News
ട്വന്റി-ട്വന്റി ലോകകപ്പ്: ബഹിഷ്കരണ ഭീഷണിയുമായി പാകിസ്താൻ
ടൂർണമെന്റിൽ പങ്കെടുക്കണമോയെന്ന കാര്യം പാക് സർക്കാർ തീരുമാനിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അധ്യക്ഷൻ മൊഹ്സിൻ നഖ്വി വ്യക്തമാക്കി.
ട്വന്റി-ട്വന്റി ലോകകപ്പിൽ നിന്ന് പിന്മാറാനുള്ള ഭീഷണിയുമായി പാകിസ്താൻ. ടൂർണമെന്റിൽ പങ്കെടുക്കണമോയെന്ന കാര്യം പാക് സർക്കാർ തീരുമാനിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അധ്യക്ഷൻ മൊഹ്സിൻ നഖ്വി വ്യക്തമാക്കി. ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കിയ ഐസിസി തീരുമാനത്തിലാണ് പിസിബിക്ക് കടുത്ത അതൃപ്തിയെന്നാണ് സൂചന.
ഇന്ത്യയിൽ കളിക്കില്ലെന്ന നിലപാട് ബംഗ്ലാദേശ് ആവർത്തിച്ചതിനെ തുടർന്ന്, ബംഗ്ലാദേശിനെ ഒഴിവാക്കി സ്കോട്ട്ലൻഡിനെ പകരം ഉൾപ്പെടുത്താൻ ഐസിസി തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെയാണ് പാകിസ്താന്റെ തുറന്ന എതിർപ്പ്.
2025ലെ ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യൻ ടീമിന് കൈമാറാതെ ഇപ്പോഴും കൈവശം വെച്ചിരിക്കുന്ന നഖ്വി, ടി20 ലോകകപ്പിൽ നിന്ന് പിന്മാറുമെന്ന ഭീഷണി ബംഗ്ലാദേശിന് പിന്തുണ നൽകികൊണ്ടുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.
“ബംഗ്ലാദേശിനോട് അന്യായമായാണ് പെരുമാറിയത്. ഐസിസിയുടെ ബോർഡ് യോഗത്തിലും ഞാൻ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഒരു രാജ്യത്തിന് ഒരു നിലപാടും മറ്റൊരു രാജ്യത്തിന് വിപരീതമായ നിലപാടും സ്വീകരിക്കുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല,” എന്നാണ് നഖ്വിയുടെ പ്രതികരണം.
ബംഗ്ലാദേശിനെ ലോകകപ്പ് കളിക്കാൻ അനുവദിക്കണമെന്നും അനീതി കാട്ടരുതെന്നും നഖ്വി ആവശ്യപ്പെട്ടു. പാകിസ്താൻ ലോകകപ്പ് ബഹിഷ്കരിച്ചാൽ, പകരം റാങ്കിംഗിൽ 21-ാം സ്ഥാനത്തുള്ള ഉഗാണ്ടയെ ഉൾപ്പെടുത്താനുള്ള സാധ്യതയും ഐസിസി പരിഗണിക്കുന്നുണ്ട്.
ഇന്ത്യയിൽ കളിക്കാൻ കഴിയില്ലെന്ന നിലപാട് ബംഗ്ലാദേശ് ആവർത്തിച്ചതോടെയാണ് ഐസിസി അവരെ ടി20 ലോകകപ്പിൽ നിന്ന് പുറത്താക്കിയത്. ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡ് കളിക്കും. ഇതോടെ ബംഗ്ലാദേശ് ക്രിക്കറ്റിന് കോടികളുടെ വരുമാനനഷ്ടമാണ് നേരിടേണ്ടി വരുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ വാർഷിക വരുമാനത്തിൽ ഏകദേശം 60 ശതമാനം വരെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
kerala
വയനാട് ജനവാസമേഖലയിൽ പുലിയിറങ്ങി; മൂന്ന് സ്ഥലങ്ങളിൽ സാന്നിധ്യം സ്ഥിരീകരിച്ചു
മേപ്പാടി കുന്നംപറ്റ, ബത്തേരി ചീരാൽ, പൊഴുതന അച്ചൂർ എന്നിവിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
വയനാട്: വയനാട് ജില്ലയിലെ ജനവാസമേഖലകളിൽ മൂന്നിടങ്ങളിൽ പുലിയെ കണ്ടതായി റിപ്പോർട്ട്. മേപ്പാടി കുന്നംപറ്റ, ബത്തേരി ചീരാൽ, പൊഴുതന അച്ചൂർ എന്നിവിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് പ്രദേശങ്ങളിൽ വ്യാപക പരിശോധന ആരംഭിച്ചു.
