍മാന്‍ അലി ആഗ നയിക്കുന്ന 15 അംഗ സംഘത്തില്‍ മുന്‍ നായകന്‍ ബാബര്‍ അസം ഇടംപിടിച്ചു. അതേസമയം, പേസര്‍ ഹാരിസ് റൗഫിനെയും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനെയും ടീമില്‍ നിന്ന് ഒഴിവാക്കി.

ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്ന സാഹചര്യത്തിലാണ് സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഐസിസി നിര്‍ദേശിച്ച അന്തിമ സ്‌ക്വാഡ് സമര്‍പ്പണത്തിനുള്ള സമയപരിധി ഈ മാസം 30നാണ്.

കഴിഞ്ഞ ഏഷ്യാകപ്പ് ടി20യില്‍ മോശം പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ഹാരിസ് റൗഫ് കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. അതേസമയം, ഓസ്‌ട്രേലിയയില്‍ നടന്ന ബിഗ്ബാഷ് ലീഗില്‍ സിഡ്‌നി സിക്സേഴ്‌സിനായി കളിച്ച ബാബര്‍ അസത്തിനും ശ്രദ്ധേയ പ്രകടനം നടത്താനായില്ല. 11 ഇന്നിങ്സുകളില്‍ നിന്നായി 202 റണ്‍സ് മാത്രമാണ് മുന്‍ പാക് നായകന്‍ നേടിയത്. എന്നിരുന്നാലും, പരിചയസമ്പത്തും വലിയ മത്സരങ്ങളിലെ പ്രകടനവും കണക്കിലെടുത്താണ് ബാബറിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന.

ഇന്ത്യന്‍ പിച്ചുകള്‍ സ്പിന്‍ ബോളിങ്ങിന് അനുകൂലമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരിഖ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഷഹീന്‍ ഷാ അഫ്രീദിയാണ് പാക് പേസ് ആക്രമണത്തെ നയിക്കുക. നസീം ഷായും പേസ് നിരയിലെ പ്രധാന കരുത്താകും.

നെതര്‍ലാന്‍ഡ്‌സിനെതിരെയാണ് ടി20 ലോകകപ്പില്‍ പാകിസ്താന്റെ ആദ്യ മത്സരം. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യപാകിസ്താന്‍ പോരാട്ടം ഫെബ്രുവരി 15ന് നടക്കും.

പാകിസ്താന്‍ ടീം: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), ബാബര്‍ അസം, ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍, സാഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയൂബ്, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, ഉസ്മാന്‍ ഖാന്‍, ഉസ്മാന്‍ താരിഖ്