മേപ്പാടി കുന്നംപറ്റയിൽ ഇന്നലെ എട്ടാം നമ്പറിൽ രവീന്ദ്രന്റെ വീട്ടിലെ വളർത്തുനായയെ പുലി കൊന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാത്രിയും പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതോടെയാണ് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയത്.
അതേസമയം, ബത്തേരി ചീരാലിലും നീണ്ട ഇടവേളയ്ക്ക് ശേഷം പുലിയെ കണ്ടതായി റിപ്പോർട്ട് ലഭിച്ചതോടെ വനംവകുപ്പ് അവിടെയും കർശന നിരീക്ഷണം തുടരുകയാണ്. പൊഴുതന അച്ചൂരിലും പുലിയുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വരികയാണ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച വനംവകുപ്പ്, രാത്രികാലങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി.
india
രാജസ്ഥാനില്‍ അസ്വസ്ഥ മേഖല പ്രഖ്യാപനം; പുതിയ നിയമവുമായി സര്‍ക്കാര്‍
സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്കിയ ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി ജോഗാറാം പട്ടേല്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിലവിലുള്ള മാതൃകയില്‍ ചില പ്രദേശങ്ങളെ ‘അസ്വസ്ഥ മേഖല’കളായി പ്രഖ്യാപിച്ച് സ്ഥാവര സ്വത്തുക്കളുടെ കൈമാറ്റം നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരാന്‍ രാജസ്ഥാന് സര്‍ക്കാര്‍. സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്കിയ ബില്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് നിയമമന്ത്രി ജോഗാറാം പട്ടേല്‍ അറിയിച്ചു.
ജനസംഖ്യാ ആനുപാതികമല്ലാത്ത രീതിയില്‍ കൂട്ടംകൂടിയുള്ള ജനവാസവും ആവര്‍ത്തിച്ചുണ്ടാകുന്ന സംഘര്‍ഷങ്ങളും മൂലം അസ്വസ്ഥമാകുന്ന പ്രദേശങ്ങളെ ‘അസ്വസ്ഥബാധിത’ മേഖലകളായി പ്രഖ്യാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ചില മേഖലകളില്‍ പ്രത്യേക സമുദായങ്ങളുടെ ജനസംഖ്യ അതിവേഗം വര്‍ധിക്കുന്നത് ജനസംഖ്യാപരമായ അസന്തുലനത്തിനും സ്ഥിരതാമസക്കാര്‍ക്ക് അസ്വസ്ഥതയും സൃഷ്ടിക്കുന്നുവെന്നും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ബില്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമം നിലവില്‍ വന്നാല്‍ ‘അസ്വസ്ഥ മേഖല’കളില്‍ ബന്ധപ്പെട്ട അധികാരികളുടെ മുന്‍കൂര്‍ അനുമതിയില്ലാതെ നടക്കുന്ന സ്ഥാവര സ്വത്ത് കൈമാറ്റങ്ങള്‍ക്ക് നിയമസാധുത ഉണ്ടാകില്ല. നിയമലംഘനം ജാമ്യമില്ലാത്ത കുറ്റകൃത്യമായി കണക്കാക്കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന ബില്ലിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തു. സംസ്ഥാനത്തെ ”വര്‍ഗീയ പരീക്ഷണശാല”യാക്കാനുള്ള ശ്രമമാണിതെന്ന് മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചു. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും പാരമ്പര്യത്തിന് പേരുകേട്ട രാജസ്ഥാനെ ‘അസ്വസ്ഥ’മെന്ന് മുദ്രകുത്തുന്നത് ലജ്ജാകരമാണെന്നും നൂറ്റാണ്ടുകളായി ഒരുമിച്ചു ജീവിക്കുന്ന സമൂഹങ്ങളെ നിയമം വിഭജിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ബി.ജെ.പിയുടെ ”ഗുണ്ടായിസത്തിന് നിയമസാധുത” നല്കുന്ന നീക്കമാണിതെന്നും രാജസ്ഥാന് പോലുള്ള സമാധാനപരമായ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്തുമെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊടാസ്ര വിമര്‍ശിച്ചു.
News
അണ്ടർ 19 ലോകകപ്പ്: ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ; ഗ്രൂപ്പ് ജേതാക്കളായി സൂപ്പർ സിക്സിലേക്ക്
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ 135 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കി.
ബുലവായോ: ഐസിസി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിനെ 135 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കി. മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ 14 ഓവറിൽ 130 റൺസെന്ന വെട്ടിച്ചുരുക്കിയ ലക്ഷ്യം ഇന്ത്യ അനായാസം പിന്തുടർന്നു.
ബുലവായോയിലെ ക്യൂൻസ് സ്പോർട്സ് സെന്ററിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ടു. മിഡിൽ ഓർഡറിലെ താരങ്ങൾ കുറച്ച് പ്രതിരോധം കാട്ടിയെങ്കിലും ടീം 135 റൺസിൽ ഒതുങ്ങുകയായിരുന്നു. നാല് വിക്കറ്റുകൾ നേടിയ ആർ.എസ്. അംബരീഷിന്റെ മിന്നും ബൗളിംഗാണ് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകിയത്. ഹെനിൽ പട്ടേൽ മൂന്ന് വിക്കറ്റുകൾ നേടി. മുഹമ്മദ് ഇനാൻ, ഖിലാൻ പട്ടേൽ, കനിഷ്ക് ചൗഹാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 28 റൺസ് നേടിയ സെൽവിൻ ജിം സഞ്ജയാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ.
ലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യയ്ക്ക് വൈഭവ് സുര്യവൻശിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രേയുടെയും ബാറ്റിങ് മികവാണ് കരുത്തായത്. വൈഭവ് 23 പന്തിൽ 40 റൺസും ആയുഷ് മാത്രേ 27 പന്തിൽ 53 റൺസും നേടി. ഒമ്പതാം ഓവറിൽ വൈഭവും പത്താം ഓവറിൽ ആയുഷ് മാത്രേയും പുറത്തായെങ്കിലും വിഹാർ മൽഹോത്രയും വേദാന്ത ത്രിവേദിയും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
നാല് വിക്കറ്റുകളുമായി തിളങ്ങിയ അംബരീഷാണ് മത്സരത്തിലെ താരമായത്. മലയാളി താരങ്ങളായ ആരോൺ ജോർജും മുഹമ്മദ് ഇനാനും ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു.
സമ്പൂർണ ജയവുമായി ഗ്രൂപ്പ് ജേതാക്കളായ ഇന്ത്യ സൂപ്പർ സിക്സിലേക്ക് മുന്നേറി. സൂപ്പർ സിക്സിൽ സിംബാബ്വെയും പാകിസ്താനും ഇന്ത്യയുടെ എതിരാളികളായിരിക്കും. ജനുവരി 27നും ഫെബ്രുവരി ഒന്നിനുമാണ് മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
-
Cricket2 days agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala2 days ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News2 days agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
-
kerala2 days ago‘വി.ഡി സതീശന് നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കും’: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
-
Cricket2 days agoരഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍
-
kerala2 days agoകിളിമാനൂരില്‍ ദമ്പതികളുടെ അപകട മരണം; കേസില്‍ ആദ്യ അറസ്റ്റ്
-
Culture2 days agoമൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നു
-
kerala2 days agoഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; കെ സുരേന്ദ്രന് കുറ്റവിമുക്തന്‍
